08:28am 19 April 2026
NEWS
യുക്രൈനിൽ വ്യോമാക്രമണം വീണ്ടും ശക്തമാക്കി റഷ്യ
14/11/2025  03:13 PM IST
nila
യുക്രൈനിൽ വ്യോമാക്രമണം വീണ്ടും ശക്തമാക്കി റഷ്യ

കീവ്: യുക്രൈനിൽ വ്യോമാക്രമണം വീണ്ടും ശക്തമാക്കി റഷ്യ. യുക്രൈൻ തലസ്ഥാനമായ കീവിൽ വെള്ളിയാഴ്ച്ച പുലർച്ചെ ശക്തമായ ആക്രമണമാണ് റഷ്യ നടത്തിയത്. കീവ് നഗരത്തിന്റെ പല ഭാഗങ്ങളിലും സ്ഫോടനങ്ങളുണ്ടായി എന്നാണ് റിപ്പോർട്ട്. എട്ടോളം ജില്ലകളിൽ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി മേയർ വിറ്റാലി ക്ലിറ്റ്ഷ്‌കോ സ്ഥിരീകരിച്ചു.  നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര മെഡിക്കൽ സംഘങ്ങളെ നഗരത്തിലുടനീളം വിന്യസിച്ചിരിക്കുകയാണെന്നും മേയർ അറിയിച്ചു.

 കുറഞ്ഞത് 11 പേർക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു ഗർഭിണിയെയും അതീവ ഗുരുതരാവസ്ഥയിലുള്ള ഒരു പുരുഷനെയും ഉൾപ്പെടെ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

റഷ്യൻ സൈന്യം ഈ ആക്രമണത്തിൽ ജനവാസ കേന്ദ്രങ്ങളെ തന്നെയാണ് പ്രധാനമായും ലക്ഷ്യമിട്ടതെന്ന് കീവ് സൈനിക ഭരണകൂടത്തിന്റെ തലവൻ ടൈമൂർ ടക്കാച്ചെങ്കോ വ്യക്തമാക്കി. നിരവധി ഉയർന്ന നില കെട്ടിടങ്ങൾക്കും താമസ മേഖലകൾക്കും ഗുരുതര നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

2022-ൽ റഷ്യ അധിനിവേശം ആരംഭിച്ചതിനുശേഷം, ഊർജ്ജ നിലയങ്ങൾ, റെയിൽവേ ശൃംഖലകൾ, പ്രധാന ജനവാസ കേന്ദ്രങ്ങൾ എന്നിവയിൽ റഷ്യ ആവർത്തിച്ചാക്രമണം നടത്തിവരുന്നു. വെള്ളിയാഴ്ചത്തെ ആക്രമണത്തിൽ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചതായി കീവ് റീജിയണൽ മിലിട്ടറി അഡ്മിനിസ്‌ട്രേഷൻ മേധാവി മൈക്കോള കലാഷ്‌നിക് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img