
ലണ്ടൻ: ബ്രിട്ടിഷ് മന്ത്രി ട്യൂലിപ് സിദ്ദിഖ് രാജിവച്ചു. ബ്രിട്ടനിലെ ട്രഷറി, അഴിമതിവിരുദ്ധ മന്ത്രിയാണ് ട്യൂലിപ് സിദ്ദിഖ്. ബംഗ്ലദേശിലെ ആണവകരാർ അഴിമതിയന്വേഷണത്തിൽ ഉൾപ്പെട്ടതിന് പിന്നാലെയാണ് ട്യൂലിപ് സിദ്ദിഖ് രാജിവച്ചത്. ബംഗ്ലദേശിൽ അധികാരത്തിൽനിന്നു പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അനിയത്തിയുടെ മകളാണ് ട്യൂലിപ്.
ഹസീനയുടെ ഇളയസഹോദരി രഹാനയുടെ മകളാണ് ട്യൂലിപ്. ബംഗ്ലദേശിലെ 1265 കോടി ഡോളറിന്റെ ആണവകരാർ അഴിമതിയിൽ ഹസീനയ്ക്കൊപ്പം 42കാരിയായ ട്യൂലിപിന്റെ പേരും ചേർക്കപ്പെട്ടിരുന്നു. അഴിമതിപ്പണം ഹസീനയും കുടുംബാംഗങ്ങളും വിദേശത്തേക്കു കടത്തിയെന്നാണ് ആരോപണം. ലണ്ടനിലെ കിങ്സ് ക്രോസിലുള്ള ഫ്ലാറ്റ് ഹസീനയുടെ വിശ്വസ്തർ ട്യൂലിപ്പിനു സമ്മാനിച്ചതാണെന്ന വിവാദവും കത്തിനിൽക്കുന്നു. വിവാദം മൂലമുള്ള അനാവശ്യ ശ്രദ്ധ ഒഴിവാക്കാനാണു പദവിയൊഴിയുന്നതെന്ന് ട്യൂലിപ് രാജിക്കത്തിൽ വിശദീകരിച്ചു.
പുതിയ ട്രഷറി മന്ത്രിയായി എമ്മ റെനോൾഡ്സിനെ പ്രധാനമന്ത്രി കിയേർ സ്റ്റാമെർ നിയമിച്ചു. ലേബർ സർക്കാരിന്റെ ജനപ്രീതി ഇടിയുന്നതിനിടെയാണ് രാജി.











