
ലണ്ടൻ: ബ്രിട്ടനിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് യുകെയിലെ വ്യോമഗതാഗതം വ്യാപകമായി തടസ്സപ്പെട്ടു. ചൊവ്വാഴ്ച മാത്രം 600ലേറെ വിമാന സർവീസുകൾ റദ്ദാക്കിയതായി വിമാന സർവീസുകളുടെ വിവരങ്ങൾ നിരീക്ഷിക്കുന്ന ഫ്‌ളൈറ്റ് റഡാർ 24 റിപ്പോർട്ട് ചെയ്തു.
യുകെയിലുടനീളമുള്ള വിമാന സർവീസുകളെ ബാധിച്ച പ്രശ്നം ഫ്‌ളൈറ്റ് പ്രോസസിങ് സംവിധാനത്തിലായിരുന്നു സംഭവിച്ചതെന്ന് നാഷണൽ എയർ ട്രാഫിക് സർവീസസ് അറിയിച്ചു. തകരാർ പരിഹരിച്ചെന്നും വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് മടങ്ങിവരികയാണെന്നും അധികൃതർ പിന്നീട് വ്യക്തമാക്കി. എന്നാൽ സാങ്കേതിക പ്രശ്നത്തിന് കാരണമായത് എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ലണ്ടനിലെ ഹീത്രൂ, സ്റ്റാൻസ്റ്റെഡ്, ലണ്ടൻ സിറ്റി വിമാനത്താവളങ്ങൾക്കു പുറമേ മാഞ്ചസ്റ്റർ, ബർമിങ്ഹാം, സ്കോട്ട്‌ലൻഡിലെ വിവിധ വിമാനത്താവളങ്ങളിലും തകരാറിന്റെ പ്രത്യാഘാതമുണ്ടായി. നിരവധി സർവീസുകൾ റദ്ദാക്കുകയോ മണിക്കൂറുകളോളം വൈകുകയോ ചെയ്തു.
ബ്രിട്ടീഷ് എയർവേയ്സ്, ഈസിജെറ്റ്, കെഎൽഎം, ലുഫ്താൻസ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളുടെ സർവീസുകളെയും തകരാർ ബാധിച്ചു. ചില വിമാനങ്ങൾക്ക് സർവീസ് നടത്താൻ കഴിയാതെ വന്നതായും യൂറോപ്പിലുടനീളം സർവീസുകൾ വൈകിയതായും ഈസിജെറ്റ് അറിയിച്ചു. ഹീത്രൂവിൽനിന്നുള്ള നിരവധി ഹ്രസ്വദൂര യൂറോപ്യൻ സർവീസുകളാണ് പ്രത്യേകിച്ച് പ്രതിസന്ധിയിലായത്.
സർവീസുകൾ റദ്ദാക്കുകയും വൈകുകയും ചെയ്തതോടെ ആയിരക്കണക്കിന് യാത്രക്കാർ ദുരിതത്തിലായി. വിമാനങ്ങൾ റൺവേയിൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവന്നതായും വിമാനത്തിനുള്ളിൽ തന്നെ കുടുങ്ങിക്കിടക്കേണ്ട സാഹചര്യമുണ്ടായതായും നിരവധി യാത്രക്കാർ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. വിമാനക്കമ്പനികളിൽനിന്ന് കൃത്യമായ വിവരങ്ങൾ ലഭിക്കാത്തതായും ചില യാത്രക്കാർ പരാതിപ്പെട്ടു.
വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുൻപ് യാത്രക്കാർ തങ്ങളുടെ വിമാന സർവീസിന്റെ നിലവിലെ സ്ഥിതിഗതികൾ ബന്ധപ്പെട്ട എയർലൈനുമായി സ്ഥിരീകരിക്കണമെന്ന് വിമാനത്താവള അധികൃതർ നിർദേശിച്ചിട്ടുണ്ട്. സാങ്കേതിക തകരാറിന്റെ ആഘാതം പൂർണമായി മാറാൻ കൂടുതൽ സമയം വേണ്ടിവന്നേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.










