
ന്യൂഡൽഹി: പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ഗുണഭോക്താക്കൾക്ക് സബ്‌സിഡിയോടെ ലഭിക്കുന്ന പാചകവാതക സിലിണ്ടറുകളുടെ വാർഷിക എണ്ണം ഒൻപതിൽ നിന്ന് നാലായി കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില 29 രൂപ വർധിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നടപടി.
2016-ൽ ആരംഭിച്ച ഉജ്ജ്വല പദ്ധതിയുടെ തുടക്കത്തിൽ ഗുണഭോക്താക്കൾക്ക് ഒരു വർഷം 12 സബ്‌സിഡി സിലിണ്ടറുകൾ ലഭിച്ചിരുന്നു. പിന്നീട് ഇത് ഒൻപതായി ചുരുക്കിയിരുന്നു. ഇപ്പോൾ അത് വീണ്ടും കുറച്ച് നാലാക്കി നിശ്ചയിച്ചിരിക്കുകയാണ്. ഒരു സിലിണ്ടറിന് 300 രൂപ സബ്‌സിഡിയാണ് സർക്കാർ നൽകുന്നത്. രാജ്യത്തെ 10.5 കോടി ദരിദ്ര കുടുംബങ്ങൾ പദ്ധതിയുടെ ഭാഗമാണെന്നാണ് കേന്ദ്ര സർക്കാരിന്റെ കണക്ക്.
ഉജ്ജ്വല ഗുണഭോക്താക്കളുടെ ശരാശരി വാർഷിക എൽപിജി ഉപയോഗം പരിഗണിച്ചാണ് പുതിയ ക്വാട്ട നിശ്ചയിച്ചതെന്ന് പെട്രോളിയം മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി പ്രവീൺ എം. ഖനൂജ അറിയിച്ചു. അന്താരാഷ്ട്ര വിപണിയിലെ വിലവർധനയെ തുടർന്ന് 14.2 കിലോഗ്രാം എൽപിജി സിലിണ്ടർ വിതരണം ചെയ്യുമ്പോൾ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ഏകദേശം 700 രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പെട്രോളിന് ലിറ്ററിന് 6 രൂപയും ഡീസലിന് 30 രൂപയും നഷ്ടം നേരിടുന്നുണ്ടെന്നും ഖനൂജ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.










