08:40pm 29 September 2026
NEWS
റോഡിന് വീതി കൂട്ടാനായി മസ്ജിദ് പൊളിക്കാൻ നീക്കം: പ്രതിഷേധത്തിന് പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥ
28/09/2026  11:56 AM IST
nila
റോഡിന് വീതി കൂട്ടാനായി മസ്ജിദ് പൊളിക്കാൻ നീക്കം: പ്രതിഷേധത്തിന് പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥ

ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയ്നിൽ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ചുനീക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ സംഘർഷാവസ്ഥ. റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി മസ്ജിദിന്റെ ഭാഗം പൊളിക്കാനെത്തിയ അധികൃതർക്കെതിരെ ജനക്കൂട്ടം രംഗത്തെത്തുകയായിരുന്നു. തുടർന്ന് പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി.

സംഘർഷത്തെ തുടർന്ന് പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചു. മസ്ജിദ് സമുച്ചയത്തിന് ചുറ്റുമുള്ള സുരക്ഷ ശക്തമാക്കിയതോടൊപ്പം സമീപ റോഡുകളിലും ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗതവും പ്രവേശനവും നിയന്ത്രിച്ചു. പൊളിച്ചുനീക്കൽ നടപടികൾ തത്കാലത്തേക്ക് നിർത്തിവെച്ചിട്ടുണ്ട്.

2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ഉജ്ജയ്നിൽ റോഡ് വികസന പ്രവർത്തനങ്ങൾ നടത്തുന്നത്. റോഡിന്റെ വീതി 15 മീറ്ററായി വർധിപ്പിക്കാനാണ് ഉജ്ജയ്ൻ മുൻസിപ്പൽ കോർപറേഷന്റെ പദ്ധതി. ഇതിന്റെ ഭാഗമായാണ് ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പൊളിക്കാനുള്ള നീക്കം.

മസ്ജിദിലെ പ്രാർഥനാഹാളിന്റെ ഭാഗവും ഏകദേശം 120 അടി ഉയരമുള്ള മിനാരവും ഉൾപ്പെടുന്ന ഭാഗമാണ് പൊളിച്ചുനീക്കാൻ ഉദ്ദേശിക്കുന്നത്. നടപടിക്കെതിരെ പ്രതിഷേധം ഉയർന്നതോടെ സ്ഥലത്ത് സംഘർഷാവസ്ഥ രൂക്ഷമാവുകയായിരുന്നു.

തിരിച്ചറിയാൻ കഴിയാത്ത ചിലർ കല്ലേറ് നടത്തിയതോടെയാണ് സ്ഥിതിഗതികൾ വഷളായതെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. റാപിഡ് ആക്ഷൻ ഫോഴ്സിനെയും (ആർഎഎഫ്) പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

മസ്ജിദിന്റെ 500 മീറ്റർ ചുറ്റളവിലുള്ള റോഡുകളിൽ പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്തേക്കുള്ള പ്രവേശനത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ സ്ഥിതിഗതികൾ പോലീസ് നിരീക്ഷണത്തിലാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img