
ന്യൂഡൽഹി: യുജിസി നെറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ പിഴവുകളെ തുടർന്ന് മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താൻ ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) തീരുമാനിച്ചു. ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളിലാണ് വീണ്ടും പരീക്ഷ നടത്തുന്നത്. സെപ്റ്റംബർ 9, 10 തീയതികളിലായിരിക്കും പരീക്ഷ.
സെപ്റ്റംബർ 9ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ ഇംഗ്ലീഷ് പരീക്ഷയും വൈകിട്ട് 3 മുതൽ 6 വരെ കൊമേഴ്സ് പരീക്ഷയും നടക്കും. സെപ്റ്റംബർ 10ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് സോഷ്യോളജി പരീക്ഷ.
പരീക്ഷയെക്കുറിച്ച് ഉദ്യോഗാർഥികളിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് എൻടിഎ പുനഃപരീക്ഷയ്ക്ക് തീരുമാനിച്ചത്. ഉത്തരസൂചിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ ചോദ്യപേപ്പറുകളിലെ പിഴവുകൾ ചൂണ്ടിക്കാട്ടി വിദ്യാർഥികൾ വ്യാപകമായി പ്രതിഷേധിച്ചിരുന്നു.
പരാതികൾ പരിശോധിക്കാൻ എൻടിഎ നിയോഗിച്ച പ്രത്യേക ആഭ്യന്തര സമിതി നടത്തിയ അന്വേഷണത്തിലാണ് ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് മൂന്ന് വിഷയങ്ങളിൽ വീണ്ടും പരീക്ഷ നടത്തണമെന്ന് സമിതി ശുപാർശ ചെയ്തു.
ചോദ്യപേപ്പറുകളിൽ വസ്തുതാപരമായ പിഴവുകൾ, ടൈപ്പിംഗ് തെറ്റുകൾ, പരിഭാഷയിലെ അപാകതകൾ എന്നിവ കണ്ടെത്തിയിരുന്നു. ചോദ്യങ്ങളുടെ വാചകരചനയിലും വ്യാകരണത്തിലും പിഴവുകൾ ഉണ്ടായിരുന്നതായി പരിശോധനയിൽ വ്യക്തമായി. കൂടാതെ മുൻവർഷങ്ങളിലെ ചില ചോദ്യങ്ങൾ അതേപടി ആവർത്തിച്ചതായും കണ്ടെത്തി.
ദേശീയതലത്തിൽ നടത്തുന്ന പ്രധാനപ്പെട്ട പരീക്ഷയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കുന്നത് ഉദ്യോഗാർഥികൾക്കിടയിൽ കടുത്ത പ്രതിഷേധത്തിനും ആശങ്കയ്ക്കും ഇടയാക്കിയിട്ടുണ്ട്.










