
ബെംഗളൂരു: കർണാടക സ്വദേശിയായ പ്രവാസിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒൻപത് കഷണങ്ങളാക്കി മുറിച്ച് കാറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ഷാർജ വിമാനത്താവളത്തിൽ 14 വർഷമായി ജോലി ചെയ്തിരുന്ന ഉഡുപ്പി സ്വദേശി ആൽവിൻ പ്രകാശ് കുണ്ടറാണ് കൊല്ലപ്പെട്ടത്. ഈ വർഷം ജൂലൈയിലാണ് കൊലപാതകം നടന്നതെന്നാണ് ബന്ധുക്കൾ പറയുന്നത്.
ആൽവിന്റെ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയതോടെയാണ് സംഭവത്തിന്റെ ക്രൂരത പുറത്തറിയുന്നത്. ഒൻപത് കഷണങ്ങളാക്കിയ മൃതദേഹം രണ്ട് ബാഗുകളിലാക്കി കാറിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഒമാനിലേക്കുള്ള പാതയിൽ നിന്നാണ് കാർ കണ്ടെത്തിയതെന്നാണ് സഹോദരൻ അനിൽ പറയുന്നത്.
ആൽവിന്റെ മരണത്തിന് പിന്നാലെ ഭാര്യ ടിനയെയും പത്താം ക്ലാസ് വിദ്യാർഥിയായ മകനെയും കാണാതായതും സംഭവത്തിൽ ദുരൂഹത വർധിപ്പിക്കുന്നു. ഇവരെക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
ഷാർജയിൽ ഭാര്യയ്ക്കും മകനുമൊപ്പമായിരുന്നു ആൽവിന്റെ താമസം. ഉഡുപ്പി സ്വദേശിയായ ഭാര്യ ടിന ഷാർജയിൽ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ആൽവിൻ അവസാനമായി നാട്ടിലെത്തിയത്.
‘ഞാൻ സുഖമായിരിക്കുന്നു’ എന്ന സന്ദേശത്തിൽ സംശയം
ജൂലൈ 20ന് ആൽവിനെ ഫോണിൽ വിളിച്ചെങ്കിലും ഫോൺ എടുത്തില്ലെന്ന് സഹോദരൻ അനിൽ പറഞ്ഞു. പിന്നീട് ‘ഞാൻ സുഖമായിരിക്കുന്നു’ എന്ന സന്ദേശം ലഭിച്ചു. എന്നാൽ സാധാരണയായി ഇത്തരത്തിൽ സന്ദേശം അയക്കുന്ന വ്യക്തിയല്ല ആൽവിനെന്നും ഇതോടെയാണ് സംശയം തോന്നിയതെന്നും അനിൽ വ്യക്തമാക്കി.
ഒരാഴ്ചയ്ക്കു ശേഷം വീണ്ടും വിളിച്ചിട്ടും ആൽവിനെ ബന്ധപ്പെടാൻ കഴിഞ്ഞില്ല. തുടർന്ന് സുഹൃത്തായ മനോഹറിനെ ബന്ധപ്പെട്ട് ആൽവിനെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടു. മനോഹർ കമ്പനി നൽകിയിരുന്ന ആൽവിന്റെ താമസസ്ഥലത്ത് എത്തിയെങ്കിലും അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയെന്ന വിവരമാണ് ലഭിച്ചത്.
തുടർന്ന് കമ്പനിയുടെ എച്ച്ആറുമായി ബന്ധപ്പെട്ടപ്പോഴും സമാനമായ മറുപടിയാണ് ലഭിച്ചത്. എന്നാൽ പിന്നീട് കമ്പനി അധികൃതരുമായി നടത്തിയ അന്വേഷണത്തിൽ ആൽവിൻ ഇന്ത്യയിലെത്തിയിട്ടില്ലെന്ന് വ്യക്തമായി.
പാസ്പോർട്ട് പരിശോധനയിൽ നിർണായക വിവരം
ആൽവിന്റെ പാസ്പോർട്ട് വിവരങ്ങൾ പരിശോധിച്ചതോടെയാണ് അദ്ദേഹം ഷാർജ വിട്ടിട്ടില്ലെന്ന് മനസ്സിലായത്. ഇതോടെ ആൽവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഷാർജ പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒമാനിലേക്കുള്ള പാതയിൽ കാറിനുള്ളിൽ ആൽവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഒൻപത് കഷണങ്ങളാക്കി രണ്ട് ബാഗുകളിലാക്കിയ നിലയിലായിരുന്നുവെന്ന് അനിൽ പറയുന്നു.
ആൽവിന്റെ താമസസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിൽ പരിശോധിച്ചു. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും അവിടെനിന്ന് പുറത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചതായും അനിൽ പറഞ്ഞു.
ഭാര്യയെയും മകനെയും കുറിച്ച് ഇപ്പോഴും വിവരമില്ല
ആൽവിന്റെ ഭാര്യയെയും മകനെയും കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഇരുവരും ഇന്ത്യയിലേക്ക് പോയിട്ടുണ്ടെന്നാണ് ഷാർജയിൽനിന്ന് ലഭിച്ച വിവരമെന്നും അനിൽ വ്യക്തമാക്കി. എന്നാൽ അവർ നിലവിൽ എവിടെയാണെന്ന കാര്യത്തിൽ വ്യക്തതയില്ല.
ആൽവിനും ഭാര്യയ്ക്കുമിടയിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നതായി തനിക്ക് അറിവില്ലെന്നും അനിൽ പറഞ്ഞു.
ഈ തിങ്കളാഴ്ചയാണ് ആൽവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചത്. ഇതിന് പിന്നാലെയാണ് സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അനിൽ ഉഡുപ്പി എസ്പിയെ സമീപിച്ചത്. ഷാർജ പൊലീസിന്റെ അന്വേഷണത്തിനൊപ്പം ഇന്ത്യയിലും അന്വേഷണം ശക്തമാക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.











