
കാസർകോട്: ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി.എമ്മിലെ പി.വി. രാജേന്ദ്രനെതിരെ യു.ഡി.എഫ്. അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. 23 അംഗങ്ങളുള്ള പഞ്ചായത്തിൽ യു.ഡി.എഫിന്റെ 12 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ സി.പി.എമ്മിന്റെ 11 അംഗങ്ങൾ എതിർത്ത് വോട്ടു ചെയ്തു. ഇതോടെ പി.വി. രാജേന്ദ്രൻ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്തായി.
കഴിഞ്ഞ ഡിസംബർ 27-ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായ എൻ. ചന്ദ്രന്റെ വോട്ട് അസാധുവായതിനെ തുടർന്ന് ഇരു മുന്നണികൾക്കും 11 വീതം വോട്ടുകൾ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ നറുക്കെടുപ്പിലൂടെയാണ് എൽ.ഡി.എഫിലെ പി.വി. രാജേന്ദ്രൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
നിയമപ്രകാരം പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ട് ആറുമാസം പൂർത്തിയായ ശേഷമാണ് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ കഴിയുക. ആ കാലാവധി പിന്നിട്ടതോടെയാണ് യു.ഡി.എഫ്. പ്രമേയം അവതരിപ്പിച്ചത്. ഭൂരിപക്ഷ പിന്തുണ ലഭിച്ചതോടെ പ്രമേയം പാസാവുകയും പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്തു.
പുതിയ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെടുന്നതുവരെ പഞ്ചായത്തിന്റെ ചുമതല വൈസ് പ്രസിഡന്റ് ഫൗസിയ അബ്ദുള്ള വഹിക്കും. അവിശ്വാസ പ്രമേയം പാസായ വിവരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കും. തുടർന്ന് കമ്മിഷൻ നിശ്ചയിക്കുന്ന തീയതിയിൽ ഭരണസമിതി യോഗം ചേർന്ന് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും.
ഉദുമ പഞ്ചായത്തിൽ യു.ഡി.എഫിന് മുസ്ലിം ലീഗിനും കോൺഗ്രസിനും ആറ് വീതം അംഗങ്ങളാണുള്ളത്. പ്രസിഡന്റ് സ്ഥാനം രണ്ടര വർഷം വീതം പരസ്പരം പങ്കിട്ടെടുക്കുമെന്നാണ് ഇരു പാർട്ടികളും തമ്മിലുള്ള ധാരണ.









