07:15am 09 November 2026
NEWS
ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു; ഹൈക്കോടതി നിർദേശത്തിന് പിന്നാലെ നടപടി
04/08/2026  04:17 PM IST
NILA
ഉദയനിധി സ്റ്റാലിനെ ചോദ്യം ചോദ്യം ചെയ്തശേഷം വിട്ടയച്ചു; ഹൈക്കോടതി നിർദേശത്തിന് പിന്നാലെ നടപടി

ഉദയനിധി സ്റ്റാലിനെ ചോദ്യം ചോദ്യം ചെയ്തശേഷം വിട്ടയച്ചു; ഹൈക്കോടതി നിർദേശത്തിന് പിന്നാലെ നടപടി

ചെന്നൈ: നടി തൃഷയെക്കുറിച്ചുള്ള വിവാദ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ കസ്റ്റഡിയിലെടുത്ത ഡിഎംകെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തശേഷം തമിഴ്നാട് പൊലീസ് വിട്ടയച്ചു. ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ശേഷം വിട്ടയക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിർദേശിച്ചതിനെ തുടർന്നാണ് നടപടി.

രാവിലെ ചെന്നൈയിലെ വസതിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഉദയനിധിയെ ഏകദേശം നാല് മണിക്കൂർ ചോദ്യംചെയ്ത ശേഷമാണ് പൊലീസ് മോചിപ്പിച്ചത്. അന്വേഷണവുമായി ബന്ധപ്പെട്ട് ആവശ്യമായപ്പോഴെല്ലാം ഹാജരായി സഹകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

ഉദയനിധിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാനാണ് ഉദ്ദേശ്യമെന്ന് തമിഴ്നാട് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അദ്ദേഹത്തെ തഞ്ചാവൂരിലേക്ക് കൊണ്ടുപോയെങ്കിലും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യാൻ പൊലീസിന് പദ്ധതിയില്ലെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ വിജയ് നാരായൺ കോടതിയെ അറിയിച്ചു.

കാവേരി നദീജല വിഷയത്തിൽ തഞ്ചാവൂരിൽ നടന്ന പ്രതിഷേധത്തിനിടെ നടി തൃഷയെക്കുറിച്ച് നടത്തിയതായി ആരോപിക്കപ്പെടുന്ന ദ്വയാർഥ പരാമർശമാണ് കേസിന് ആധാരം. പരാതിയെ തുടർന്ന് തഞ്ചാവൂർ പൊലീസ് അപകീർത്തികരമായ പരാമർശം, സ്ത്രീകളുടെ മാന്യതയെ അപമാനിക്കൽ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു.

അറസ്റ്റിനുള്ള സാധ്യത കണക്കിലെടുത്ത് മുൻകൂർ ജാമ്യത്തിനായി ഉദയനിധി കോടതിയെ സമീപിച്ചിരുന്ന സാഹചര്യത്തിലാണ് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഹൈക്കോടതിയുടെ നിർദേശപ്രകാരം ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img