
ചെന്നൈ: തമിഴ്നാട് പ്രതിപക്ഷ നേതാവ് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ. നടി തൃഷയെ പരാമർശിച്ച് ഉദയനിധി സ്റ്റാലിൻ നടത്തിയ ദ്വയാർഥ പ്രസംഗം തമിഴ്നാട്ടിൽ വൻ രാഷ്ട്രീയ വിവാദമാകുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഉദയനിധി സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ ആറ് വകുപ്പുകൾ ചുമത്തിയാണ് ഉദനനിധിക്കെതിരെ കേസെടുത്തത്. ഇതിനു പിന്നാലെ നീലാങ്കരയിലെ വസതിയിൽ നിന്ന് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കാവേരി ജലവിഷയത്തിൽ ഡിഎംകെ സംഘടിപ്പിച്ച തഞ്ചാവൂർ പ്രതിഷേധത്തിനിടെയായിരുന്നു വിവാദ പരാമർശം. മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചുകൊണ്ടിരിക്കെ പ്രവർത്തകർ "തൃഷ... തൃഷ..." എന്ന് മുദ്രാവാക്യം മുഴക്കിയതോടെ ഉദയനിധി നടത്തിയ പ്രതികരണമാണ് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചത്. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിവിധ രാഷ്ട്രീയ പാർട്ടികളും വനിതാ സംഘടനകളും രംഗത്തെത്തി.
ടിവികെ സംസ്ഥാനവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയും തഞ്ചാവൂർ പൊലീസിലും ദേശീയ വനിതാ കമ്മിഷനിലും പരാതി നൽകുകയും ചെയ്തു. ടിവികെ വനിതാ വിഭാഗം നേതാവ് ഭൈരവിയാണ് ദേശീയ വനിതാ കമ്മിഷനെ സമീപിച്ചത്.
ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഉദയനിധിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് രംഗത്തെത്തി. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് നടത്തിയതെന്നും പൊതുപ്രവർത്തകനെന്ന നിലയിൽ അത് അംഗീകരിക്കാനാകില്ലെന്നും ബിജെപി നേതാക്കൾ ആരോപിച്ചു.
ടിവികെ എംഎൽഎ രേവന്ത് ചരൺ സമൂഹമാധ്യമത്തിൽ, "ഇത് അങ്ങേയറ്റം അറപ്പുളവാക്കുന്ന പരാമർശമാണ്. ഇത്തരം ഭാഷ രാഷ്ട്രീയ സംസ്കാരത്തിന്റെ നിലവാരത്തകർച്ചയാണ് വെളിവാക്കുന്നത്" എന്ന് വിമർശിച്ചു.
ബിജെപി മുഖ്യവക്താവ് നാരായണൻ തിരുപ്പതിയും രൂക്ഷ വിമർശനവുമായി രംഗത്തെത്തി. വിജയിയെയും തൃഷയെയും കുറിച്ച് നടത്തിയ ദ്വയാർഥ പ്രയോഗം "അശ്ലീലവും മ്ലേച്ഛവുമാണ്" എന്ന് ആരോപിച്ച അദ്ദേഹം, പൊതുജീവിതത്തിലുള്ള ഒരാളിൽ നിന്ന് ഇത്തരം ഭാഷ പ്രതീക്ഷിക്കാനാകില്ലെന്നും പ്രതികരിച്ചു.
സംഭവം തമിഴ്നാട്ടിൽ രാഷ്ട്രീയ പോരാട്ടം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്.










