
ചെന്നൈ: നവദമ്പതിമാർ എത്രയും വേഗം കുട്ടികൾക്ക് ജന്മം നൽകുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ജനന നിയന്ത്രണം ആദ്യം നടപ്പാക്കിയതിന്റെ ദോഷഫലങ്ങൾ തമിഴ്നാട് ഇപ്പോൾ അനുഭവിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന മണ്ഡലപുനർനിർണയത്തിൽ തമിഴ്നാട്ടിലെ സീറ്റുകൾ കുറഞ്ഞേക്കുമെന്ന ആശങ്കകൾക്കിടെയാണ് തമിഴ്നാട് ഉപമുഖ്യമന്ത്രിയുടെ പ്രസ്താവന. ഒരു സമൂഹ വിവാഹത്തിന് അധ്യക്ഷത വഹിച്ച് സംസാരിക്കവെയാണ് ഉദയനിധി സ്റ്റാലിൻ നവദമ്പതിമാർ എത്രയും വേഗം കുട്ടികൾക്ക് ജന്മം നൽകണമെന്ന് ആഹ്വാനം ചെയ്തത്.
'2026 തിരഞ്ഞെടുപ്പിൽ നമ്മൾ 200 ൽ ഏറെ സീറ്റുകളിൽ വിജയിക്കും. വിവാഹിതരാകാൻ പോവുന്ന ദമ്പതിമാർ എത്രയും വേഗം കുട്ടികൾക്ക് ജന്മം നൽകുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു. നമ്മുടെ സംസ്ഥാനമാണ് ജനസംഖ്യാ നിയന്ത്രണം ഏറ്റവും ആദ്യം നടപ്പാക്കിയത്. അതിന്റെ പ്രശ്‌നങ്ങൾ നമ്മൾ ഇപ്പോൾ നേരിടുകയാണ്.' ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
മണ്ഡല പുനർനിർണയത്തിൽ തമിഴ്‌നാടിന് എട്ട് സീറ്റുകളോളം നഷ്ടമാവുമെന്ന് ഉദയനിധി പറഞ്ഞു. ജനസംഖ്യ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് നൂറോളം സീറ്റുകൾ കൂടുമെന്നും അദ്ദേഹം പറഞ്ഞു. വേഗം കുട്ടികൾക്ക് ജന്മം നൽകാൻ അപേക്ഷിച്ചെങ്കിലും അധികം കുട്ടികൾ പാടില്ലെന്നും ഉദയനിധി കൂട്ടിച്ചേർത്തു.











