07:20am 09 November 2026
NEWS
ഉദയനിധിയുടെ ദ്വയാർഥ പ്രയോഗം വിവാദമായി; തൃഷയുടെ പേര് ഉയർന്നതോടെ പ്രതിഷേധം
03/08/2026  05:37 PM IST
NILA
ഉദയനിധിയുടെ ദ്വയാർഥ പ്രയോഗം വിവാദമായി; തൃഷയുടെ പേര് ഉയർന്നതോടെ പ്രതിഷേധം


ചെന്നൈ: നടി തൃഷയെ പരോക്ഷമായി ലക്ഷ്യമിട്ടെന്ന വിമർശനത്തിന് ഇടയാക്കിയ പരാമർശവുമായി ഡി.എം.കെ. നേതാവും തമിഴ്‌നാട് മുൻ ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ തഞ്ചാവൂരിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു വിവാദ പരാമർശം.

പ്രസംഗത്തിനിടെ കാവേരി നദീജല വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടിനെ ഉദയനിധി രൂക്ഷമായി വിമർശിച്ചു. ജനങ്ങൾക്ക് അത്യാവശ്യമായ കാവേരി ജലപ്രശ്നത്തിന് പരിഹാരം കാണുന്നതിനേക്കാൾ മറ്റ് വിഷയങ്ങൾക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സർക്കാർ ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം രാഷ്ട്രീയ വിരോധം തീർക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഡി.എം.കെ. പ്രവർത്തകർക്കെതിരെ കള്ളക്കേസുകൾ രജിസ്റ്റർ ചെയ്യുകയാണെന്നും ഉദയനിധി പ്രസംഗത്തിൽ പറഞ്ഞു.

ഇതിനിടെ വേദിക്ക് മുന്നിലുണ്ടായിരുന്ന ചില പ്രവർത്തകർ നടി തൃഷയുടെ പേര് വിളിച്ചുപറഞ്ഞു. തുടർന്ന് ഉദയനിധി നടത്തിയ പരാമർശമാണ് സാമൂഹികമാധ്യമങ്ങളിൽ വിവാദമായത്. പരാമർശം ദ്വയാർഥ പ്രയോഗമാണെന്ന വിമർശനം ഉയർന്നതോടെ, താൻ ഉദ്ദേശിച്ചത് കാവേരി നദിയെക്കുറിച്ചാണെന്ന് അദ്ദേഹം പിന്നീട് വിശദീകരിച്ചു.

സംഭവത്തിന് പിന്നാലെ സാമൂഹികമാധ്യമങ്ങളിൽ ഉദയനിധിക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. ടി.വി.കെ. പ്രവർത്തകരും വനിതാ മാധ്യമപ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ പരാമർശത്തെ ചോദ്യം ചെയ്ത് രംഗത്തെത്തി. അതേസമയം, ഉദയനിധി ആരുടെയും പേര് നേരിട്ട് പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നുമാണ് ഡി.എം.കെ. അനുകൂലികളുടെ പ്രതികരണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img