10:26pm 05 September 2026
NEWS
കാൽനൂറ്റാണ്ടായി യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് പിടിച്ചിട്ടും ഭരിക്കാൻ യോ​ഗമില്ലാതെ എൽഡിഎഫ്

27/12/2025  01:18 PM IST
nila
കാൽനൂറ്റാണ്ടായി യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് പിടിച്ചിട്ടും ഭരിക്കാൻ യോ​ഗമില്ലാതെ എൽഡിഎഫ്
കല്പറ്റ: കാൽനൂറ്റാണ്ടായി യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തിരിച്ചടി. വയനാട്ടിലെ മൂപ്പൈനാട് പഞ്ചായത്തിലാണ് എൽഡിഎഫിന് ഭൂരിപക്ഷമുണ്ടായിട്ടും ഒരം​ഗത്തിന്റെ വോട്ട് അസാധുവായതോടെ നറുക്കെടുപ്പിലൂടെ ഭരണം യുഡിഎഫിന് ലഭിച്ചത്. യുഡിഎഫിലെ സി.വി. സുധയാണ് മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
 
പഞ്ചായത്ത് ഭരണസമിതിയിലെ എൽഡിഎഫ്-ഒമ്പത്, യുഡിഎഫ്-എട്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇതനുസരിച്ച് ഇടതുപക്ഷത്തിനായിരുന്നു മുൻതൂക്കം. ഒമ്പത് വോട്ടുകൾ ലഭിക്കേണ്ടിയിരുന്ന എൽഡിഎഫ് സ്ഥാനാർഥി വി. കേശവന് വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ ലഭിച്ചത് എട്ട് വോട്ടുകൾ മാത്രമാണ്. എൽഡിഎഫിലെ ഒമ്പതാം വാർഡ് മെമ്പറുടെ വോട്ട് അസാധുവായതാണ് ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയായത്. ഇതോടെ ഇരുമുന്നണികൾക്കും എട്ട് വീതം വോട്ടുകൾ ലഭിക്കുകയും മത്സരം തുല്യനിലയിലാവുകയും ചെയ്തു.
 
വോട്ടുനില തുല്യമായതിനെത്തുടർന്ന് വിജയിയെ കണ്ടെത്താനായി അധികൃതർ നറുക്കെടുപ്പ് നടത്തി. നറുക്കെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായ സി.വി. സുധ വിജയിയായി പ്രഖ്യാപിക്കപ്പെട്ടു. കഴിഞ്ഞ 25 വർഷമായി യുഡിഎഫ് ഭരിക്കുന്ന മൂപ്പൈനാട് പഞ്ചായത്തിൽ ഇത്തവണ ഭരണം പിടിച്ചെടുക്കാമെന്ന എൽഡിഎഫിന്റെ പ്രതീക്ഷകളാണ് ഇതോടെ അവസാനിച്ചത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Wayanad
img