07:50pm 04 September 2026
NEWS
കണ്ണൂരിലെ കരുത്തനെ തൊട്ടാൽ യുഡിഎഫ് വീഴും; ചതിയുടെ രാഷ്ട്രീയത്തിന് കനത്ത തിരിച്ചടി നൽകാൻ അണിയറയിൽ നീക്കം
18/03/2026  08:01 AM IST
ന്യൂസ് ബ്യൂറോ
കണ്ണൂരിലെ കരുത്തനെ തൊട്ടാൽ യുഡിഎഫ് വീഴും; ചതിയുടെ രാഷ്ട്രീയത്തിന് കനത്ത തിരിച്ചടി നൽകാൻ അണിയറയിൽ നീക്കം

ന്യൂഡൽഹി:​കണ്ണൂരിലെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ സിരകളിൽ പടർന്നുകിടക്കുന്ന പേരാണ് കെ. സുധാകരൻ. ആ പേരിനെ തഴയാനും തളർത്താനും കെപിസിസി അധ്യക്ഷ പദവിയിൽ നിന്ന് പുകച്ചുചാടിക്കാനും സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം നടത്തിയ ചാണക്യതന്ത്രങ്ങൾ ഇപ്പോൾ പാർട്ടിക്ക് തന്നെ കനത്ത ഭീഷണിയായി മാറുകയാണ്. സുധാകരനെ പിണക്കുന്നത് കണ്ണൂർ ജില്ലയിൽ കോൺഗ്രസിനും യുഡിഎഫിനും ഉണ്ടാക്കാൻ പോകുന്ന ആഘാതം പ്രവചനാതീതമാണ്. ജില്ലയിലെ മുഴുവൻ സീറ്റുകളെയും ബാധിക്കുന്ന വിധത്തിൽ സുധാകരന്റെ അതൃപ്തി പടർന്നാൽ, പേരാവൂരിൽ സണ്ണി ജോസഫ് ഉൾപ്പെടെയുള്ള പ്രമുഖർ തോറ്റമ്പുന്ന കാഴ്ചയാകും മുന്നണിക്ക് നേരിടേണ്ടി വരിക എന്നാണ് സൂചന.
​മധ്യകേരളം പിടിക്കാൻ ഒരു ക്രിസ്ത്യൻ മുഖം വേണമെന്ന വ്യാജേന ആന്റോ ആന്റണിയുടെ പേര് ഉയർത്തിക്കാട്ടി സുധാകരനെ വ്യക്തിപരമായി അവഹേളിക്കുകയും ചെയ്തുവെന്ന ആക്ഷേപത്തിനിടെ, തിരശ്ശീലയ്ക്ക് പിന്നിൽ നടന്നത് മറ്റൊരു വലിയ ചതിയായിരുന്നു എന്നാണ് വിലയിരുത്തൽ. യഥാർത്ഥത്തിൽ സണ്ണി ജോസഫിനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് അവരോധിക്കാനായിരുന്നു നേതൃത്വത്തിലെ ഒരു പ്രബല വിഭാഗത്തിന്റെ രഹസ്യ നീക്കം. ഈ മോഹം സണ്ണി ജോസഫിന്റെ ഉള്ളിലും ഉണ്ടായിരുന്നു എന്നത് സുധാകരനെ ഏറെ വേദനിപ്പിക്കുന്ന കാര്യമാണെന്നാണ് സുധാകരൻ അനുകൂലികൾ പറയുന്നത്.
​തന്റെ വിശ്വസ്തനായി കൂടെ നിന്നിരുന്ന സണ്ണി ജോസഫ്, തന്നെ മാറ്റാനായി പാർട്ടിയിലെ ചിലരുമായി ചേർന്ന് നടത്തിയ ഒത്തുകളികൾ സുധാകരൻ തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്ന് സുധാകര അനുകൂലികൾ പറയുന്നു.ആന്റോ ആന്റണിയെ ഒരു പാവയായി മുന്നിൽ നിർത്തിക്കൊണ്ട്, സണ്ണി ജോസഫിന് കെപിസിസി പ്രസിഡന്റ് സ്ഥാനം ഉറപ്പുനൽകിയ നീക്കങ്ങൾ കോൺഗ്രസിന്റെ അടിത്തറയാണ് ഇളക്കുന്നത്. ഈ നാടകീയ നീക്കങ്ങളിലൂടെ സുധാകരനെ പുകച്ചുപുറത്താക്കിയെങ്കിലും, കണ്ണൂരിലെ പുലിയെ അതിന്റെ മടയിൽ ചെന്ന് തൊട്ടതിന്റെ പ്രത്യാഘാതം ചെറുതാവില്ല.
​കണ്ണൂരിലെ ഓരോ മണ്ഡലത്തിലും സുധാകരനുള്ള സ്വാധീനം വിസ്മരിച്ചുകൊണ്ട് മുന്നണിക്ക് മുന്നോട്ടുപോകാനാവില്ല. സുധാകരൻ ഇടഞ്ഞാൽ പേരാവൂരിൽ സണ്ണി ജോസഫിന്റെ പരാജയം ഉറപ്പാണ് എന്ന് മാത്രമല്ല, ജില്ലയിലുടനീളം യുഡിഎഫ് തകർന്നടിയുകയും ചെയ്യും. ചതിയുടെ രാഷ്ട്രീയത്തിലൂടെ താൽക്കാലിക നേട്ടങ്ങൾ കൊയ്യാമെന്ന് കരുതുന്നവർക്ക് കണ്ണൂരിലെ മണ്ണ് നൽകാൻ പോകുന്നത് വലിയൊരു താക്കീതായിരിക്കും. സുധാകരനെപ്പോലൊരു കരുത്തനെ ഇല്ലാതാക്കാൻ ശ്രമിച്ചവർക്ക് മുന്നണി നേരിടേണ്ടി വരുന്ന വമ്പൻ തകർച്ചയ്ക്ക് മറുപടി പറയേണ്ടി വരും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img