02:34am 23 June 2026
NEWS
ക്ഷേമ പെൻഷൻ 3000 രൂപയാക്കുന്നതിൽ കാലതാമസം വരില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ; മാനദണ്ഡങ്ങളിൽ മാറ്റം പരിഗണനയിലെന്നും വെളിപ്പെടുത്തൽ


22/06/2026  10:56 AM IST
nila
ക്ഷേമ പെൻഷൻ 3000 രൂപയാക്കുന്നതിൽ കാലതാമസം വരില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ; മാനദണ്ഡങ്ങളിൽ മാറ്റം പരിഗണനയിലെന്നും വെളിപ്പെടുത്തൽ

തിരുവനന്തപുരം: ക്ഷേമ പെൻഷൻ 3000 രൂപയാക്കി ഉയർത്തുമെന്ന യുഡിഎഫ് വാഗ്ദാനം സമയബന്ധിതമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. അർഹരായ എല്ലാ ഗുണഭോക്താക്കൾക്കും പെൻഷൻ ഉറപ്പാക്കുന്നതിനായി നിലവിലെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി പുതിയ സംവിധാനം നടപ്പാക്കാനുള്ള സാധ്യത സർക്കാർ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തരവേളയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ജൂൺ 24 മുതൽ ആരംഭിക്കുമെന്നും പെൻഷൻ വിതരണം മുടങ്ങാതെ തുടരുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പെൻഷൻ തുക 3000 രൂപയാക്കുമെന്ന യുഡിഎഫ് വാഗ്ദാനം മുൻ എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനങ്ങളെപ്പോലെ വൈകിപ്പിക്കില്ലെന്നും അദ്ദേഹം വിമർശിച്ചു. എൽഡിഎഫ് സർക്കാർ ക്ഷേമ പെൻഷൻ 2500 രൂപയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആദ്യ ഭരണകാലാവധിയുടെ അവസാന ഘട്ടത്തിലാണ് 1500 രൂപയിൽ നിന്ന് 1600 രൂപയാക്കി വർധിപ്പിച്ചതെന്നും, പിന്നീട് 2000 രൂപയാക്കിയതും രണ്ടാം ഭരണകാലാവധിയുടെ അവസാനത്തോടെയാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.

അതേസമയം, എയർ കണ്ടീഷണർ ഉള്ള വീടുകളിലെ ആളുകൾക്ക് പെൻഷൻ നിഷേധിക്കുന്നതടക്കമുള്ള മാനദണ്ഡങ്ങളെ കുറിച്ച് വ്യാപക പരാതികൾ ലഭിച്ചിട്ടുണ്ടെന്നും സർക്കാർ ഇക്കാര്യങ്ങൾ ഗൗരവമായി പരിശോധിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

നിലവിൽ അനർഹരായ ചിലർ ക്ഷേമപെൻഷൻ പദ്ധതിയുടെ ഗുണഭോക്താക്കളായി തുടരുന്ന സാഹചര്യമുണ്ടെന്നും യഥാർഥ അർഹരെ ഉൾപ്പെടുത്തുകയും അനർഹരെ ഒഴിവാക്കുകയും ചെയ്യുന്ന കൂടുതൽ കാര്യക്ഷമമായ സംവിധാനം രൂപീകരിക്കാൻ സർക്കാർ ആലോചിച്ചുവരികയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NIYAMASABHA
img