
തിരുവനന്തപുരം: ജനപ്രിയ വാഗ്ദാനങ്ങളുമായി യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. നിയമസഭയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അവതരിപ്പിച്ച പ്രസംഗത്തിൽ തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് മുന്നോട്ടുവെച്ച ഇന്ദിരാ ഗ്യാരന്റികളിൽ പലതും ഉൾപ്പെടുത്തി. ഉമ്മൻ ചാണ്ടിയുടെ പേരിൽ ഓരോ കുടുംബത്തിനും വാർഷികമായി 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുമെന്ന പ്രഖ്യാപനവും, കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കുമെന്ന തീരുമാനവും ശ്രദ്ധേയമായി.
വിദ്യാഭ്യാസ രംഗത്തും നിരവധി പ്രഖ്യാപനങ്ങളുണ്ടായി. കോളേജുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് പ്രതിമാസം 1000 രൂപ വിദ്യാഭ്യാസ സഹായമായി നൽകും. സാമൂഹിക സുരക്ഷാ പെൻഷൻ 3000 രൂപയാക്കി ഉയർത്തുമെന്നും പ്രഖ്യാപിച്ചു. യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ ലഭ്യമാക്കും. മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി രാജ്യത്തെ ആദ്യ പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിഗതികൾ വ്യക്തമാക്കുന്ന ധവളപത്രം പുറത്തിറക്കുമെന്നും നയപ്രഖ്യാപനത്തിൽ അറിയിച്ചു. വികസനവും ജനക്ഷേമവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഗവർണർ പറഞ്ഞു.
സിനിമയും സാംസ്കാരിക മേഖലയുമാണ് മറ്റൊരു പ്രധാന പ്രഖ്യാപന മേഖലയായി മാറിയത്. കേരളത്തെ അന്താരാഷ്ട്ര സിനിമാ ചിത്രീകരണ കേന്ദ്രമാക്കാൻ സമഗ്ര സിനിമാനയം കൊണ്ടുവരും. ഫിലിം ടൂറിസം, വിദേശ സഹനിർമാണ കരാറുകൾ, സിനിമാ നിർമാണ ആനുകൂല്യങ്ങൾ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകും. ആനിമേഷൻ, വിഷ്വൽ ഇഫക്റ്റ്സ്, ഗെയിമിംഗ്, ഡിജിറ്റൽ മീഡിയ മേഖലകളെ ഏകോപിപ്പിക്കുന്ന ‘മീഡിയ സിറ്റിയും ക്രിയേറ്റീവ് ഇൻഡസ്ട്രീസ് ഹബ്ബും’ സ്ഥാപിക്കാനും സർക്കാർ പദ്ധതിയിടുന്നു.
60 വയസിന് മുകളിലുള്ള സാംസ്കാരിക പ്രവർത്തകർക്ക് പെൻഷനും ആരോഗ്യ ഇൻഷുറൻസും ഉറപ്പാക്കും. സംസ്ഥാനത്തുടനീളം സ്ഥിരം തിയേറ്ററുകൾ നിർമ്മിക്കുക, അന്താരാഷ്ട്ര ചലച്ചിത്രമേള കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുക, ഡിജിറ്റൽ ആർട്ട് മ്യൂസിയങ്ങൾ ആരംഭിക്കുക തുടങ്ങിയ പദ്ധതികളും നയപ്രഖ്യാപനത്തിൽ ഉൾപ്പെട്ടു.
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി എക്സൈസ് വകുപ്പിൽ സമഗ്ര പരിഷ്കാരങ്ങൾ നടപ്പാക്കുമെന്നും സർക്കാർ വ്യക്തമാക്കി. ലഹരി ശൃംഖലകളെ തകർക്കുന്നതിനൊപ്പം സ്കൂൾ-കോളേജ് ക്യാമ്പസുകൾ ലഹരിമുക്തമാക്കുന്നതിനുള്ള ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ഗവർണർ അറിയിച്ചു.
മലയാളത്തിലാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്. പത്ത് വർഷത്തിന് ശേഷം അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനമായതിനാൽ സഭയ്ക്കകത്തും പുറത്തും വലിയ രാഷ്ട്രീയ പ്രാധാന്യമാണ് പ്രസംഗത്തിന് ലഭിച്ചത്. ലോക്‌ഭവന്റെ നിർദേശമുണ്ടായിരുന്നെങ്കിലും വന്ദേമാതരത്തിന്റെ ആദ്യഭാഗം മാത്രമാണ് പൊലീസ് ബാൻഡ് ആലപിച്ചത്.










