02:03am 13 November 2026
NEWS
ലീഗ് ഇവിടെ മത്സരിച്ചാൽ പിന്നെ കോൺഗ്രസ് ഉണ്ടാകില്ല; പുനലൂരിൽ റിബലാകാൻ ഡിസിസി സെക്രട്ടറി സഞ്ജയ് ഖാൻ
22/03/2026  05:12 PM IST
nila
ലീഗ് ഇവിടെ മത്സരിച്ചാൽ പിന്നെ കോൺഗ്രസ് ഉണ്ടാകില്ല; പുനലൂരിൽ റിബലാകാൻ ഡിസിസി സെക്രട്ടറി സഞ്ജയ് ഖാൻ

കൊല്ലം: പുനലൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് നേരിടുന്നത് വലിയ പ്രതിസന്ധി. മുസ്ലീം ലീ​ഗിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് കോൺ​ഗ്രസ് പ്രാദേശിക നേതാക്കൾ മത്സരിക്കാൻ തീരുമാനിച്ചതാണ് യുഡിഎഫ് നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നത്.  ഡിസിസി ട്രഷററും യുഡിഎഫിന്റെ പുനലൂർ നിയോജകമണ്ഡലം ചെയർമാനുമായ നെൽസൺ സെബാസ്റ്റ്യനെ കോൺഗ്രസിന്റെ സ്ഥാനാർഥിയായി മത്സരിപ്പിക്കാനായിരുന്നു പ്രാദേശിക കോൺ​ഗ്രസ് നേതാക്കളുടെ തീരുമാനം. എന്നാൽ, കെസി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളുടെ ഇടപെടിനെ തുടർന്ന് നെൽസൺ സെബാസ്റ്റ്യൻ മത്സരത്തിൽ നിന്നും പിന്മാറിയിരുന്നു. ഇതിനു പിന്നാലെ ഡിസിസി സെക്രട്ടറി സഞ്ജയ് ഖാൻ മത്സരിക്കുമെന്ന് പ്രഖ്യാപനവുമായി രം​ഗത്തെത്തി. 

മുസ്ലീം ലീ​ഗ് നിശ്ചയിച്ച സ്ഥാനാർത്ഥിയാണെങ്കിൽ യുഡിഎഫിന് വലിയ പരാജയമായിരിക്കും നേരിടേണ്ടി വരികയെന്നാണ് സഞ്ജയ് ഖാൻ പറയുന്നത്. യുഡിഎഫ് നേതൃത്വം പുനർവിചിന്തനം നടത്തിയില്ലെങ്കിൽ താൻ നാളെ പത്രിക സമർപ്പിക്കുമെന്നും സഞ്ജയ് ഖാൻ വ്യക്തമാക്കി. 'ആത്മാഭിമാനം പണയപ്പെടുത്താനാകില്ല. അണ്ണാ... ലീഗ് ഇവിടെ മത്സരിച്ചാൽ പുനലൂരിൽ പിന്നെ കോൺഗ്രസ് ഉണ്ടാകില്ല' തന്നെ അനുനയിപ്പിക്കാൻ ശ്രമിച്ച നേതാക്കളോട് സഞ്ജയ് ഖാൻ പറഞ്ഞു. 'ഇപ്പോൾ നിശ്ചയിക്കപ്പെട്ട സ്ഥാനാർഥി മത്സരിച്ചാൽ വലിയ പരാജയമായിരിക്കും ഉണ്ടാവുക. അതുകൊണ്ട് യുഡിഎഫ് നേതൃത്വം പുനർവിചിന്തനം നടത്തണം. ഇല്ലെങ്കിൽ നാളെ ഞാൻ പത്രിക നൽകും' സഞ്ജയ് ഖാൻ പറഞ്ഞു.

വ്യാഴാഴ്ച പുനലൂരിൽ ചേർന്ന അഞ്ചൽ, പുനലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്തയോഗമാണ് നെൽസൺ സെബാസ്റ്റ്യനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. പിറ്റേ ദിവസം മണ്ഡലത്തിന്റെ കിഴക്കേ അതിർത്തിയായ ആര്യങ്കാവിൽ നിന്നും സ്ഥാനാർഥിയുടെ റോഡ് ഷോ നടത്താനും തീരുമാനിച്ചിരുന്നു. എന്നാൽ വെള്ളിയാഴ്ച്ച പെരുന്നാളായതിനാൽ റോഡ് ഷോ മാറ്റിവെച്ചു. പിന്നീട് മുതിർന്ന നേതാക്കളുടെ ഇടപെടലിനെത്തുടർന്ന് ഈ നീക്കം ഉപേക്ഷിക്കുകയും ചെയ്തു. കെസി. വേണുഗോപാൽ എം.പി. ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പ്രാദേശിക നേതാക്കളുമായി ബന്ധപ്പെട്ടതോടെ നെൽസൺ സെബാസ്റ്റ്യനെ പിൻമാറ്റി. ഇതിന് പിന്നാലെയാണിപ്പോൾ പുതിയ പ്രതിസന്ധി സൃഷ്ടിച്ച് ഡിസിസി സെക്രട്ടറി രംഗത്തെത്തിയിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img