04:44am 08 November 2026
NEWS
സംസ്ഥാന സര്‍ക്കാരിനെതിരെ സമരപരമ്പരയുമായി യുഡിഎഫ്

27/02/2025  04:49 PM IST
nila
സംസ്ഥാന സര്‍ക്കാരിനെതിരെ സമരപരമ്പരയുമായി യുഡിഎഫ്

തിരുവനന്തപുരം: കോൺ​ഗ്രസിനുള്ളിൽ അധികാര തർക്കം മുറുകുന്നതിനിടെ സംസ്ഥാന സർക്കാരിനെതിരെ ശക്തമായ സമരപരമ്പര സംഘടിപ്പിക്കാൻ യുഡിഎഫ് തീരുമാനം. സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ സമരം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം. പഞ്ചായത്ത് തലം മുതൽ സമരങ്ങൾ സംഘടിപ്പിക്കാനാണ് യുഡിഎഫ് തയ്യാറെടുക്കുന്നത്. താഴെ തട്ടിലെ പ്രവർത്തകർക്കായി ക്യാമ്പ് സംഘടിപ്പിക്കുമെന്നും  യുഡിഎഫ് കൺവീനർ എംഎം ഹസൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

സംസ്ഥാനത്ത് വർധിച്ചുവരുന്ന കൊലപാതകങ്ങൾക്കും ലഹരി വ്യാപനത്തിനുമെതിരെ യുഡിഎഫിന്റെ നേതൃത്വത്തിൽ മാർച്ച് അഞ്ചിന് സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസം നടത്തും. നോ ക്രൈം നോ ഡ്രഗ്സ് എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഉപവാസ സമരം സംഘടിപ്പിക്കുന്നത്. മാർച്ച് 13ന് കൊച്ചിയിൽ പ്രതിഷേധം സംഘടിപ്പിക്കും. എസ് സി, എസ് ടി ഫണ്ടുകൾ വെട്ടിക്കുറച്ചതിനും ന്യൂനപക്ഷ ഫണ്ട് കുറച്ചതിനുമെതിരെയാണ് കൊച്ചിയിലെ സമരം.

ഏപ്രിൽ നാലിന് കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്ക് മുന്നിലും രാപ്പകൽ സമരം നടത്തും. ഏപ്രിൽ 10 ന് മലയോര കർഷകരെ അണിനിരത്തി മലയോര ജില്ലകളിൽ ഫോറസ്റ്റ് ഓഫീസ് മാർച്ച് നടത്തും. ഏപ്രിൽ 21 മുതൽ 30 വരെ തീരദേശ യാത്ര നടക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശനാകും തീര​ദേശ ജാഥ നയിക്കുക. കാസർകോട് നെല്ലിക്കുന്ന് മുതൽ തിരുവനന്തപുരം വിഴിഞ്ഞം വരെയായിരിക്കും തീരദേശ യാത്ര. വനം നിയമത്തിൽ ഇളവ് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണാനും യുഡിഎഫ് തീരുമാനിച്ചു.

യുഡിഎഫ് ജില്ലാ തലത്തിലും പഞ്ചായത്ത് തലത്തിലും പ്രക്ഷോഭങ്ങൾ നടത്തും. കൊലപാതകങ്ങൾ വർധിച്ചിട്ടും നടപടി ഉണ്ടാകുന്നില്ല. കൊലപാതകത്തെ പ്രോൽസാഹിപ്പിക്കുന്ന രാഷ്ട്രീയ സംസ്കാരമാണ് ഇതിനുകാരണം. കൊലയാളികളെ സംരക്ഷിക്കുന്ന പാർട്ടിയുടെ നേതാവാണ് മുഖ്യമന്ത്രി. ആർക്കും ആരെയും കൊല്ലാം എന്ന സ്ഥിതിയാണ് കേരളത്തിൽ. രാസലഹരിയുടെ പറുദീസയായി കേരളത്തെ മാറ്റിയത് ഈ സർക്കാരാണ്. പൊലീസും എക്സൈസും നിഷ്ക്രിയമാണ്. ലഹരി കേസുകളിൽ പ്രതികളിൽ കൂടുതലും ഡിവൈഎഫ്ഐക്കാരും എസ് എഫ്ഐക്കാരുമാണെന്നും എംഎം ഹസൻ ആരോപിച്ചു. അതേസമയം, കടൽ മണൽ ഖനനത്തിൽ എൽഡിഎഫുമായി ചേർന്ന് സമരം വേണ്ടെന്നും യുഡി എഫ് തീരുമാനിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img