
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് വലിയ പ്രതീക്ഷകൾ നൽകിയിരുന്നെങ്കിലും യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ കാര്യമായ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൽ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് പരിഷ്കരിക്കുമെന്ന് അറിയിച്ചതാണ് പ്രധാന പ്രഖ്യാപനം. ലീവ് സറണ്ടർ വിഷയത്തിൽ അനുകൂല തീരുമാനം കൈക്കൊള്ളുമെന്ന സൂചന നൽകിയെങ്കിലും കൂടുതൽ വിശദാംശങ്ങൾ ബജറ്റിൽ ഉൾപ്പെട്ടില്ല.
അതേസമയം, പങ്കാളിത്ത പെൻഷൻ പദ്ധതിയിലെ അപാകതകൾ പരിഹരിക്കുന്നതിനായി പദ്ധതിയിൽ മാറ്റങ്ങൾ വരുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ സർക്കാർ ജീവനക്കാരും സർവീസ് സംഘടനകളും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ശമ്പള പരിഷ്കരണ കമ്മീഷനെക്കുറിച്ച് ബജറ്റിൽ പരാമർശമുണ്ടായില്ല. വിരമിക്കൽ പ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ടും പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല.
ഡി.എ കുടിശ്ശികയുടെ മുൻകാല പ്രാബല്യം സംബന്ധിച്ചും ബജറ്റ് മൗനം പാലിച്ചു. മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ ഡി.എ കുടിശ്ശിക എട്ട് ഗഡുക്കളായി വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇത്തവണ രണ്ട് ഗഡുക്കൾ മാത്രമാണ് പരിഗണിച്ചിരിക്കുന്നത്. മുഴുവൻ കുടിശ്ശികയും നടപ്പാക്കിയാൽ ഈ സാമ്പത്തിക വർഷം 9,000 കോടിയിലധികം രൂപയുടെ അധിക ബാധ്യത സർക്കാരിന് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.










