
തിരുവനന്തപുരം: കോളേജുകളിലും സർവകലാശാലകളിലും പഠിക്കുന്ന പെൺകുട്ടികൾക്ക് പ്രതിമാസം 1000 രൂപ നൽകുമെന്ന ഇന്ദിരാ ഗാരന്റി പദ്ധതി നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങളിലേക്ക് സർക്കാർ കടന്നു. പദ്ധതിയുടെ സാമ്പത്തിക ബാധ്യത വിലയിരുത്താൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ വിദ്യാർഥിനികളുടെ എണ്ണം സംബന്ധിച്ച വിവരശേഖരണം ആരംഭിച്ചു. നിലവിൽ സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പെൺവിദ്യാർഥികളുടെ ഏകീകൃത കണക്ക് സർക്കാരിന്റെ പക്കലില്ല. അതിനാൽ സർവകലാശാലകളിൽ നിന്നും കോളേജുകളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ശേഷമായിരിക്കും പദ്ധതിയുടെ യഥാർഥ ചെലവ് വ്യക്തമാകുക.
2023-ലെ അഖിലേന്ത്യാ ഉന്നതവിദ്യാഭ്യാസ സർവേ പ്രകാരം കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികളിൽ 59.47 ശതമാനവും പെൺകുട്ടികളാണ്. ആകെ 10.99 ലക്ഷം വിദ്യാർഥികളിൽ ഏകദേശം ഏഴ് ലക്ഷം പേർ വിദ്യാർഥിനികളാണെന്നാണ് കണക്കുകൂട്ടൽ. ഇവർക്കെല്ലാം മാസം 1000 രൂപ വീതം നൽകിയാൽ പ്രതിമാസം 70 കോടി രൂപയും വർഷത്തിൽ 800 കോടിയിലധികം രൂപയും സർക്കാർ കണ്ടെത്തേണ്ടിവരും.
ഇതിനിടെ, നിലവിലുള്ള സ്കോളർഷിപ്പുകളും ഫെലോഷിപ്പുകളും പദ്ധതിയുമായി എങ്ങനെ ബന്ധിപ്പിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. വിവിധ സാമൂഹിക-സാമ്പത്തിക വിഭാഗങ്ങൾക്കായി നിലവിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ തുടരുമോ, അതോ പുതിയ പദ്ധതിയുടെ ഭാഗമായി മാറ്റങ്ങൾ വരുത്തുമോയെന്ന കാര്യത്തിൽ സർക്കാർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ഹയർസെക്കൻഡറി പരീക്ഷയിൽ വിജയിച്ചവരിൽ പെൺകുട്ടികളുടെ എണ്ണം കൂടുതലായിരിക്കുന്ന സാഹചര്യത്തിൽ, ഭാവിയിൽ പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണവും ചെലവും വർധിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും വാഗ്ദാനം നടപ്പാക്കാനുള്ള വഴികൾ തേടുകയാണ് സർക്കാർ.










