09:52am 14 October 2026
NEWS

വാഹനങ്ങളിൽ രൂപമാറ്റം; യുഡിഎഫ് സർക്കാർ പിഴയായി ഈടാക്കിയത് 5.7 കോടി രൂപ

14/10/2026  09:04 AM IST
nila
 വാഹനങ്ങളിൽ രൂപമാറ്റം; യുഡിഎഫ് സർക്കാർ പിഴയായി ഈടാക്കിയത് 5.7 കോടി രൂപ

വാഹനങ്ങളിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയവർക്കെതിരായ നടപടികളിലൂടെ പുതിയ സർക്കാർ അധികാരത്തിലെത്തിയശേഷം മോട്ടോർ വാഹന വകുപ്പ് ഈടാക്കിയത് 5.7 കോടി രൂപ. മേയ് മുതൽ ഓഗസ്റ്റ് 25 വരെയുള്ള കാലയളവിൽ 7,360 വാഹന ഉടമകൾക്കെതിരെയാണ് പിഴ ചുമത്തിയത്. വിവരാവകാശ രേഖകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

2026-ൽ ഇതുവരെ 15,784 വാഹനങ്ങൾക്കെതിരേ രൂപമാറ്റത്തിന്റെ പേരിൽ നടപടിയെടുത്തിട്ടുണ്ട്. ഇവയ്ക്ക് 12.66 കോടി രൂപയുടെ പിഴ ചുമത്തി ചലാൻ നൽകിയതായാണ് മോട്ടോർ വാഹന വകുപ്പിന്റെ കണക്ക്. കോടതി നിർദേശത്തെത്തുടർന്ന് ഓരോ നിയമവിരുദ്ധ രൂപമാറ്റത്തിനും 5,000 രൂപ വീതം പിഴ ഈടാക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ആറുവർഷത്തിനിടെ 1.04 ലക്ഷം വാഹനങ്ങളാണ് രൂപമാറ്റവുമായി ബന്ധപ്പെട്ട് വകുപ്പിന്റെ നടപടിക്ക് വിധേയമായത്. ഈ കാലയളവിൽ ആകെ 145 കോടി രൂപ പിഴ ചുമത്തി. ബൈക്കുകൾ, സ്കൂട്ടറുകൾ, ബസുകൾ എന്നിവയിലാണ് കൂടുതലായി നിയമവിരുദ്ധ മാറ്റങ്ങൾ കണ്ടെത്തിയത്.

വാഹനങ്ങളിൽ വലിയ ചക്രങ്ങൾ ഘടിപ്പിക്കൽ, അനുമതിയില്ലാതെ നിറം മാറ്റൽ, അധിക ഉപകരണങ്ങൾ സ്ഥാപിക്കൽ എന്നിവയാണ് പ്രധാനമായും കണ്ടെത്തുന്ന നിയമലംഘനങ്ങൾ. ഒരു വാഹനത്തിൽ തന്നെ നാല് രൂപമാറ്റങ്ങൾ കണ്ടെത്തിയ സംഭവങ്ങളുമുണ്ടെന്ന് രേഖകൾ വ്യക്തമാക്കുന്നു.

അനുമതിയുള്ള മാറ്റങ്ങൾ ഏഴ് തരത്തിൽ

നിയമാനുസൃതമായി അനുമതി നേടി വാഹനങ്ങളിൽ ഏഴ് തരത്തിലുള്ള മാറ്റങ്ങൾ വരുത്തുന്നതിനുള്ള വ്യവസ്ഥകളാണ് നിലവിലുള്ളത്. വാഹനത്തിന്റെ ആർ.സി.യിൽ രേഖപ്പെടുത്തിയുള്ള നിറംമാറ്റം, എൻജിൻ മാറ്റൽ, ഷാസിയും ഫ്രെയിമും മാറ്റൽ, ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാനാവുന്ന രീതിയിലുള്ള മാറ്റങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

പിഴയിനത്തിൽ ലഭിക്കാനുള്ളത് 19.62 കോടി രൂപ 

വാഹനങ്ങളുടെ രൂപമാറ്റവുമായി ബന്ധപ്പെട്ട് 2021 മുതൽ 2025 വരെ ചുമത്തിയ പിഴയിൽ 19.62 കോടി രൂപ ഇനിയും ലഭിക്കാനുണ്ട്. ഈ കാലയളവിൽ 113 കോടി രൂപ പിഴയായി ലഭിച്ചു. ഇതിൽ 2024-ൽ മാത്രം 5.26 കോടി രൂപ കുടിശ്ശികയുണ്ടെന്നാണ് കണക്ക്.

വാഹനങ്ങളുടെ രൂപമാറ്റത്തിനെതിരേ കർശന നടപടി തുടരുന്നതിനിടെയാണ് പിഴയിനത്തിൽ ഇത്രയും വലിയ തുക പിരിച്ചെടുക്കാനുണ്ടെന്ന വിവരം പുറത്തുവരുന്നത്.

 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img