12:28am 19 November 2026
NEWS
ആറുമാസം പിന്നിടുമ്പോൾ യു.ഡി.എഫ് സർക്കാർ; തുടക്കത്തിലെ തിളക്കം മങ്ങി; വിവാദങ്ങളും ഭിന്നതകളും തലവേദന
18/11/2026  08:41 AM IST
nila
ആറുമാസം പിന്നിടുമ്പോൾ യു.ഡി.എഫ് സർക്കാർ; തുടക്കത്തിലെ തിളക്കം മങ്ങി; വിവാദങ്ങളും ഭിന്നതകളും തലവേദന

തിരുവനന്തപുരം: പത്തുവർഷത്തെ എൽ.ഡി.എഫ് ഭരണത്തിന് വിരാമമിട്ട് 102 സീറ്റുകളുടെ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ യു.ഡി.എഫ് സർക്കാർ ആറുമാസം പൂർത്തിയാക്കുമ്പോൾ ഭരണനേട്ടങ്ങൾക്കൊപ്പം വിവാദങ്ങളും മുന്നണിയിലെ അസ്വാരസ്യങ്ങളും ചർച്ചയാകുന്നു. 'പുതുയുഗ കേരളം' എന്ന വികസനസ്വപ്നം ഉയർത്തി മികച്ച തുടക്കം കുറിച്ച മുഖ്യമന്ത്രി വി.ഡി. സതീശന്റെ സർക്കാരിന് അധികം വൈകാതെ പ്രതിസന്ധികളും തലവേദനയായി. തുടക്കത്തിലെ ഭരണവേഗം പിന്നീട് വിവാദങ്ങളുടെയും രാഷ്ട്രീയ ഭിന്നതകളുടെയും നിഴലിലായി.

മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് തൊട്ടുമുൻപുള്ള സ്പോൺസേർഡ് വിമാനയാത്രയും മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിലെ ബന്ധുനിയമന വിവാദവുമടക്കം സർക്കാരിന് തിരിച്ചടിയായി. അതേസമയം, പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുമെന്ന പ്രഖ്യാപനവുമായി മുന്നോട്ടുപോയ സതീശൻ സർക്കാർ ആറുമാസത്തിനിടെ നിരവധി പദ്ധതികൾക്കും തുടക്കമിട്ടു.

പ്രിയദർശിനി പദ്ധതിയിലൂടെ സ്ത്രീകൾക്ക് സൗജന്യയാത്ര ഉറപ്പാക്കിയതും ആശാ, അങ്കണവാടി ജീവനക്കാരുടെ വേതനം വർധിപ്പിച്ചതും സർക്കാരിന്റെ പ്രധാന നടപടികളായി. ക്ഷേമപെൻഷൻ മുടക്കമില്ലാതെ വിതരണം ചെയ്യുന്നതിനൊപ്പം തുക വർധിപ്പിക്കാനും കുടിശ്ശികകൾ തീർക്കാനും സർക്കാർ തയ്യാറായി. കടൽ, കര, ആകാശം എന്നിവയെ വികസനത്തിന്റെ ഭാഗമാക്കുന്ന മിഷൻ സമുദ്രയും പ്രഖ്യാപിച്ചു. നിക്ഷേപസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ സരൾ നിയമവും മാരിടൈം ബോർഡ് നിയമവും കൊണ്ടുവന്നു. ഭൂപരിഷ്കരണ നിയമം പരിഷ്കരിക്കാനുള്ള കരട് തയ്യാറാക്കിയതും രാസലഹരിക്കെതിരേ 'തൂഫാൻ' എന്ന പേരിൽ നടപടി ആരംഭിച്ചതും ഭരണനേട്ടങ്ങളുടെ പട്ടികയിലുണ്ട്.

എന്നാൽ, സർക്കാരിന്റെ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രിക്ക് അമിതമായ പ്രാധാന്യം ലഭിക്കുന്നുവെന്നും മന്ത്രിമാർക്ക് വേണ്ടത്ര ഇടം ലഭിക്കുന്നില്ലെന്നുമുള്ള വിമർശനം ശക്തമായി. പി.എം-ശ്രീ പദ്ധതിയിൽനിന്നുള്ള പിന്മാറ്റം, വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നൽകാനുള്ള നീക്കം എന്നിവ കോൺഗ്രസിനുള്ളിലും മുന്നണിയിലും അഭിപ്രായവ്യത്യാസങ്ങൾക്ക് വഴിവെച്ചു. വൈദ്യുതിപ്രതിസന്ധിയെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെയും വൈദ്യുതിമന്ത്രിയുടെയും വ്യത്യസ്ത നിലപാടുകളും സർക്കാരിനെ പ്രതിരോധത്തിലാക്കി. പവർക്കട്ടില്ലാത്ത കേരളമെന്ന പ്രഖ്യാപനത്തിന് പിന്നാലെ വൈദ്യുതി നിയന്ത്രണവുമായി ബന്ധപ്പെട്ട വിമർശനങ്ങളും ഉയർന്നു.

സർക്കാരും പാർട്ടിയും ഏകോപനത്തോടെ മുന്നോട്ടുപോകണമെന്ന ലക്ഷ്യത്തിൽ കെ.പി.സി.സി തുടക്കത്തിൽ തന്നെ സമിതി രൂപീകരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അത് ഫലപ്രദമായില്ലെന്നാണ് ഉയരുന്ന വിമർശനം. പാർട്ടി പ്രസിഡന്റ് മന്ത്രിയായതോടെ സംഘടനാപ്രവർത്തനങ്ങൾ പിന്നോട്ടുപോയെന്നും വിമർശനമുണ്ട്. മുന്നണി കൺവീനർ അടൂർ പ്രകാശ് സർക്കാരിനെതിരേ പരസ്യമായി വിമർശനം ഉന്നയിച്ചതും യു.ഡി.എഫിലെ അസ്വാരസ്യങ്ങൾ പുറത്തുകൊണ്ടുവന്നു. ബോർഡ്, കോർപ്പറേഷൻ പദവികൾ പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കങ്ങളും മുന്നണിയുടെ കെട്ടുറപ്പിനെ ബാധിച്ചു.

അതേസമയം, ദുർബലമായ പ്രതിപക്ഷമാണ് സർക്കാരിന് വലിയ രാഷ്ട്രീയ ആശ്വാസമാകുന്നത്. കഴിഞ്ഞ പത്തുവർഷത്തെ എൽ.ഡി.എഫ് ഭരണകാലത്തെ വീഴ്ചകളും ക്രമക്കേടുകളും ഉയർത്തിക്കാട്ടിയാണ് പുതിയ സർക്കാർ പ്രതിപക്ഷ വിമർശനങ്ങളെ നേരിടുന്നത്. കിഫ്ബിയുടെ ധൂർത്ത്, പി.എസ്.സി നിയമനങ്ങളിലെ ക്രമക്കേടുകൾ തുടങ്ങിയ വിഷയങ്ങളിൽ അന്വേഷണങ്ങൾ ശക്തമായതോടെ ഇടതുമുന്നണി പ്രതിരോധത്തിലായി.

പ്രതിപക്ഷനേതാവ് പിണറായി വിജയനും കുടുംബവും കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണെന്ന രാഷ്ട്രീയ ആരോപണങ്ങളും എൽ.ഡി.എഫിനെ സമ്മർദത്തിലാക്കുന്നു. ഘടകകക്ഷികളെ ഏകോപിപ്പിച്ച് പാർലമെന്ററി പാർട്ടി യോഗം ചേരുന്നതിൽപ്പോലും മുന്നണിക്ക് ഇതുവരെ കാര്യമായ മുന്നേറ്റമുണ്ടാക്കാനായിട്ടില്ലെന്നാണ് വിമർശനം.

പുതിയ സർക്കാരിനെതിരേ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി നൽകുമ്പോഴും മുൻ സർക്കാരിന്റെ ഭരണവീഴ്ചകൾ ചൂണ്ടിക്കാട്ടാനാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമായും ശ്രമിക്കുന്നത്. നേട്ടങ്ങളും വിവാദങ്ങളും ഒരുപോലെ നിറഞ്ഞ ആറുമാസം പിന്നിടുമ്പോൾ ഭരണത്തിലെ ഏകോപനവും മുന്നണിയിലെ ഐക്യവുമാണ് സർക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളികൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img