
തിരുവനന്തപുരം:കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക, വികസന മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടാണ് യു.ഡി.എഫ്. 2026-ലെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ തയ്യാറാക്കിയിരിക്കുന്നത്. ആധുനിക സാങ്കേതികവിദ്യയുടെ കരുത്തും പാവപ്പെട്ടവന്റെ ആവലാതികൾക്ക് പരിഹാരവും ഒരുപോലെ ഈ രേഖയിൽ കാണാം.
വികസനത്തിന്റെ പുതിയ പാത:
സാങ്കേതികവിദ്യയും അടിസ്ഥാന സൗകര്യവും
കേരളത്തെ ഒരു ആഗോള വിജ്ഞാന ഹബ്ബാക്കി മാറ്റുക എന്നതാണ് യു.ഡി.എഫിന്റെ പ്രഖ്യാപിത ലക്ഷ്യം.
എ.ഐ (AI) വിപ്ലവം: നിർമ്മിത ബുദ്ധിയുടെ സാധ്യതകൾ ഭരണത്തിലും സേവനങ്ങളിലും കൊണ്ടുവരാൻ 'കേരള എ.ഐ ഗവേഷണ സ്ഥാപനം' (KAIR) സ്ഥാപിക്കും.
ഉപേക്ഷിച്ച വൻകിട പദ്ധതികൾ: എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് പാതിവഴിയിൽ നിലച്ചതും എന്നാൽ നാടിന് അത്യന്താപേക്ഷിതവുമായ വൻകിട വികസന പദ്ധതികൾ യു.ഡി.എഫ് പൂർത്തിയാക്കും.
സിൽവർ ലൈൻ വിരുദ്ധ നിലപാട്:
ജനങ്ങളെ ദുരിതത്തിലാക്കുന്ന സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കും. ഇതുമായി ബന്ധപ്പെട്ട് കുടിയിറക്ക് ഭീഷണി നേരിടുന്നവർക്കും കേസുകളിൽ അകപ്പെട്ടവർക്കും നീതി ഉറപ്പാക്കും.
സ്മാർട്ട് ട്രാൻസ്‌പോർട്ട്:
കൊച്ചി മെട്രോയുടെ അടുത്ത ഘട്ടങ്ങൾ വേഗത്തിലാക്കുകയും പൊതുഗതാഗത സംവിധാനങ്ങൾ ആധുനികവൽക്കരിക്കുകയും ചെയ്യും.
കാർഷിക മേഖല:
കർഷകന് കൈത്താങ്ങ്
തകർന്നടിഞ്ഞ കാർഷിക മേഖലയെ പുനരുദ്ധരിക്കാനുള്ള വിപുലമായ പദ്ധതികൾ മാനിഫെസ്റ്റോയിലുണ്ട്.
റബ്ബർ താങ്ങുവില: റബ്ബർ കർഷകരുടെ ഏറെക്കാലത്തെ ആവശ്യമായ താങ്ങുവില 250 രൂപയായി വർദ്ധിപ്പിക്കും.
സംഭരണവും വിപണനവും:
നെല്ല്, നാളികേരം എന്നിവയുടെ സംഭരണം കുറ്റമറ്റതാക്കും. കർഷകർക്ക് കിട്ടാനുള്ള കുടിശ്ശികകൾ അടിയന്തരമായി തീർപ്പാക്കും.
വന്യജീവി ആക്രമണം: മലയോര നിവാസികളുടെ പേടിസ്വപ്നമായ വന്യജീവി ആക്രമണങ്ങൾ തടയാൻ ശാസ്ത്രീയമായ പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തും. കാർഷിക നാശനഷ്ടങ്ങൾക്ക് കാലതാമസമില്ലാതെ അർഹമായ നഷ്ടപരിഹാരം നൽകും
ആരോഗ്യവും സാമൂഹിക സുരക്ഷയും:
ജനങ്ങളുടെ ആരോഗ്യം സർക്കാരിന്റെ ബാധ്യതയാണെന്ന കാഴ്ചപ്പാടാണ് യു.ഡി.എഫിനുള്ളത്.
വാതിൽക്കൽ സേവനം: വയോജനങ്ങൾക്കും കിടപ്പുരോഗികൾക്കും മരുന്നുകളും ചികിത്സാ സഹായങ്ങളും വീട്ടിലെത്തിക്കുന്ന 'ഡോർസ്റ്റെപ്പ് ഔട്ട്റീച്ച്' സംവിധാനം നിലവിൽ വരും.
ആശുപത്രി നവീകരണം: സർക്കാർ ആശുപത്രികളിൽ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും മരുന്നുകളുടെ ക്ഷാമം പൂർണ്ണമായും പരിഹരിക്കുകയും ചെയ്യും.
ഭവന പദ്ധതി: വീടില്ലാത്തവർക്കെല്ലാം സുരക്ഷിതമായ ഭവനം ഉറപ്പാക്കുന്ന 'ലൈഫ്' പദ്ധതിയിലെ അപാകതകൾ പരിഹരിച്ച് കൂടുതൽ ജനകീയമായി നടപ്പിലാക്കും.
വിദ്യാഭ്യാസവും യുവാക്കളും
യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാൻ വ്യക്തമായ ദിശാബോധം പ്രകടനപത്രിക നൽകുന്നു.
ഉന്നത വിദ്യാഭ്യാസം: വിദേശ സർവ്വകലാശാലകളുമായി സഹകരിച്ച് സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമുകൾ നടപ്പിലാക്കും. സർവ്വകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കി അക്കാദമിക് സ്വാതന്ത്ര്യം ഉറപ്പാക്കും.
തൊഴിൽ അവസരങ്ങൾ: കേരളത്തിലെ യുവാക്കൾക്ക് നാട്ടിൽ തന്നെ തൊഴിൽ ഉറപ്പാക്കാൻ സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക സഹായം നൽകും. ഐടി മേഖലയുടെ വളർച്ചയ്ക്കായി കൂടുതൽ ഇന്നൊവേഷൻ ഹബ്ബുകൾ സ്ഥാപിക്കും.
ക്ഷേമ പദ്ധതികളും ജനകീയ സേവനങ്ങളും
വിലക്കയറ്റം തടയൽ:
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ വിപണിയിൽ സർക്കാർ സജീവമായി ഇടപെടും. സപ്ലൈകോ, മാവേലി സ്റ്റോറുകൾ എന്നിവ ശക്തിപ്പെടുത്തും.
സ്ത്രീ ശാക്തീകരണം: തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കും. സ്വയംതൊഴിൽ കണ്ടെത്താൻ വനിതാ കൂട്ടായ്മകൾക്ക് കുറഞ്ഞ പലിശയിൽ വായ്പകൾ നൽകും.
മത്സ്യത്തൊഴിലാളികൾ: തീരദേശ സംരക്ഷണത്തിനും മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും . പ്രത്യേക പാക്കേജ് അനുവദിക്കും.
സുതാര്യമായ ഭരണം
അഴിമതി വിരുദ്ധ കേരളം:
ഭരണരംഗത്തെ അഴിമതി തുടച്ചുനീക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കും. സർക്കാർ സേവനങ്ങൾ പൂർണ്ണമായും ഓൺലൈൻ ആക്കുന്നതിലൂടെ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കും.
വികേന്ദ്രീകരണം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരവും ഫണ്ടും നൽകി അധികാര വികേന്ദ്രീകരണം ശക്തിപ്പെടുത്തും.
ബെന്നി ബെഹനാൻ ചെയർമാനും കൊടിക്കുന്നിൽ സുരേഷ് കൺവീനറുമായ കമ്മിറ്റി രൂപപ്പെടുത്തിയ ഈ മാനിഫെസ്റ്റോ, കേരളത്തിന്റെ മങ്ങിയ പ്രതാപം തിരിച്ചുപിടിക്കാനുതകുന്ന ഒരു സമഗ്ര രേഖയാണ്. സാധാരണക്കാരന്റെ ആവശ്യങ്ങളെയും ആധുനിക ലോകത്തിന്റെ സാധ്യതകളെയും ഒരുപോലെ ടഉൾക്കൊള്ളുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. വരുംതലമുറയ്ക്കായി ഒരു മികച്ച കേരളം കെട്ടിപ്പടുക്കാൻ യു.ഡി.എഫ് നൽകുന്ന വാഗ്ദാനമാണിത്.










