
കണ്ണൂര്‍: സിപിഎം തീവ്രലതുപക്ഷമായി മാറിയെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേരളത്തിൽ സിപിഎമ്മും ബിജെപിയുമായി കൂട്ടുകച്ചവടമാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. രണ്ട് പ്രത്യയ ശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പെന്നും കണ്ണൂരിൽ യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കവെ രാഹുൽ ഗാന്ധി പറഞ്ഞു.
സിപിഎം യഥാര്‍ത്ഥ ഇടതുപക്ഷം അല്ലാതെയായി മാറിയെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ബിജെപിയും സിപിഎമ്മും കോര്‍പ്പറേറ്റ് പാര്‍ട്ടികളാണ്. സിപിഎം യഥാര്‍ത്ഥ ഇടതുപക്ഷമല്ലാതെ ആയി മാറിയെന്നതിന്‍റെ തെളിവാണ് രണ്ട് ഇടത് നേതാക്കള്‍ ഇവിടെ വേദിയിലിരിക്കുന്നതെന്നും തളിപ്പറമ്പിലെ യുഡിഎഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടികെ ഗോവിന്ദനെയും പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണനെയും ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി പറഞ്ഞു.
ബിജെപി മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്നതിന് രണ്ട് തെളിവുകളുണ്ട്. പ്രധാനമന്ത്രി ശബരിമല വിഷയം ഉയർത്തുന്നില്ല, ശബരിമലയിലെ സ്വര്‍ണം സിപിഎം മോഷ്ടിച്ചു. ഹിന്ദുവിന്‍റെ സംരക്ഷകരെന്ന് അവകാശപ്പെടുന്നവർ കേരളത്തിലെത്തിയാൽ ഒന്നും പറയുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിൽ ഇടതുപക്ഷം വിജയിക്കാൻ പ്രധാനമന്ത്രി ആഗ്രഹിക്കുന്നുവെന്നും ബിജെപിക്ക് സിപിഎമ്മിനെ നിയന്ത്രിക്കാൻ സാധിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
സ്വർണ്ണം കട്ടത് ആരപ്പായെന്ന രാഹുൽ ഗാന്ധി ഉന്നയിച്ച ഈ ചോദ്യത്തിന് ഉത്തരം പറയാതെ പിണറായി വിജയന് മുന്നോട്ട് പോകാനാകില്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. കണ്ണൂരിൽ ഇപ്പോൾ യഥാർത്ഥ കമ്മ്യൂണിസ്റ്റുകളില്ല. യഥാർത്ഥ കമ്മ്യൂണിസ്റ്റുകളാണ് വി കുഞ്ഞികൃഷ്ണനും ടി കെ ഗോവിന്ദനുമെന്നും രാഹുൽ ഗാന്ധിയുടേത് കമ്മ്യൂണിസ്റ്റ് മനസാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.










