
തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയെ ചൊല്ലി യുഡിഎഫിൽ തർക്കം മുറുകുന്നു. മുസ്ലിം ലീഗ് കടുത്ത നിലപാട് സ്വീകരിച്ചതോടെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് തന്റെ നിലപാടിൽ മലക്കംമറിഞ്ഞു. പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ യുഡിഎഫ് ഇതുവരെ ഔദ്യോഗികമായി ചർച്ച നടത്തിയിട്ടില്ലെന്നും, മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ അന്തിമ നിലപാട് സ്വീകരിക്കൂ എന്നുമാണ് ലീഗ് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് അടൂർ പ്രകാശും സമാന നിലപാട് സ്വീകരിച്ചത്.
സർക്കാർ പി.എം. ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് യുഡിഎഫ് അനുമതി നൽകിയെന്ന തരത്തിൽ അടൂർ പ്രകാശ് നടത്തിയ പരാമർശമാണ് വിവാദമായത്. എന്നാൽ, അത്തരമൊരു തീരുമാനം മുന്നണി യോഗത്തിൽ ഉണ്ടായിട്ടില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വിഷയം യുഡിഎഫ് യോഗത്തിന്റെ അജൻഡയിൽ പോലും ഉൾപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി വിഷയത്തിൽ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാനിരിക്കുകയാണ്. റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മുന്നണി അന്തിമ തീരുമാനം കൈക്കൊള്ളാവൂ എന്നതാണ് ലീഗിന്റെ നിലപാട്.
ലീഗിന്റെ പ്രതികരണത്തിന് പിന്നാലെ പത്തനംതിട്ടയിൽ മാധ്യമങ്ങളോട് സംസാരിച്ച അടൂർ പ്രകാശ്, പി.എം. ശ്രീ വിഷയത്തിൽ യുഡിഎഫ് ചർച്ച നടത്തിയിട്ടില്ലെന്നും ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും തീരുമാനമെന്നും വ്യക്തമാക്കി. കുഞ്ഞാലിക്കുട്ടി തന്റെ പ്രസ്താവന തള്ളിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, മൂന്ന് കോൺഗ്രസ് മന്ത്രിമാരും ഒരു ലീഗ് മന്ത്രിയും ഉൾപ്പെട്ട ഉപസമിതി അടുത്തയാഴ്ച റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ, അതിന്റെ പ്രാധാന്യം കുറയ്ക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ ലീഗിൽ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. വിഷയത്തിൽ അനാവശ്യ വിവാദം ഉയരുന്നതും പ്രതിപക്ഷത്തിന് രാഷ്ട്രീയ ആയുധമാകുന്ന സാഹചര്യം സൃഷ്ടിക്കുന്നതും സംബന്ധിച്ച ആശങ്ക ലീഗ് നേതൃത്വത്തിനുണ്ടെന്നാണ് സൂചന. ഇക്കാര്യങ്ങൾ മുഖ്യമന്ത്രി മുന്നിൽ അവതരിപ്പിക്കാനും ലീഗ് ആലോചിക്കുന്നുണ്ട്.
സംസ്ഥാനത്തിന് കാര്യമായ സാമ്പത്തികമോ ഭരണപരമോ ആയ നഷ്ടമില്ലാതെ പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയുന്ന സാഹചര്യമുണ്ടെങ്കിൽ പി.എം. ശ്രീ പദ്ധതി ഉപേക്ഷിക്കുന്നതാണ് ഉചിതമെന്ന അഭിപ്രായത്തിനാണ് ലീഗിനുള്ളിൽ കൂടുതൽ പിന്തുണ ലഭിക്കുന്നത്.










