
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച യുഡിഎഫ് സ്ഥാനാർത്ഥി മരിച്ചു. അരുവിക്കര ഗ്രാമപഞ്ചായത്തിലെ മണമ്പൂർ വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി ചെറിയകൊണ്ണി സ്വദേശി വിജയകുമാരൻ നായർ (59) ആണ് മരണപ്പെട്ടത്. ജീവനൊടുക്കാൻ ശ്രമിച്ച വിജയകുമാരൻ നായരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഫലപ്രഖ്യാപന ദിനമായ ശനിയാഴ്ച ഉച്ചയോടെ വിജയകുമാരൻ നായർ തൂങ്ങി ജീവനൊടുക്കാൻ ശ്രമിച്ചുവെന്ന് പൊലീസ് പറഞ്ഞു. മകൻ ഉടൻ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
മണമ്പൂർ വാർഡിൽ ബിജെപി സ്ഥാനാർത്ഥിയാണ് വിജയിച്ചത്. വിജയകുമാരൻ നായർ മൂന്നാം സ്ഥാനത്തായി. തിരഞ്ഞെടുപ്പ് പരാജയം അദ്ദേഹത്തെ മാനസികമായി തളർത്തിയിരുന്നുവെന്ന് ബന്ധുക്കൾ വ്യക്തമാക്കി.









