02:27am 25 June 2026
NEWS
വടക്കൻ കേരളത്തിൽ യു.ഡി.എഫ് പടയോട്ടം
11/05/2026  05:55 AM IST
പ്രദീപ് ഉഷസ്സ്
വടക്കൻ കേരളത്തിൽ യു.ഡി.എഫ് പടയോട്ടം

ഏത് കൊടുങ്കാറ്റിലും പതറാതെ ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനിന്ന ചരിത്രമുള്ള വടക്കൻ കേരളത്തിൽ ഇക്കുറി അതിശക്ത തിരിച്ചടിയാണ് എൽ.ഡി.എഫിന് ഏറ്റുവാങ്ങേണ്ടി വന്നത്. ആഞ്ഞടിച്ച ജനകീയ പ്രതിഷേധത്തിന് മുന്നിൽ ഇടതുകോട്ടകൾ ഒന്നൊന്നായി കടപുഴകി വീണു. കാസർഗോട്ടും, കണ്ണൂരും, കോഴിക്കോട്ടുമെല്ലാം അപ്രതീക്ഷിതാഘാതമാണുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയനുപോലും കനത്ത വെല്ലുവിളിയാണ് നേരിടേണ്ടി വന്നത്.

കാസർഗോട്ട് യു.ഡി.എഫ് കരുത്തിൽ പതറി എൽ.ഡി.എഫ്

കാസർഗോഡ് ജില്ലയിൽ യു.ഡി.എഫ് നേടിയത് അത്യുജ്ജ്വല വിജയം. ആകെയുള്ള അഞ്ച് മണ്ഡലങ്ങളിൽ നാലും യു.ഡി.എഫ് സ്വന്തമാക്കി. സി.പി.എം കോട്ടകളായിരുന്ന ഉദുമയും, തൃക്കരിപ്പൂരും പിടിച്ചെടുക്കുകയും സ്വന്തം തട്ടകങ്ങളായ മഞ്ചേശ്വരവും കാസർഗോഡും യു.ഡി.എഫ് നിലനിർത്തുകയും ചെയ്തു. കാഞ്ഞങ്ങാട് മണ്ഡലം സി.പി.ഐയ്ക്ക് നിലനിർത്താൻ കഴിഞ്ഞത് മാത്രമാണ് ഇടതുപക്ഷത്തിന് കേവലാശ്വാസം പകർന്നത്.

മുസ്ലീംലീഗും ബി.ജെ.പിയും മുഖാമുഖമേറ്റുമുട്ടുന്ന സംസ്ഥാനത്തെ അപൂർവ്വം മണ്ഡലങ്ങളിലൊന്നാണ് കാസർഗോഡ്. കോൺഗ്രസിനും, സി.പി.എമ്മിനും യഥാർത്ഥത്തിൽ ഇവിടെ കാഴ്ചക്കാരുടെ റോളാണുള്ളത്. മുസ്ലീംലീഗിന്റെയും ബി.ജെ.പിയുടെയും ജില്ലാ പ്രസിഡന്റുമാർ നേരിട്ടാണ് മത്സരത്തിനെത്തിയതെന്ന പ്രത്യേകത കൂടി കാസർഗോഡിനുണ്ടായിരുന്വു. മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റും യു.ഡി.എഫ് ജില്ലാ ചെയർമാനും വ്യവസായിയുമായ കല്ലട്ര മാഹിൻഹാജി 22,698 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മണ്ഡലം സ്വന്തമാക്കിയത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ജെ.പിയിലെ എം.എൽ. അശ്വനിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. മുൻ കോൺഗ്രസ് നേതാവ് ഷാനവാസ് പാദൂരാണ് ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്ത് വന്നത്. കാസർഗോഡ് ജില്ലയിലുടനീളം ശക്തമായ വേരോട്ടമുള്ള ഷാനവാസ് പാദൂരിന്, കലട്ര മാഹിൻഹാജിയുടെ പടയോട്ടത്തെ തടയാനായതുമില്ല.

കേരളമൊട്ടാകെ ഉറ്റുനോക്കിയിരുന്ന മറ്റൊരു മണ്ഡലമായിരുന്നു സംസ്ഥാനത്തിന്റെ വടക്കേയറ്റമായ മഞ്ചേശ്വരം. ഇക്കുറി എന്തായാലും താമരവിരിയിക്കുമെന്ന ഉറച്ചവിശ്വാസമാണ് മഞ്ചേശ്വരത്തെ എൻ.ഡി.എ പ്രവർത്തകർക്ക് ഉണ്ടായിരുന്നത്. പലകുറി മഞ്ചേശ്വരത്ത് മത്സരിച്ച്, മണ്ഡലത്തിന്റെ അകവും പുറവും നന്നായി അറിയാവുന്ന മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഇക്കുറി അക്കൗണ്ട് തുറക്കുമെന്ന പ്രതീക്ഷയാണ് എൻ.ഡി.എ കേന്ദ്രങ്ങൾക്ക് ഉണ്ടായിരുന്നത്. അതേസമയം യു.ഡി.എഫ് സ്ഥാനാർത്ഥി സിറ്റിംഗ് എം.എൽ.എ എ.കെ.എം അഷ്‌റഫ് നടത്തിയ പടയോട്ടത്തിന്റെ പിടിച്ചുനിൽക്കാൻ കെ. സുരേന്ദ്രന് കഴിഞ്ഞില്ല. ഇതര മുസ്ലീംലീഗ് നേതാക്കളിൽ നിന്നും അടിത്തട്ടിൽ നിന്നും വളർന്നുവന്ന ജനകീയ നേതാവാണ് അഷ്‌റഫ്.

സമരമുഖങ്ങളിൽ പോലീസ് ലാത്തിച്ചാർജ്ജ് ഏറ്റുവാങ്ങിയും, ആദ്യാവസാനം പ്രവർത്തകർക്കൊപ്പം ഉറച്ചുനിന്നും, മുസ്ലീം ലീഗിന്റെ നേതൃസ്ഥാനത്തേക്ക് ഉയർന്നുവന്ന നേതാവാണ് എ.കെ.എം അഷ്‌റഫ്. ദേശീയ പാതാ അതോറിറ്റിയുടെ കുമ്പള ടോൾബൂത്ത് സമരത്തിൽ റോഡിൽ കിടന്ന് സമരം ചെയ്ത് വിജയം നേടിയ അഷ്‌റഫിന് കക്ഷിരാഷ്ട്രീയത്തിനതീതമായ ജനകീയ പിന്തുണയും കരുത്തായി ഉണ്ട്. എ.കെ.എം അഷ്‌റഫ് കഴിഞ്ഞതവണ 745 വോട്ടുകൾക്കാണ് മണ്ഡലം പിടിച്ചതെങ്കിൽ ഇക്കുറി ഭൂരിപക്ഷം 29,252 ആയി ഉയർത്തിയാണ് ചരിത്രവിജയം നേടിയത്. സി.പി.എം നേതാവ് കെ.ആർ. ജയാനന്ദയായിരുന്നു ഇടതുമുന്നണി സ്ഥാനാർത്ഥി. തുടക്കത്തിൽ ശക്തമായ ത്രികോണ മത്സരത്തിന്റെ അന്തരീക്ഷം മഞ്ചേശ്വരത്ത് നിലനിന്നിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് അടുത്തപ്പോഴേക്ക് ചിത്രം മാറി. ബി.ജെ.പി ജയിക്കാനുള്ള സാധ്യത മുന്നിൽകണ്ട് യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ക്രോസ് വോട്ട് ലഭിച്ചിട്ടുണ്ടെന്ന് തന്നെയാണ് പുറത്തുവന്ന വോട്ടിംഗ് കണക്കുകൾ നൽകുന്ന വ്യക്തമായ സൂചനകൾ.

രക്തസാക്ഷി സ്മാരകങ്ങളിൽ ത്രിവർണ്ണക്കൊടി പാറുമ്പോൾ

സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായിരുന്ന ഉദുമയിൽ ഇടതുപക്ഷത്തിന് ഇക്കുറിയേറ്റത് കനത്ത ആഘാതമാണ്. യു.ഡി.എഫിന്റെ പടയോട്ടത്തിന് മുന്നിൽ സി.പി.എം നേതാവ് അഡ്വ. സി.എച്ച്. കുഞ്ഞമ്പുവിന് പിടിച്ചുനിൽക്കാനായില്ല. സിറ്റിംഗ് എം.എൽ.എയായിരുന്ന കുഞ്ഞമ്പുവിനെ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. നീലകണ്ഠൻ 4847 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാലിന്റെയും, കൃപേഷിന്റെയും ഇരട്ടക്കൊലപാതത്തോടെയാണ് ഉദുമയിലെ സി.പി.എമ്മിന്റെ ശക്തി ദുർബലമായി തുടങ്ങിയത്. കാസർഗോഡ് ജില്ലയിലെ സി.പി.എമ്മിന്റെ ഏറ്റവും ശക്തനായ നേതാക്കളിൽ ഒരാളായ കുഞ്ഞമ്പു പരാജയപ്പെടാനുള്ള നേരിയ സാധ്യതപോലും ഇടതുകേന്ദ്രങ്ങൾ കണക്കുകൂട്ടിയിരുന്നില്ല. മികച്ച സഹകാരിയും സംഘാടകനുമായ നീലകണ്ഠന് ജില്ലയിലുടനീളം മികച്ച വ്യക്തിബന്ധങ്ങൾ ഉണ്ട്. രാഷ്ട്രീയത്തിന് അതീതമായ ആവിധം അടിയൊഴുക്കുകളും ഉദുമയിൽ പ്രതിഫലിച്ചിട്ടുണ്ടെന്നതാണ് യാഥാർത്ഥ്യം.
ഉദുമയിലെ ഇടതുമുന്നണി നേതൃത്വത്തിന്റെ അമിത ആത്മവിശ്വാസമാണ് മണ്ഡലം നഷ്ടമാകാൻ കാരണമെന്ന വിലയിരുത്തലും ഇതിനോടകം ഉയർന്നുവന്നിട്ടുണ്ട്. ഇടതുമുന്നണിയിലെ ചില ഘടകകക്ഷികളെയും ഒപ്പം നിൽക്കുന്ന മറ്റ് പ്രസ്ഥാനങ്ങളേയും വേണ്ടവിധത്തിൽ ഒപ്പം നിർത്തി ഒറ്റക്കെട്ടായി  മുന്നോട്ടുപോകുന്നതിൽ ഉദുമയിലെ മുന്നണി നേതൃത്വത്തിന് വീഴ്ച സംഭവിച്ചുവെന്നാണ് വിലയിരുത്തൽ. ഇടതുമുന്നണിക്കൊപ്പം മറ്റ് ജില്ലകളിലെല്ലാം അടിയുറച്ച് നിലകൊണ്ടിരുന്ന നാഷണൽ ലീഗ് ഉദുമ മണ്ഡലത്തിൽ മാത്രം വേണ്ടത്ര സജീവമായിരുന്നില്ല. നേതൃനിരയിലെ ചിലരുടെ ധാർഷ്ട്യസമീപനങ്ങളാണ് ഇതിന് കാരണമെന്നാണ് വ്യക്തമാക്കുന്ന സൂചനകൾ. എന്തുവന്നാലും വിജയമുറപ്പാണെന്ന അമിതാത്മവിശ്വാസത്തിനേറ്റ കനത്ത ആഘാതം തന്നെയാണ് ഉദുമയിൽ സി.പി.എം നേതൃത്വത്തിന് ഏറ്റുവാങ്ങേണ്ടി വന്നത്.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ അത്രയധികം വൈകാരിക ബന്ധങ്ങൾ നിറഞ്ഞുനിൽക്കുന്നയിടമാണ് തൃക്കരിപ്പൂർ. രക്തസാക്ഷി സ്മരണകൾ നിറഞ്ഞ് നിൽക്കുന്ന കയ്യൂരും, ചീമേനിയും, മുനയൻകുന്നുമെല്ലാം ഉൾക്കൊള്ളുന്ന മണ്ഡലമാണ് തൃക്കരിപ്പൂർ. ഇ.എം.എസ് നമ്പൂതിരിപ്പാടിനേയും, ഇ.കെ. നായനാരേയും വി. കുഞ്ഞമ്പുവിനെയും, ഒ. ഭരതനേയുമെല്ലാം തെരഞ്ഞെടുത്തയച്ച പാരമ്പര്യമുള്ള മണ്ഡലം. കെ.പി. സതീഷ് ചന്ദ്രനിലൂടെയും, ഒ. രാജഗോപാലിലൂടെയുമെല്ലാം ആ ചുവപ്പൻ തുടർച്ച നിലനിർത്തിപ്പോരുന്ന മണ്ഡലം. ആ തൃക്കരിപ്പൂരാണ് ഇക്കുറി ഇടതുപക്ഷത്തിന് നഷ്ടമായിരിക്കുന്നത്.

കാവിക്കൊടി മാറ്റിവച്ച്, മൂവർണ്ണ കൊടിയേന്തി കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ കനത്ത തിരിച്ചടിയാണ് ഇടതുപക്ഷത്തിന് നൽകിയത്. നിലവിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയായ സന്ദീപ് വാര്യർ, ബി.ജെ.പിയിൽ ആയിരിക്കെ നടത്തിയ ന്യൂനപക്ഷ വിരുദ്ധ പ്രസംഗങ്ങളും ഫേസ്ബുക്ക് ഇടപെടലുമെല്ലാം ഉയർത്തി, മുസ്ലീം വിരുദ്ധനായി ചിത്രീകരിക്കാനുള്ള നീക്കങ്ങൾ നടന്നുവെങ്കിലും, അതിനെയെല്ലാം ശക്തമായി പ്രതിരോധിക്കാൻ മുസ്ലീംലീഗിന് കഴിഞ്ഞുവെന്നത് എടുത്തുപറയേണ്ടുന്ന വസ്തുത കൂടിയാണ്. 4431 വോട്ട് ഭൂരിപക്ഷത്തിനാണ് വാര്യർ സി.പി.എം നേതാവായ വി.പി.പി. മുസ്തഫയെ പരാജയപ്പെടുത്തിയത്. ബി.ജെ.പി ബന്ധമുപേക്ഷിച്ച് കോൺഗ്രസിൽ എത്തിയ സന്ദീപ് വാര്യരെ പരാജയപ്പെടുത്താനുള്ള നീക്കങ്ങൾ ബി.ജെ.പി കേന്ദ്രങ്ങളും നടത്തിയിരുന്നുവെങ്കിലും ഉദുമയിൽ അതൊന്നും വിലപ്പോയില്ലെന്നതാണ് യാഥാർത്ഥ്യം.

കാഞ്ഞങ്ങാട് നൽകിയ ആശ്വാസം

ആഞ്ഞടിച്ച യു.ഡി.എഫ് കൊടുങ്കാറ്റിൽ കാസർഗോട്ടെ ഇടതുമുന്നണി പ്രവർത്തകർക്ക് അൽപ്പമെങ്കിലും ആശ്വാസം പകർന്നത് കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഗോവിന്ദൻ പള്ളിക്കാപ്പിൽ നേടിയ വിജയമാണ്. സി.പി.ഐ ദേശീയ കൗൺസിൽ അംഗമായ ഗോവിന്ദൻ 15316 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അഭിമാനവിജയം നേടിയത്.
കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് ഷൈജി ഓട്ടപ്പള്ളിയായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി. ബി.ജെ.പിയിലെ എം. ബൽരാജയും മത്സരരംഗത്തുണ്ടായിരുന്നുവെങ്കിലും കാര്യമായ സ്വാധീനമൊന്നും ചെലുത്താൻ കഴിഞ്ഞതുമില്ല.
കാസർഗോഡ് മണ്ഡലത്തിൽ ഒരു സീറ്റിൽ പോലും വിജയിക്കാൻ സി.പി.എമ്മിന് കഴിഞ്ഞില്ലായെന്നത് രാഷ്ട്രീയമായി സി.പി.എം നേതൃത്വത്തിന് വലിയ തിരിച്ചടിയാണ്. അതോടൊപ്പം ചെമ്പതാകകൾ മാത്രം മാറിയ ചരിത്രമുള്ള ഉദുമയും തൃക്കരിപ്പൂരും നഷ്ടമായതിന്റെ നടുക്കത്തിലുമാണ് സി.പി.എം നേതാക്കളും അണികളുമിപ്പോൾ.

കണ്ണൂർ കോട്ടകളിൽ കാലിടറി സി.പി.എം

നിലവിലുള്ള സിറ്റിംഗ് സീറ്റുകൾ നിലനിർത്തിയ യു.ഡി.എഫ് ഇടതുപക്ഷത്തിനൊപ്പമുള്ള തളിപ്പറമ്പ്, പയ്യന്നൂർ, കണ്ണൂർ സീറ്റുകൾ കൂടി സ്വന്തമാക്കിക്കൊണ്ടാണ് കണ്ണൂരിൽ അട്ടിമറി വിജയം നേടിയത്. അതിശക്ത പോരാട്ടമാണ് ഓരോ മണ്ഡലത്തിലും നടന്നത്. സി.പി.എമ്മിന്റെ കുത്തകമണ്ഡലങ്ങളിൽപ്പോലും ശക്തമായ വെല്ലുവിളിയുയർത്താൻ യു.ഡി.എഫിന് കഴിഞ്ഞു. കനത്ത പോരാട്ടത്തിനൊടുവിൽ എൽ.ഡി.എഫിന് ആറും, യു.ഡി.എഫിന് അഞ്ച് സീറ്റുമാണ് ലഭിച്ചത്.

സി.പി.എമ്മിൽ നിന്നും പുറത്താക്കപ്പെട്ട വി. കുഞ്ഞികൃഷ്ണൻ പയ്യന്നൂരിലും, ടി.കെ. ഗോവിന്ദൻ തളിപ്പറമ്പിലും യു.ഡി.എഫ് പിന്തുണയോടെ വിജയിച്ച് സംസ്ഥാനത്താകെ വിസ്മയം തീർത്തു. ഈ വിമതവിജയം സി.പി.എം നേതൃത്വത്തിനേറ്റ കനത്ത ആഘാതമാണ്. ഇരുവർക്കും കെട്ടിവച്ച കാശ് കിട്ടില്ലെന്ന് ആക്ഷേപിച്ചവർ ജനകീയ പ്രതിഷേധത്തിന്റെ ശക്തിക്ക് മുന്നിൽ പകച്ചുനിൽക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം തട്ടകമായ ധർമ്മടത്തെ കനത്ത വോട്ട് ചോർച്ചയാണ് സി.പി.എം കേന്ദ്രങ്ങളെ നടുക്കിയത്. എല്ലാവിധ കണക്കുകൂട്ടലുകൾക്കുമപ്പുറമായിരുന്നു ആ പ്രഹരം. കഴിഞ്ഞതവണ സംസ്ഥാനത്ത് രണ്ടാമത്തെ റിക്കാർഡ് ഭൂരിപക്ഷത്തോടെ വിജയിച്ച പിണറായി വിജയനെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.പി. അബ്ദുൾ റഷീദ് അക്ഷരാർത്ഥത്തിൽ വെള്ളം കുടിപ്പിച്ചു. 2021 ൽ 50,123 വോട്ട് ഭൂരിപക്ഷത്തിൽ ജയിച്ച പിണറായിയുടെ ഭൂരിപക്ഷം ഇത്തവണ കുത്തനെയിടിഞ്ഞ് 19,247 ആയി. വോട്ട് എണ്ണലിന്റെ ആദ്യആറ് റൗണ്ടുകളിൽ പിണറായി വിജയൻ പിന്നിലാവുകയും ചെയ്തു. പിന്നീടാണ് നില മെച്ചപ്പെടുത്തിയത്. പിണറായി വിജയൻ ഹാട്രിക് വിജയം നേടിയെങ്കിലും ഇക്കുറി ആ വിജയത്തിന് തെല്ലും തിളക്കമില്ലാതെപോയി എന്നതാണ് യാഥാർത്ഥ്യം.

കനത്ത തിരിച്ചടിയാണ് മന്ത്രിയായിരുന്ന കടന്നപ്പള്ളി രാമചന്ദ്രനും നേരിടേണ്ടി വന്നത്. 18551 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ഒ. മോഹനൻ ഇവിടെ വിജയിച്ചത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ എല്ലാ റൗണ്ടുകളിലും മുന്നിട്ട് നിന്നാണ് ടി.ഒ. മോഹനൻ കണ്ണൂരിൽ തന്റെ കരുത്ത് തെളിയിച്ചത്. പേരാവൂരിൽ കെ.പി.സി.സി പ്രസിഡന്റും സിറ്റിംഗ് എം.എൽ.എയുമായ സണ്ണിജോസഫ് ജയിച്ചപ്പോൾ സിറ്റിംഗ് എം.എൽ.എയും, മുൻമന്ത്രിയുമായ കെ.കെ. ശൈലജ തോറ്റു. കണ്ണൂർ ജില്ലയിൽ അതിശക്തമായ പോരാട്ടമാണ് പേരാവൂരിൽ നടന്നത്. 14,453 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് യു.ഡി.എഫ് മണ്ഡലം സ്വന്തമാക്കിയത്.

മുസ്ലീംലീഗ് മത്സരിച്ച അഴിക്കോടും കൂത്തുപറമ്പിലും സ്ഥാനാർത്ഥികൾ പരാജയപ്പെട്ടു. അഴീക്കോട് സിറ്റിംഗ് എം.എൽ.എ സി.പി.എമ്മിലെ കെ.വി. സുമേഷ് 349 വോട്ടിന്റെ മുൻതൂക്കം നേടിയാണ് യു.ഡി.എഫിലെ അഡ്വ. കരീം ചേലേരിയെ പരാജയപ്പെടുത്തിയത്. കൂത്തുപറമ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി.കെ. പ്രവീണാണ് വിജയിച്ചത്. ഭൂരിപക്ഷം 1286 വോട്ട്. മുസ്ലീം ലീഗ് സ്ഥാനാർത്ഥി ജയന്തി രാജനെയാണ് പ്രവീൺ പരാജയപ്പെടുത്തിയത്.

കഴിഞ്ഞതവണ കെ.കെ. ശൈലജ സംസ്ഥാനത്തെ റിക്കാർഡ് ഭൂരിപക്ഷമായ 60,963 വോട്ടിന് വിജയിച്ച മട്ടന്നൂരിൽ ഇത്തവണ 14,168 വോട്ട് ഭൂരിപക്ഷമാണ് ഇടതുപക്ഷത്തിന് നേടാൻ കഴിഞ്ഞത്. ഡി.വൈ.എഫ്.ഐ സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. സനോജാണ് മട്ടന്നൂർ സ്വന്തമാക്കിയത്. കോൺഗ്രസിലെ ചന്ദ്രൻ തില്ലങ്കേരിയായിരുന്നു എതിർസ്ഥാനാർത്ഥി. ഇരിക്കൂറിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സജീവ് ജോസഫിനാണ് കണ്ണൂർ ജില്ലയിൽ എറ്റവും കൂടുതൽ ഭൂരിപക്ഷം. 42,426 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കേരളാകോൺഗ്രസ് (എം) സ്ഥാനാർത്ഥിയായ അഡ്വ. മാത്യുകുന്നപ്പള്ളിയെ പരാജയപ്പെടുത്തിയത്.

സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, റബ്‌കോ ചെയർമാനുമായ കാരായി രാജൻ തലശ്ശേരി മണ്ഡലത്തിൽ നിന്നും 20523 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കോൺഗ്രസിലെ കെ.പി. സാജുവിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. എസ്എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന എം.വിജിൻ കല്യാശ്ശേരിയിൽ ഇടത് വിജയം വീണ്ടും ആവർത്തിച്ചു. കോൺഗ്രസിലെ അഡ്വ. രാജീവൻ കപ്പച്ചേരിയെയാണ് 18433 വോട്ട് ഭൂരിപക്ഷത്തിന് വിജിൻ പരാജയപ്പെടുത്തിയത്.

വിമതരുടെ കരുത്ത്

സംസ്ഥാനത്തൊട്ടാകെ ഉറ്റുനോക്കിയിരുന്ന മണ്ഡലങ്ങളാണ് പയ്യന്നൂരും തളിപ്പറമ്പും. രണ്ടിടവും സി.പി.എമ്മിന്റെ ഉരുക്കുകോട്ടകൾ. ഒരു അടിയൊഴുക്കും തങ്ങളുടെ കരുത്തിനെ ബാധിക്കില്ലെന്ന ധാർഷ്ട്യ നിലപാടായിരുന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപനം തൊട്ട് വോട്ടെണ്ണുന്ന സമയംവരെ ജില്ലയിലെ സി.പി.എം നേതൃത്വത്തിന് ഉണ്ടായിരുന്നത്. ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് സംബന്ധിച്ച് വി. കുഞ്ഞികൃഷ്ണൻ ഉയർത്തിയ ചോദ്യങ്ങളോടും, തളിപ്പറമ്പ് സീറ്റിൽ എം.വി. ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യ ശൈലജ ടീച്ചറെ മത്സരിപ്പിക്കാൻ നടത്തിയ നീക്കങ്ങൾക്കെതിരെയും ഉയർന്ന ആരോപണങ്ങളോടും അടിച്ചമർത്തൽ ശൈലിയാണ് പാർട്ടി നേതൃത്വം പ്രതികരിച്ചത്. പാർട്ടി ഫണ്ട് വിനിയോഗം സംബന്ധിച്ച് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും, പാർട്ടി ബന്ധുക്കളെ അറിയിച്ചുകൊള്ളാം എന്ന മട്ടിലുള്ള മറുപടിയാണ് കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് നൽകിയത്.അണികളുടെ അടിസ്ഥാന വികാരങ്ങളെ മാനിക്കാതെയുള്ള ധാർഷ്ട്യസമീപനങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് പയ്യന്നൂരിലും തളിപ്പറമ്പിലുമുണ്ടായത്. പാർട്ടിക്കോട്ടകളിൽ നിന്നും, ഈ വിധത്തിൽ മണ്ണൊലിച്ചുപോയത് സി.പി.എം നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.

സിറ്റിംഗ് എം.എൽ.എയും സി.പി.എം നേതാവുമായ ടി.കെ. മധുസൂദനന് കനത്ത ആഘാതമാണ് പയ്യന്നൂരിലെ വോട്ടർമാർ നൽകിയത്. രക്തസാക്ഷി ഫണ്ട് വിനിയോഗത്തിൽ മധുസൂദനന്റെ പങ്കിനെക്കുറിച്ച് ആക്ഷേപമുയർന്നപ്പോൾ, രമ്യമായി അത് പരിഹരിച്ച്, കണക്കുകൾ സുതാര്യമായി പൊതുസമൂഹമധ്യേ അവതരിപ്പിക്കാൻ സി.പി.എം നേതൃത്വം തയ്യാറായതേയില്ല. സി.പി.എം അണികളുടെ വികാരം മനസ്സിലാക്കാനോ പരിഹരിക്കാനോ നേതാക്കൾ തയ്യാറാക്കാത്തതിനാലാണ് ഇത്രയും കനത്ത തിരിച്ചടി ഇടതുപക്ഷത്തിന് നേരിടേണ്ടി വന്നത്. കഴിഞ്ഞതവണ 49,780 വോട്ട് ഭൂരിപക്ഷമാണ് ടി.ഐ. മധുസൂദനന് ഉണ്ടായിരുന്നത്. ഇത്ര കനത്ത ഭൂരിപക്ഷത്തെ അട്ടിമറിക്കാൻ വി. കുഞ്ഞികൃഷ്ണന് കഴിയുമെന്ന് ഇടതുപക്ഷം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സി.പി.എമ്മിന്റെ മുൻ ഏരിയാ സെക്രട്ടറിയായിരുന്ന കുഞ്ഞികൃഷ്ണന് അടിത്തട്ടിലെ പ്രവർത്തകരുടെ സ്പന്ദനങ്ങൾ നന്നായി അറിയാമയിരുന്നു. യു.ഡി.എഫ് പ്രവർത്തകർക്കൊപ്പം വലിയ വിഭാഗം പാർട്ടി പ്രവർത്തകരും പരോക്ഷമായി കുഞ്ഞികൃഷ്ണന് ഒപ്പം നിന്നു. 7487 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ടി.ഐ. മധുസൂദനൻ പയ്യന്നൂരിൽ കാലിടറി വീഴുകയും ചെയ്തു.
തളിപ്പറമ്പിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. സംഘടനാ പ്രവർത്തനരംഗത്ത് നിറഞ്ഞുനിന്നിരുന്ന നേതാവ് തന്നെയായിരുന്നു പി.കെ.ശ്യാമള ടീച്ചർ എങ്കിലും, ആന്തൂർ നഗരസഭാദ്ധ്യക്ഷയായിരിക്കെ അവർക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ ഇപ്പോഴും ശക്തമായി അവിടെ നിലനിൽക്കുന്നുണ്ട്. മറ്റ് നേതാക്കളുടെ പേരുകൾ പാർട്ടി നേതൃത്വം തളിപ്പറമ്പിന് വേണ്ടി ഉയർത്തിയെങ്കിലും, തനിക്ക് പകരം തന്റെ ഭാര്യ മത്സരിച്ചാൽ മതിയെന്ന പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററുടെ കടുംപിടിത്തമാണ് ശ്യാമളടീച്ചറുടെ സ്ഥാനാർത്ഥിത്വത്തിന് പിന്നിലെന്ന ആക്ഷേപം ശക്തമായി ഉയർന്നു. ഇതിനെത്തുടർന്നാണ് സി.പി.എം മുൻ സെക്രട്ടറിയേറ്റ് അംഗവും, ഹാൻവീവ് ചെയർമാനുമായിരുന്ന ടി.കെ. ഗോവിന്ദൻ സ്ഥാനാർത്ഥിയായി രംഗത്തുവന്നത്. യു.ഡി.എഫ് ഗോവിന്ദന് പിന്തുണ നൽകുകയും ചെയ്തു. 12551 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്, പി.കെ. ശ്യാമള ടീച്ചറെ പരാജയപ്പെടുത്തി തളിപ്പറമ്പ് മണ്ഡലം, ടി.കെ. ഗോവിന്ദൻ യു.ഡി.എഫിന് നൽകിയത്.

കോഴിക്കോട്: കാലിടറി എൽ.ഡി.എഫ്

അതിശക്തമായ ജനകീയ പ്രതിഷേധത്തിന് മുന്നിൽ ഇടതുമുന്നണിയുടെ ഉരുക്കുകോട്ടകൾ ഒന്നാകെ നിലംപതിച്ച ചിത്രമാണ് കോഴിക്കോട് ജില്ലയിൽ ഉടനീളമുണ്ടായത്. ബാലുശ്ശേരി, എലത്തൂർ, നാദാപുരം, പേരാമ്പ്ര, കൊയിലാണ്ടി, കോഴിക്കോട് നോർത്ത് എന്നിവിടങ്ങളിൽ വലിയ തോതിലാണ് വോട്ട് ചോർച്ചയുണ്ടായത്. ആകെയുള്ള 13 സീറ്റിൽ പന്ത്രണ്ടും സ്വന്തമാക്കി അതിശക്തമായ തിരിച്ചുവരവാണ് യു.ഡി.എഫ് നടത്തിയത്. ആ പടയോട്ടത്തിന് മുന്നിൽ ഇടതുപക്ഷത്തിന്റെ കോട്ടകൊത്തളങ്ങൾ ഒന്നാകെ തകർന്നുതരിപ്പണമാവുകയും ചെയ്തു.
കഴിഞ്ഞ ത്രിതല തെരഞ്ഞെടുപ്പ് വേളയിൽ അപ്രതീക്ഷിത തിരിച്ചടിയാണ് ഇടതുപക്ഷത്തിന് നേരിടേണ്ടി വന്നത്. ജില്ലാപഞ്ചായത്ത് നഷ്ടമായി. നേരിയ ഭൂരിപക്ഷത്തിനാണ് കോഴിക്കോട് കോർപ്പറേഷൻ നിലനിൽക്കുന്നത്. ഇതരപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിമെല്ലാം കനത്ത തിരിച്ചടിയേറ്റുവാങ്ങേണ്ടതായും വന്നു. ജനങ്ങൾ നൽകിയ ആ ഷോക്ക് ട്രീറ്റ്‌മെന്റിൽ നിന്നും പാഠങ്ങൾ പഠിക്കാനും, ജനങ്ങളെ മുഖവിലയ്‌ക്കെടുക്കാനും മുന്നണി നേതൃത്വം തയ്യാറായില്ലെന്നാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും നൽകുന്ന സൂചന. അടിത്തട്ടിൽ നിന്നുമുയരുന്ന ജനകീയ പ്രതിഷേധത്തെ തിരിച്ചറിയുന്നതിലും പ്രതിരോധിക്കുന്നതിലും സി.പി.എം നേതൃത്വത്തിന് സംഭവിച്ച വീഴ്ച തന്നെയാണ് കോഴിക്കോട് ജില്ലയിൽ ഏറ്റ കനത്ത തിരിച്ചടിക്ക് പ്രധാന കാരണമെന്നത് പറയാതെ വയ്യ.

പൊരുതി വീണ എൽ.ഡി.എഫ് കൺവീനർ

ഇടതുമുന്നണി സംസ്ഥാന കൺവീനറും സി.പി.എം കേന്ദ്രകമ്മിറ്റിയംഗവുമായ ടി.പി രാമകൃഷ്ണന് പേരാമ്പ്ര മണ്ഡലത്തിൽ ഏറ്റുവാങ്ങേണ്ടി വന്നത് അപ്രതീക്ഷിത തിരിച്ചടിയാണ്. മുസ്ലീംലീഗിന്റെ യുവനേതാവായ അഡ്വ. ഫാത്തിമ തഹ്‌ലിയയാണ് 5087 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ടി.പി. രാമകൃഷ്ണനെ പരാജയപ്പെടുത്തിയത്. എം.എസ്.എഫിന്റെ ദേശീയ വൈസ് പ്രസിഡന്റ്, ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച ഫാത്തിമ തഹ്‌ലിയ യൂത്ത് ലീഗിന്റെ സംസ്ഥാന സെക്രട്ടറിയാണ്.

ഇടതുമുന്നണിയുടെ കോഴിക്കോട് ജില്ലയിലെ ഏറ്റവും സുരക്ഷിത മണ്ഡലമായ എലത്തൂരിലും ഇക്കുറി എൽ.ഡി.എഫിന് അടിപതറി. മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രനെ 12162 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫിലെ അഡ്വ. വിദ്യാബാലകൃഷ്ണൻ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ 38,502 വോട്ടായിരുന്നു ഇവിടെ എ.കെ. ശശീന്ദ്രന്റെ ഭൂരിപക്ഷം. 2011 ൽ മണ്ഡലം രൂപീകരിക്കപ്പെട്ട കാലം തൊട്ടേ എ.കെ. ശശീന്ദ്രൻ തന്നെയാണ് എലത്തൂരിൽ വിജയിച്ചുവരുന്നത്. എൻ.സി.പിക്ക് എലത്തൂരിൽ കാര്യമായ വേരോട്ടമൊന്നുമില്ലെങ്കിലും സി.പി.എമ്മിന്റെ സംഘടനാ സംവിധാനമാണ് എക്കാലത്തും ശശീന്ദ്രന് തുണയായി മാറിയത്. ഇത്തവണ ശശീന്ദ്രൻ മത്സരരംഗത്ത് നിന്ന് മാറിനിൽക്കണമെന്ന ആവശ്യം എൻ.സി.പിയിൽ ശക്തമായിരുന്നു. പ്രവർത്തകർ ചേരിതിരിഞ്ഞ് പൊട്ടിത്തെറിയുടെ വക്കിൽ എത്തുകയും ചെയ്തിരുന്നു. ഒടുവിൽ ദേശീയ നേതൃത്വത്തിന്റെ പിന്തുണ തേടിയാണ് ശശീന്ദ്രൻ മത്സരിക്കാൻ എത്തിയത്. പിണറായി വിജയന്റെ പിന്തുണ കൂടി സ്വന്തമാക്കിയതോടെ എലത്തൂരിൽ വിജയം സുനിശ്ചിതമെന്നായിരുന്നു എ.കെ. ശശീന്ദ്രന്റെ കണക്കുകൂട്ടൽ. എന്നാൽ ആ പ്രതീക്ഷകളെയെല്ലാം അട്ടിമറിച്ചുകൊണ്ട് വലിയ സ്വീകാര്യതയാണ് വിദ്യാബാലകൃഷ്ണൻ നേടിയത്. ഉറച്ചകോട്ട കൈവിട്ടുപോയതിലെ ഞെട്ടലിലാണ് എലത്തൂരിലെ ഇടതുമുന്നണി പ്രവർത്തകർ.

അരനൂറ്റാണ്ടിലേറെയായി സി.പി.എം പ്രതിനിധികളെ മാത്രം നിയമസഭയിലേക്ക് അയച്ച പാരമ്പര്യമുള്ള നാദാപുരത്തും ഇക്കുറി തിരിച്ചടി ഏറ്റുവാങ്ങേണ്ടി വന്നു. സി.പി.ഐ നേതാവ് പി. വസന്തത്തെയാണ് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെ.എം. അഭിജിത്ത് പരാജയപ്പെടുത്തിയത്. 23600 ഭൂരിപക്ഷമാണ് നാദാപുരത്തുകാർ അഭിജിത്തിന് നൽകിയത്. എക്കാലത്തും സി.പി.എമ്മിനോടൊപ്പം നിന്ന ചരിത്രമുള്ള ബാലുശ്ശേരിയിലും ഇക്കുറി ഇടതുപക്ഷത്തിന് തിരിച്ചടി ഏറ്റുവാങ്ങേണ്ടി വന്നു. സിറ്റിംഗ് എം.എൽ.എയായ അഡ്വ. കെ.എം. സച്ചിൻദേവിനെയാണ് കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ് പരാജയപ്പെടുത്തിയത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥികളിലൊരാളായ സൂരജിന്റെ നിയമസഭയിലേക്കുള്ള കന്നിയങ്കമാണിത്. കർഷകത്തൊഴിലാളി കുടുംബത്തിൽ ജനിച്ച്, ജനകീയ പ്രവർത്തനങ്ങളിലൂടെ കോഴിക്കോട് ജില്ലയിൽ പരിചിതനായ സൂരജിന്. കക്ഷിരാഷ്ട്രീയത്തിനതീതമായ അംഗീകാരമാണ്, ബാലുശ്ശേരിയിലെ അട്ടിമറി വിജയത്തിൽ ഉടനീളം നിറഞ്ഞുനിന്നിരുന്നത്.

സുജനപാലിന് ശേഷം കെ. ജയന്ത്

കാൽനൂറ്റാണ്ടിനുശേഷം കോഴിക്കോട് നോർത്ത് മണ്ഡലം അഡ്വ. കെ. ജയന്തിലൂടെ യു.ഡി.എഫ് സ്വന്തമാക്കിയിരിക്കുകയാണ്. 2001 ൽ എ. സുജനപാലിന് ശേഷം ആദ്യമായിട്ടാണ് കോൺഗ്രസിന് ഒരു എം.എൽ.എ ഇവിടെ ഉണ്ടായിരിക്കുന്നത്. അഭിപ്രായസർവ്വേകളിൽ അടക്കം ഇടതുമുന്നണിക്ക് മേൽക്കൈ കൽപ്പിച്ച നോർത്ത് മണ്ഡലത്തിൽ ജനങ്ങൾ ജയന്തിനൊപ്പം നിൽക്കുകയായിരുന്നു. 1483 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയന്ത് സിറ്റിംഗ് എം.എൽ.എ തോട്ടത്തിൽ രവീന്ദ്രനെ പരാജയപ്പെടുത്തിയത്.
കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാറിലൂടെ കൊയിലാണ്ടി മണ്ഡലം യു.ഡി.എഫ് പിടിച്ചെടുത്തു. 12070 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സി.പി.എമ്മിലെ കെ. ദാസനെ പ്രവീൺകുമാർ പരാജയപ്പെടുത്തിയത്. കഴിഞ്ഞതവണ സി.പി.എമ്മിലെ കാനത്തിൽ ജമീല 8472 വോട്ടുകൾക്ക് വിജയിച്ച മണ്ഡലമാണ് കൊയിലാണ്ടി.

കുറ്റ്യാടിയിൽ മുസ്ലീംലീഗിലെ പാറക്കൽ അബ്ദുള്ള 10922 വോട്ടിനാണ് വിജയിച്ചത്. സിറ്റിംഗ് എം.എൽ.എ കെ.പി. കുഞ്ഞഹമ്മദ്കുട്ടി മാസ്റ്റർ സൗത്ത് മണ്ഡലത്തിൽ മുൻമന്ത്രിയും സിറ്റിംഗ് എം.എൽ.എയുമായ ഐ.എൻ.എൽ നേതാവ് അഹമ്മദ് ദേവർകോവിലിനെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. ഫൈസൽ ബാബു 10795 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അടിയറവ് പറയിച്ചത്. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ ദേശീയ അസി. സെക്രട്ടറിയാണ് ഫൈസൽ ബാബു.

മുസ്ലീം ലീഗിന്റെ കരുത്തുറ്റകോട്ടയായ കൊടുവള്ളിയും ഇക്കുറി യു.ഡി.എഫിനൊപ്പം സുരക്ഷിതമായി നിലകൊണ്ടു. 36682 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഇടത് സ്വതന്ത്രൻ സലീം മടവൂരിനെ പരാജയപ്പെടുത്തിയത്. കുന്ദമംഗലത്ത് സിറ്റിംഗ് എം.എൽ.എ പി.ടി.എ. റഹീമിന് തോൽവി ഏറ്റുവാങ്ങേണ്ടി  വന്നു. യു.ഡി.എഫ് ജില്ലാ കൺവീനറും, മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റുമായ എം.എ. റസാഖ് മാസ്റ്റർ ആണ് സി.പി.എം സ്വതന്ത്രൻ പി.ടി.എ റഹീമിനെ പരാജയപ്പെടുത്തിയത്. ഭൂരിപക്ഷം 13313.

ജ്വലിച്ചുയർന്ന ടി.പി. സ്മരണ

വടകര തിരിച്ചുപിടിക്കാനുള്ള സി.പി.എം നീക്കത്തിന് ഇത്തവണയും വലിയ തിരിച്ചടി. സിറ്റിംഗ് എം.എൽ.എ കെ.കെ. രമ തന്നെ ഇത്തവണയും യു.ഡി.എഫിനുവേണ്ടി ഇവിടെ വിജയക്കൊടി നാട്ടി. ആർ.എം.പി സ്ഥാപകനേതാവായിരുന്ന ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ രമയെ പരാജയപ്പെടുത്താൻ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും എടുത്തുപയോഗിച്ചുവെങ്കിലും ഇടതുമുന്നണിക്ക് നിരാശപ്പെടേണ്ടതായി വന്നു. ആർ.ജെ.ഡിയിലെ എം.കെ. ഭാസ്‌ക്കരനെയാണ് കെ.കെ. രമ പരാജയപ്പെടുത്തിയത്. കഴിഞ്ഞതവണ 7491 വോട്ടിന്റെ ഭൂരിപക്ഷം ഇക്കുറി 14862ആയി ഉയർത്തിക്കൊണ്ടാണ് രമ വടകരയിൽ കരുത്തറിയിച്ചത്.

ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് 14 വർഷങ്ങൾ കഴിയുന്ന മേയ് നാലിന് തന്നെയാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമുണ്ടായത്. സി.പി.എം കേന്ദ്രങ്ങൾ 'കുലംകുത്തികൾ' എന്ന് വിളിച്ചാക്ഷേപിച്ച വടകരയുടെ മണ്ണിൽ കെ.കെ. രമ ചരിത്രവിജയം നേടുമ്പോൾ അത് ആർ.എം.പിയെ സംബന്ധിച്ചിടത്തോളം മധുരപ്രതികാരം കൂടിയായി മാറുകയാണ്.

കോഴിക്കോട് ജില്ലയിലെ 12 മണ്ഡലങ്ങളിലും ഇടതുമുന്നണി കത്തിയമർന്നപ്പോൾ അണയാത്ത കനലായി അവശേഷിച്ചത് ബേപ്പൂർ മണ്ഡലം മാത്രമാണ്. സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസും, പി.വി. അൻവറും തമ്മിലുള്ള പോരാട്ടത്തിന് രാഷ്ട്രീയ പ്രാധാന്യവുമേറെയായിരുന്നു. സംസ്ഥാനമൊട്ടാകെ അത്യാവേശപൂർവ്വം ഉറ്റുനോക്കിയ ആ പോരാട്ടത്തിൽ അന്തിമവിജയം മുഹമ്മദ് റിയാസിന് തന്നെയായിരുന്നു. 7487 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുഹമ്മദ് റിയാസ് അൻവറിനെ മലർത്തിയടിച്ചതും എൽ.ഡി.എഫിന് ആശ്വാസവിജയം നൽകിയതും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img