10:00am 16 May 2026
NEWS
യു.ഡി.എഫ് മന്ത്രിസഭ തിങ്കളാഴ്ച അധികാരത്തിലേക്ക്; വകുപ്പ് വിഭജന ചർച്ചകൾ ഇന്ന്, ആഭ്യന്തരം ലക്ഷ്യമിട്ട് ചെന്നിത്തല
16/05/2026  08:38 AM IST
സുരേഷ് വണ്ടന്നൂർ
യു.ഡി.എഫ് മന്ത്രിസഭ തിങ്കളാഴ്ച അധികാരത്തിലേക്ക്; വകുപ്പ് വിഭജന ചർച്ചകൾ ഇന്ന്, ആഭ്യന്തരം ലക്ഷ്യമിട്ട് ചെന്നിത്തല

​തിരുവനന്തപുരം: വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ഇന്ന് നിർണായക ഘട്ടത്തിലേക്ക്. ഘടകകക്ഷികളുമായി ഇന്ന് പ്രത്യേകം ചർച്ചകൾ നടത്തി മന്ത്രിമാരുടെ കാര്യത്തിലും വകുപ്പുകളിലും അന്തിമ തീരുമാനമുണ്ടാകും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചർച്ചകൾക്കായി തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചാണ് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ.
​മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിസ്ഥാനങ്ങളും സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികളുമാണ് കോൺഗ്രസിനുള്ളത്. മേയ് 29-ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സഭ സമ്മേളിക്കും. ജൂൺ അഞ്ചിനാണ് വി.ഡി.സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം.
ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം: ആഭ്യന്തരത്തിൽ തർക്കം?
​മുതിർന്ന നേതാവ് രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുമെന്നാണ് സൂചനയെങ്കിലും അദ്ദേഹം ചില നിബന്ധനകൾ മുന്നോട്ടുവെച്ചിട്ടുണ്ട്. ആഭ്യന്തര വകുപ്പിലാണ് ചെന്നിത്തലയുടെ കണ്ണ്. എന്നാൽ അദ്ദേഹത്തിന് ധനകാര്യ വകുപ്പ് നൽകാനാണ് മുഖ്യമന്ത്രി വി.ഡി.സതീശന് താല്പര്യം. ആഭ്യന്തരം ലഭിച്ചില്ലെങ്കിൽ ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ എന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല. എ.ഐ.സി.സി ഭാരവാഹി ദീപാദാസ് മുൻഷി ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കൊച്ചിയിൽ നിന്ന് വി.ഡി.സതീശൻ മടങ്ങിയെത്തുന്നതോടെ ഈ വിഷയത്തിൽ അന്തിമ തീരുമാനമാകും.
​ഘടകകക്ഷികളുടെ ആവശ്യങ്ങൾ ഇങ്ങനെ:
​കോൺഗ്രസ് ഇന്ന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. പ്രധാന കക്ഷികളുടെ അവകാശവാദങ്ങൾ :
​മുസ്ലിം ലീഗ്: അഞ്ച് മന്ത്രിസ്ഥാനങ്ങളാണ് ലീഗിന്റെ ആവശ്യം. അല്ലെങ്കിൽ നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കർ പദവിയും നൽകി ലീഗിനെ അനുനയിപ്പിച്ചേക്കും.
​കേരള കോൺഗ്രസ് (ജോസഫ്): രണ്ട് മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും നൽകാനാണ് സാധ്യത.
​മറ്റ് കക്ഷികൾ: ആർ.എസ്.പി, സി.എം.പി, കേരള കോൺഗ്രസ് (ജേക്കബ്), കെ.ഡി.പി എന്നീ കക്ഷികൾക്ക് ഓരോ മന്ത്രിസ്ഥാനം വീതം ലഭിക്കും.
​മന്ത്രിമാരാകാൻ സാധ്യതയുള്ളവർ (സാധ്യതാ പട്ടിക)കോൺഗ്രസ് (പുതുമുഖങ്ങൾക്ക് മുൻഗണന) മുസ്ലിം ലീഗ്
രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.മുരളീധരൻ, എൻ.ശക്തൻ, എം.വിൻസെന്റ്, പി.സി.വിഷ്ണുനാഥ്, ബിന്ദുകൃഷ്ണ, എം.ലിജു, ഷാനിമോൾ ഉസ്മാൻ, ചാണ്ടി ഉമ്മൻ, ടി.ജെ.വിനോദ്, മാത്യു കുഴൽനാടൻ, എ.പി.അനിൽകുമാർ, സേനാപതി വേണു, സുമേഷ് അച്യുതൻ, ടി.സിദ്ദിഖ്, ഐ.സി ബാലകൃഷ്ണൻ, കെ.പ്രവീൺകുമാർ, കെ.ജയന്ത്. പി.കെ.കുഞ്ഞാലിക്കുട്ടി, എൻ.ഷംസുദ്ദീൻ, പി.കെ.ബഷീർ (ഇവർ ഉറപ്പായവർ). 

കെ.എം.ഷാജി, റസാഖ് മാസ്റ്റർ, എ.കെ.എം.അഷറഫ്, ആബീദ് ഹുസൈൻ തങ്ങൾ (പരിഗണനയിൽ).​"പുതിയ കാറും അമിത അകമ്പടിയും വേണ്ട" - മാതൃകയായി വി.ഡി.സതീശൻ
​ഭരണത്തിൽ പുതിയ മാതൃകകൾ സൃഷ്ടിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ വ്യക്തമാക്കി. തനിക്ക് പുതിയ ഔദ്യോഗിക കാർ ആവശ്യമില്ലെന്ന് അദ്ദേഹം അറിയിച്ചു. ആർഭാടയാത്രകൾ ജനങ്ങൾക്കിടയിൽ പരിഹാസ്യമാകുമെന്നും, തന്റെ യാത്രകൾ കാരണം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നും അദ്ദേഹം ഡി.ജി.പിക്ക് നിർദ്ദേശം നൽകി. പൊലീസിന്റെ പൈലറ്റ് വാഹനം മാത്രം മതിയെന്നാണ് അദ്ദേഹത്തിന്റെ നിലപാടെങ്കിലും സുരക്ഷാ മുൻനിർത്തി എസ്കോർട്ട് വേണമെന്ന് ഡി.ജി.പി ആവശ്യപ്പെട്ടിട്ടുണ്ട്.
​വിദേശ-ദേശീയ നേതാക്കളുടെ സാന്നിധ്യം; വിജയ്‌യും എത്തും
​തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് ദേശീയ ശ്രദ്ധയാകർഷിക്കും. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാർ ചടങ്ങിൽ പങ്കെടുക്കും. തമിഴ്‌നാട്ടിൽ നിന്നുള്ള പ്രമുഖ രാഷ്ട്രീയ നേതാവും നടനുമായ വിജയ്‌യും ചടങ്ങിനെത്തും. ഇവർക്ക് ചീഫ് സെക്രട്ടറി ഔദ്യോഗിക ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ തുടങ്ങിയ പ്രമുഖരും ചടങ്ങിന് സാക്ഷ്യം വഹിക്കാൻ തിരുവനന്തപുരത്തെത്തും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img