01:58pm 20 May 2026
NEWS
യു .ഡി.എഫ്. പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി.യില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര ആദ്യ ഘട്ടത്തിൽ ലഭ്യമാക്കുക ഓർഡിനറി ബസുകളില്‍?
20/05/2026  12:33 PM IST
ചെറുകര സണ്ണിലൂക്കോസ്
യു .ഡി.എഫ്. പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി.യില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര ആദ്യ ഘട്ടത്തിൽ ലഭ്യമാക്കുക ഓർഡിനറി ബസുകളില്‍

 

കെ.എസ്.ആർ.ടി.സി.യില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര ആദ്യ ഘട്ടത്തിൽ ഓർഡിനറി ബസുകളില്‍ മാത്രമാകും ലഭ്യമാകുക എന്ന് സൂചന.

വരുമാനപരിധിയില്ലാതെ എല്ലാ സ്ത്രീകള്‍ക്കും സൗജന്യയാത്ര അനുവദിക്കും. ഗതാഗത വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന യോഗത്തിൽ ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത ഉണ്ടാവും.

കർണാടക, പഞ്ചാബ്, തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളില്‍ സ്വദേശികളായ സ്ത്രീകള്‍ക്ക് ഓർഡിനറി ബസുകളില്‍ സൗജന്യയാത്ര നടപ്പാക്കിയപ്പോള്‍ പ്രത്യേക കാർഡുകള്‍ ഏർപ്പെടുത്തിയിരുന്നു. എന്നാല്‍, കേരളത്തില്‍ ഇതില്ലാതെ സൗജന്യയാത്ര അനുവദിക്കും. തമിഴ്‌നാട്ടിലും ഇതേ മാതൃകയാണ്.

സംസ്ഥാനത്താകെ 4700-ഓളം കെ.എസ്.ആർ.ടി.സി. ബസുകളാണുള്ളത്. ഇതില്‍ മൂവായിരത്തോളം ഓർഡിനറിയാണ്. ഇവയില്‍ 300 സിറ്റി ഫാസ്റ്റുകളൊഴികെയുള്ള ബസുകളിലാകും സൗജന്യയാത്ര. 1400 സൂപ്പർ ക്ലാസുകളും 300 ഫാസ്റ്റുകളുമുണ്ട്. നിലവില്‍ ഒരു ഓർഡിനറി ബസില്‍ ദിവസം 700 മുതല്‍ 1000 വരെ പേരാണ് യാത്രചെയ്യുന്നത്.

പ്രവർത്തനച്ചെലവ് കൂടിയ ഡീസല്‍ ബസുകള്‍ ഉപയോഗിച്ച്‌ സൗജന്യയാത്ര അനുവദിക്കുന്നത് പ്രായോഗികമല്ല. ഇലക്‌ട്രിക് ബസുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ പദ്ധതികളുണ്ട്. രണ്ടാം പിണറായി സർക്കാർ ഇത് പ്രയോജനപ്പെടുത്തിയിരുന്നില്ല.

സൗജന്യയാത്ര നടപ്പാക്കിയാല്‍ മാസം 90 കോടിയോളം രൂപ അധികബാധ്യതയുണ്ടാകും. നിലവില്‍ ശമ്പളത്തിന് 50 കോടിയും പെൻഷന് 80 കോടിയും സർക്കാർ നല്‍കുന്നുണ്ട്. ഇന്ധനവില വർധനമൂലം മാസം മൂന്നുകോടിയുടെ അധികബാധ്യതയും ഉണ്ടാകും. സൗജന്യയാത്രകൂടിയാകുമ്പോള്‍ 220 കോടി നല്‍കേണ്ടിവരും. സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുമ്പോള്‍ കുടുംബാംഗങ്ങളായ പുരുഷന്മാരും യാത്രചെയ്യുമെന്നും ഇത് അധികവരുമാനമുണ്ടാക്കുമെന്നുമാണ് കെ.എസ്.ആർ.ടി.സി. കരുതുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img