03:39am 15 September 2026
NEWS
യുഡിഎഫും എൽഡിഎഫും ഒത്തുകളിക്കുന്നു: കെ.സുരേന്ദ്രൻ
11/09/2026  02:36 PM IST
Nasar
യുഡിഎഫും എൽഡിഎഫും ഒത്തുകളിക്കുന്നു: കെ.സുരേന്ദ്രൻ


കോഴിക്കോട്: പിണറായി വിജയനും കുടുംബാംഗങ്ങളും ആരോപണവിധേയരായ എക്സാലോജിക്ക് അഴിമതി കേസിൽ യുഡിഎഫും എൽഡിഎഫും ഒത്തുകളിക്കുകയാണെന്ന് ബിജെപി ദേശീയസെക്രട്ടറി കെ.സുരേന്ദ്രൻ. കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി ഒഫീഷ്യലായി സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച കത്ത് യുഡിഎഫ് സർക്കാർ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നുവെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
എൻഫോഴ്സ്മെൻ്റ് ഡയറക്ടേഴ്സ് കേസ് അന്വേഷണ വിവരങ്ങൾ പൊലീസിന് കൈമാറിയിട്ടും ഡിലേ ടാക്റ്റിസാണ് സർക്കാർ എടുക്കുന്നത്. ഹവാലയും അഴിമതിയും മാത്രമല്ല അധികാര ദുർവിനിയോഗം കൂടി ഇതിലുണ്ട്. പൊതുപ്രവർത്തക അഴിമതി നിരോധന നിയമത്തിൻ്റെ പരിധിയിൽ വരുന്നത് കൊണ്ടാണ് ഇഡി വിവരങ്ങൾ സംസ്ഥാന സർക്കാരിന് നൽകിയത്.  
വീണ.ടി യുടെ കമ്പനിയുടെ സേവനമല്ല മറിച്ച് ധാതുമണൽ കടത്താനുള്ള കൈക്കൂലി വാങ്ങലാണ് നടന്നത്. സിഎംആർഎൽ തന്നെ തങ്ങൾ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും പണം നൽകിയത് സമ്മതിച്ചിട്ടുണ്ട്. 
എന്നാൽ കേസ് എടുക്കാതെ ആഭ്യന്തരമന്ത്രി ഒളിച്ചുകളിക്കുകയാണ്. 
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വന്നപ്പോൾ 
എന്താണ് പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തതെന്നാണ് രാഹുൽ ഗാന്ധി ചോദിച്ചത്. പ്രതിപക്ഷ നേതാവും ഇത് തന്നെയാണ് അഞ്ചു വർഷമായി ചോദിച്ചത്. എന്നാൽ ഇപ്പോൾ ഇവരൊന്നും മിണ്ടുന്നില്ല. സംസ്ഥാന സർക്കാരിന് ഇച്ഛാശക്തിയില്ല. കേസ് അന്വേഷണം തുടർന്നാൽ യുഡിഎഫ് നേതാക്കൾ കുടുങ്ങുമെന്ന ഭയമാണ് സർക്കാരിനുള്ളത്. 
ഈ കാര്യത്തിൽ മുഖ്യമന്ത്രി ജനങ്ങളോട് നിലപാട് വ്യക്തമാക്കണം. സതീശൻ പറയുന്നത് ഒന്നും പ്രവർത്തിക്കുന്നത് മറ്റൊന്നുമാണ്. 
പിണറായി വിജയന് പിന്തുണയുമായി വൈകാതെ കുഞ്ഞാലിക്കുട്ടിയിറങ്ങും. നിരവധി കേസുകൾ ഇങ്ങനെ ഒത്തുതീർപ്പാക്കിയിട്ടുണ്ട്. രാഷ്ട്രീയ കേസുകൾ തേച്ചുമാച്ച് കളയുന്നതാണ് കേരളത്തിലെ രീതിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സിറ്റി ജില്ലാ പ്രസിഡൻ്റ് കെപി പ്രകാശ് ബാബു, വൈസ് പ്രസിഡൻ്റ് ഇ.പ്രശാന്ത് കുമാർ എന്നിവരും സംബന്ധിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img