06:23pm 17 June 2026
NEWS
ഓരോ എംപിക്കും 15 കോടി രൂപ വിലയിട്ടു; മഹാരാഷ്ട്രയിൽ ശിവസേന നേരിടുന്നത് ​ഗുരുതര പ്രതിസന്ധി
17/06/2026  12:23 PM IST
nila
ഓരോ എംപിക്കും 15 കോടി രൂപ വിലയിട്ടു; മഹാരാഷ്ട്രയിൽ ശിവസേന നേരിടുന്നത് ​ഗുരുതര പ്രതിസന്ധി

മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യു.ബി.ടി) എംപിമാരെ പണം വാഗ്ദാനം ചെയ്ത് പാർട്ടിവിടാൻ പ്രേരിപ്പിക്കുന്ന ശ്രമങ്ങൾ നടക്കുന്നുവെന്ന് രാജ്യസഭാ എം.പി. സഞ്ജയ് റാവുത്ത് ആരോപിച്ചു. ഓരോ എംപിക്കും 15 കോടി രൂപ വീതം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഇതിന് പിന്നിൽ ഷിന്ദേ പക്ഷവും ബിജെപിയും ആണെന്നും അദ്ദേഹം ആരോപിച്ചു. മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വീണ്ടും അപ്രതീക്ഷിത നീക്കങ്ങൾ അരങ്ങേറുന്നുവെന്ന സൂചനകൾക്കിടെയാണ് സഞ്ജയ് റാവുത്ത് ​ഗുരുതര ആരോപണങ്ങളുയർത്തി രം​ഗത്തെത്തിയത്. 

മഹാരാഷ്ട്രയിൽ രാഷ്ട്രീയ ധാർമ്മികതയെ ചോദ്യം ചെയ്യുന്ന സംഭവങ്ങളാണ് നടക്കുന്നതെന്ന് എക്‌സിലെ കുറിപ്പിലൂടെ റാവുത്ത് വിമർശിച്ചു. എംപിമാരെ സ്വാധീനിക്കാൻ ചാർട്ടേഡ് വിമാനങ്ങൾ വരെ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. നന്ദേഡ് വിമാനത്താവളത്തിൽ നിന്ന് രണ്ട് എംപിമാരെ കൊണ്ടുപോകാൻ സ്വകാര്യ വിമാനം അയച്ച സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി. "ഒരുകാലത്ത് സാധാരണ യാത്രയ്ക്കുപോലും ബുദ്ധിമുട്ടിയിരുന്ന ചിലർ ഇന്ന് ചാർട്ടേഡ് വിമാനങ്ങളിൽ സഞ്ചരിക്കുന്ന നിലയിലേക്കെത്തിയത് താക്കറെ എന്ന പേരിന്റെ കരുത്തുകൊണ്ടാണ്," എന്നായിരുന്നു റാവുത്തിന്റെ പരിഹാസം. പണംകൊണ്ടും അധികാരമോഹം കൊണ്ടും ബാലാസാഹേബ് താക്കറെയുടെ ആശയങ്ങളിൽ വിശ്വസിക്കുന്നവരെ വഴിതെറ്റിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഉദ്ധവ് പക്ഷത്തിലെ ആറ് എംപിമാർ മുഖ്യമന്ത്രി ഏകനാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള ശിവസേനയുമായി ബന്ധപ്പെടുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. സഞ്ജയ് ദിന പാട്ടീൽ, സഞ്ജയ് ദേശ്മുഖ്, നാഗേഷ് പാട്ടീൽ അഷ്ടിക്കർ, ഓംരാജെ നിംബാൽക്കർ, ഭാവുസാഹേബ് വക്ചൗരെ, സഞ്ജയ് ജാദവ് എന്നിവരുടെ പേരുകളാണ് ഉയർന്നുവരുന്നത്. രാജാഭൗ വാജെയും ഇവർക്കൊപ്പം ചേരാനിടയുണ്ടെന്ന അഭ്യൂഹങ്ങളുമുണ്ട്.

ഈ അഭ്യൂഹങ്ങൾക്ക് ശക്തിപകരുന്നതായിരുന്നു ഉദ്ധവ് താക്കറെ വിളിച്ച എംപിമാരുടെ യോഗത്തിലെ കുറഞ്ഞ പങ്കാളിത്തം. ഒൻപത് എംപിമാരിൽ നാലുപേർ മാത്രമാണ് നേരിട്ട് യോഗത്തിൽ പങ്കെടുത്തത്. ബാക്കിയുള്ളവർ ഓൺലൈനിലൂടെയായിരുന്നു സാന്നിധ്യം അറിയിച്ചത്. ആദിത്യ താക്കറെയുടെ ജന്മദിനാഘോഷങ്ങളിലും ഇതേ വിഭാഗം എംപിമാർ വിട്ടുനിന്നിരുന്നു.

വിമത നിലപാട് സ്വീകരിച്ച എംപിമാർ ഡൽഹിയിൽ ഷിന്ദേയുടെ മകനും എംപിയുമായ ശ്രീകാന്ത് ഷിന്ദേയുടെ വസതിയിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ലോക്സഭാ സ്പീക്കർ ഓം ബിർളയെ കണ്ട് പ്രത്യേക ഗ്രൂപ്പായി അംഗീകരിക്കണമെന്ന ആവശ്യം ഉന്നയിക്കാൻ ഇവർ നീക്കം നടത്തുന്നതായും സൂചനകളുണ്ട്. തുടർന്ന് ഷിന്ദേ വിഭാഗവുമായി ഔദ്യോഗിക ലയനത്തിലേക്ക് കടക്കാനാണ് സാധ്യതയെന്നും രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നു.

മഴക്കാല പാർലമെന്റ് സമ്മേളനത്തിന് മുമ്പ് ഉദ്ധവ് താക്കറെയുടെ പാർട്ടിയിൽ നിന്ന് കൂടുതൽ എംപിമാർ എൻഡിഎ പാളയത്തിലേക്ക് മാറാനിടയുണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. എന്നാൽ ഇതുസംബന്ധിച്ച വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്ന് ഷിന്ദേ പക്ഷത്തെ നേതാവും എം.എൽ.സി.യുമായ കൃപാൽ തുമാനെ പ്രതികരിച്ചു.

ഇതിനിടെ, പാർട്ടിയോട് ആത്മാർത്ഥത പുലർത്തുന്നവർ മാത്രം കൂടെയുണ്ടായാൽ മതിയെന്നും ആരെയും ബലമായി പിടിച്ചുനിർത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഉദ്ധവ് താക്കറെ എംപിമാരുടെ യോഗത്തിൽ വ്യക്തമാക്കിയതായി റിപ്പോർട്ടുണ്ട്. 2022-ൽ ഏകനാഥ് ഷിന്ദേ നടത്തിയ വിമതനീക്കത്തെക്കുറിച്ച് തനിക്ക് മുൻകൂട്ടി വിവരം ഉണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയതായും റിപ്പോർട്ടുകൾ പറയുന്നു.

ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിച്ച സഞ്ജയ് റാവുത്ത്, രാഷ്ട്രീയ പാർട്ടികളെ പിളർത്താനുള്ള ബിജെപിയുടെ സമീപനം രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് തന്നെ ഭീഷണിയാണെന്ന് ആരോപിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img