06:46pm 13 June 2026
NEWS
മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വീണ്ടും അപ്രതീക്ഷിത വഴിത്തിരിവ്
05/07/2025  04:20 PM IST
nila
മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വീണ്ടും അപ്രതീക്ഷിത വഴിത്തിരിവ്

അപ്രതീക്ഷിത ട്വിസ്റ്റുകളാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ എക്കാലവുമുണ്ടാകാറുള്ളത്. ബദ്ധവൈരികൾ പെട്ടെന്ന് ഒന്നിക്കുകയും ആത്മമിത്രങ്ങൾ കൊടുംശത്രുക്കളായി മാറുകയും ചെയ്യുന്നത് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ നാം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ, അത്തരത്തിൽ രണ്ട് ശത്രുക്കൾ അപ്രതീക്ഷിതമായി ഒന്നിച്ചിരിക്കുകയാണ്. ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയും നവനിർമാൺ സേനാ നേതാവ് രാജ് താക്കറെയുമാണ് ഇപ്പോൾ ഒരുമിച്ച് വേദി പങ്കിട്ടിരിക്കുന്നത്. സഹോദരന്മാരാണെങ്കിലും കഴി‍ഞ്ഞ ഇരുപത് വർഷമായി ഇരുവരും രണ്ട് ചേരികളിലായി നിലയുറപ്പിച്ചിരിക്കുകയായിരുന്നു. 

ശിവസേനാ സ്ഥാപകനായ ബാൽ താക്കറെയുടെ സഹോദരന്റെ പുത്രനാണ് രാജ് താക്കറെ. ബാൽ താക്കറെ, 2005ൽ മകൻ ഉദ്ധവ് താക്കറെയെ പാർട്ടിയിൽ തന്റെ പിൻ​ഗാമിയായി പ്രഖ്യാപിച്ചതോടെയാണ് രാജ് താക്കറെ പാർട്ടി വിട്ട് മഹാരാഷ്ട്ര നവനിർമ്മാൺ സേന രൂപീകരിച്ചത്. അതിനുശേഷം ബദ്ധവൈരികളെ പോലെയാണ് രാജും ഉദ്ധവും രാഷ്ട്രീയത്തിൽ നിലകൊണ്ടത്. ആരൊക്കെ വിചാരിച്ചിട്ടും ഇരുവരെയും ഒന്നിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. പ്രൈമറി ക്ലാസുകളിൽ ഹിന്ദി അടിച്ചേൽപിക്കാനുള്ള നീക്കം പരാജയപ്പെടുത്തിയതിന്റെ ആഘോഷച്ചടങ്ങിലാണ് ഏറെക്കാലത്തെ പിണക്കം മറന്ന് രാജും ഉദ്ധവും ഒരുമിച്ചെത്തിയത്. മറാഠി ഭാഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് ഇരുവരും പ്രഖ്യാപിച്ചു.

‘‘ബാൽതാക്കറെയ്ക്ക് കഴിയാത്തത്, മറ്റു പലർക്കും കഴിയാത്തത്, ദേവേന്ദ്ര ഫഡ്നാവിസിന് കഴിഞ്ഞു. ഞങ്ങളെ ഇരുവരെയും ഒന്നിപ്പിച്ചു. ബിജെപി മുന്നണിക്ക് വിധാൻ ഭവനിൽ അധികാരമുണ്ട്. ഞങ്ങൾക്ക് തെരുവുകളിലും’’– രാജ് താക്കറെ പറഞ്ഞു. ബിജെപി നേതാവ് എൽ.കെ.അഡ്വാനി മിഷനറി സ്കൂളിലാണ് പഠിച്ചതെന്നും അദ്ദേഹത്തെ ബിജെപി സംശയത്തോടെ കാണുമോയെന്നും രാജ് ചോദിച്ചു.

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ താക്കറെ സഹോദരങ്ങളുടെ ഈ സമാ​ഗമം വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിയൊരുക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img