
തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ പ്രതികളായ പോലീസുകാരെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകും. സി.ബി.ഐയുടെ അന്വേഷണത്തിലും പ്രോസിക്യൂഷനിലും ഗുരുതരമായ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി പ്രതികളായ കെ. ജിതകുമാർ ഉൾപ്പെടെയുള്ളവരെ വെറുതെവിട്ടത്. എന്നാൽ, ഇത് സാങ്കേതികപരമായ പിഴവുകൾ മാത്രമാണെന്നും, പ്രതികൾ വിചാരണക്കോടതിയിൽ കുറ്റം സമ്മതിച്ചതാണെന്നും സി.ബി.ഐ അപ്പീലിൽ ചൂണ്ടിക്കാട്ടും.
സി.ബി.ഐയുടെ തിരുവനന്തപുരം സ്പെഷ്യൽ ക്രൈം യൂണിറ്റാണ് അപ്പീലിനുള്ള ശുപാർശ സി.ബി.ഐ ആസ്ഥാനത്തേക്ക് അയയ്ക്കുക. തുടർന്ന് പ്രോസിക്യൂഷൻ ഡയറക്ടറുടെ പരിശോധനയ്ക്കു ശേഷം പേഴ്സണൽ മന്ത്രാലയത്തിനും സോളിസിറ്റർ ജനറലിനും കൈമാറും. കേന്ദ്രാനുമതി ലഭിച്ചാൽ 90 ദിവസത്തിനകം സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിക്കും. സി.ബി.ഐ അന്വേഷണത്തെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ച സാഹചര്യത്തിൽ അപ്പീൽ നടപടികൾ വേഗത്തിലാക്കാനാണ് സാധ്യത.
ഹൈക്കോടതി ചൂണ്ടിക്കാട്ടിയ പിഴവുകൾ
ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ട കേസിൽ സി.ബി.ഐ നടത്തിയത് പുനരന്വേഷണമാണ്. സ്വന്തം നിലയിൽ എഫ്.ഐ.ആർ റീ-രജിസ്റ്റർ ചെയ്യുകയും, അധികാരപരിധി മറികടന്ന് അന്വേഷണ റിപ്പോർട്ടുകൾ കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. കൂടാതെ, അഡീഷണൽ സെഷൻസ് കോടതി കേസ് പരിഗണിക്കുന്നതിനിടെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ മാപ്പുസാക്ഷികൾക്കുവേണ്ടി അപേക്ഷ നൽകിയതും പിഴവുകളായി ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സി.ബി.ഐയുടെ വാദങ്ങൾ
ഹൈക്കോടതി ചൂണ്ടിക്കാട്ടിയ പിഴവുകൾ സാങ്കേതികമായവ മാത്രമാണെന്നാണ് സി.ബി.ഐയുടെ നിലപാട്. അന്വേഷണത്തിൽ പിഴവുകൾ സംഭവിച്ചിട്ടില്ലെന്നും, സാക്ഷിമൊഴികളിലെ വൈരുദ്ധ്യങ്ങൾ അന്വേഷണത്തിന്റെ ഭാഗമാണെന്നും സി.ബി.ഐ വാദിക്കുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം അതേപടി പിന്തുടരുകയായിരുന്നില്ല, മറിച്ച് പുതിയ കണ്ടെത്തലുകൾ നടത്തിയിട്ടുണ്ടെന്നും അപ്പീലിൽ വ്യക്തമാക്കിയേക്കും.











