അറബ് രാജ്യങ്ങൾ ഒറ്റക്കെട്ടായി നിന്നു; ആയത്തൊല്ല ഖമനയിയെ അധികാരത്തിൽ നിന്നും പുറത്താക്കാനുള്ള ട്രംപിന്റെ പദ്ധതി പാളി

ദുബായ്: ഇറാനെതിരെ സൈനിക നീക്കമെന്ന ട്രംപിന്റെ ലക്ഷ്യത്തിന് തിരിച്ചടി. ഇറാനെ ആക്രമിക്കാൻ തങ്ങളുടെ ഭൂമിയും ആകാശവും സമുദ്രവും ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് അമേരിക്കയുടെ സഖ്യകക്ഷികളായ അറബ് രാജ്യങ്ങൾ നിലപാടെടുത്തതോടെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ പദ്ധതികളെല്ലാം പാടെ തകിടം മറിഞ്ഞത്. ഇതോടെ, ഇറാനിൽ ആയത്തൊല്ല ഖമനയിയെ അധികാരത്തിൽ നിന്നും പുറത്താക്കാനുള്ള ട്രംപിന്റെ പദ്ധതി ഉപേക്ഷിക്കേണ്ടി വരുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്കായി രാജ്യത്തിന്റെ വ്യോമപാതയോ ഭൂപ്രദേശമോ സമുദ്രാതിർത്തിയോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് യുഎഇയും പ്രഖ്യാപിച്ചതോടെയാണ് ട്രംപ് കൂടുതൽ സമ്മർദ്ദത്തിലായത്. നേരത്തെ സൗദി അറേബ്യ, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളും സമാന നിലപാട് സ്വീകരിച്ചിരുന്നു.
മേഖലയിൽ സമാധാനം നിലനിർത്തുന്നതിനും സംഘർഷം ഒഴിവാക്കുന്നതിനുമാണ് തീരുമാനമെന്നാണ് യുഎഇ വിദേശകാര്യമന്ത്രാലയം പ്രഖ്യാപിച്ചത്. തങ്ങളുടെ അതിർത്തിക്കുള്ളിലുള്ള അമേരിക്കൻ സൈനിക താവളങ്ങൾ ഇറാനെതിരെ ഉപയോഗിക്കരുതെന്ന് ജിസിസി രാജ്യങ്ങൾ യുഎസിനെ ഔദ്യോഗികമായി അറിയിച്ചു. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളെത്തുടർന്ന് യുഎസിന്റെ നേതൃത്വത്തിൽ സൈനിക നീക്കം ഉണ്ടാകാനിടയുള്ള സാഹചര്യത്തിലായിരുന്നു ജിസിസി രാജ്യങ്ങളുടെ പ്രഖ്യാപനം.











