
ഗൾഫിൽ നിന്നും നാട്ടിലേക്ക് വരുന്നവർ അനുഭവക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് സ്വർണം. സ്വർണാഭരണങ്ങളും ധരിച്ചെത്തുന്നവരോട് പോലും ബില്ലുകൾ ആവശ്യപ്പെടുന്ന സംഭവങ്ങൾ ധാരാളമുണ്ട്. പരമ്പരാഗതമായി ലഭിച്ച സ്വർണാഭരണങ്ങൾക്ക് പോലും കസ്റ്റംസ് ഉദ്യോഗസ്ഥർ ബില്ല് ആവശ്യപ്പെടുന്നതും സ്വർണം പിടിച്ചെടുക്കുന്നതുമായ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, ഇനിമുതൽ ഇന്ത്യൻ വിമാനത്താവളത്തിലേക്ക് പ്രവാസികൾക്ക് ധൈര്യമായി സ്വർണം ധരിച്ചെത്താം. ഇത്തരം പരമ്പരാഗത സ്വർണങ്ങൾ കസ്റ്റംസിന് പിടിച്ചെടുക്കാനാകില്ല.
ഡൽഹി ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച് ഇപ്പോൾ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. യാത്രക്കാർ ധരിക്കുന്ന വ്യക്തിഗതമോ പാരമ്പര്യമായി ലഭിച്ചതോ ആയ ആഭരണങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയോ പിടിച്ചുവയ്ക്കുകയോ ചെയ്യരുതെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. സ്വർണാഭരണങ്ങൾ ധരിച്ചെത്തി എന്ന പേരിൽ യാത്രക്കാരെ ഉപദ്രവിക്കരുതെന്നും ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചു.
ജസ്റ്റിസുമാരായ പ്രതിഭ എം സിംഗ്, രജനീഷ് കുമാർ ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. പ്രവാസി ഇന്ത്യക്കാർ ഇന്ത്യയിലേക്കെത്തുമ്പോൾ അവരുടെ ആഭരണങ്ങൾ, കുടുംബ പൈതൃക വസ്തുക്കൾ എന്നിവയെക്കുറിച്ച് കസ്റ്റംസ് അനാവശ്യ ഇടപെടലുകൾ നടത്തുന്നതിനെ ചോദ്യം ചെയ്ത് 30 ലധികം ഹർജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. ഈ ഹർജികൾ പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന വിധി.
പ്രത്യേക കാരണമില്ലെങ്കിൽ, യാത്രക്കാർ വ്യക്തിഗത ഉപയോഗത്തിനുള്ള ആഭരണങ്ങൾ കൊണ്ടുപോകുന്നത് കസ്റ്റംസ് ഉദ്യോഗസ്ഥർ തടയരുതെന്ന് വിധിയിൽ വ്യക്തമാക്കുന്നു. യാത്രക്കരെ ഇത്തരത്തിൽ പീഡിപ്പിക്കുന്നത് തടയുന്നതിനായി വിമാനത്താവള ജീവനക്കാർക്കായി സെൻസിറ്റിവിറ്റി വർക്ക് ഷോപ്പുകൾ നടത്തണമെന്നും കോടതി നിർദ്ദേശിച്ചു.











