12:47am 19 June 2026
NEWS
യുഎഇയിൽ നഴ്സുമാർക്ക് അവസരം; സ്വപ്നതുല്യമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും; ഇപ്പോൾ അപേക്ഷിക്കാം
18/06/2026  12:18 PM IST
nila
യുഎഇയിൽ നഴ്സുമാർക്ക് അവസരം; സ്വപ്നതുല്യമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും; ഇപ്പോൾ അപേക്ഷിക്കാം

ദുബായ്: കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ ഒഡ്പെക് (ODEPC) മുഖേന യുഎഇയിലെ ഹോംകെയർ മേഖലയിലേക്ക് വനിതാ അസിസ്റ്റന്റ് നഴ്സുമാരെ നിയമിക്കുന്നു. പൂർണമായും സൗജന്യമായ റിക്രൂട്ട്മെന്റിലൂടെ 50 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബിഎസ്‌സി നഴ്സിങ് അല്ലെങ്കിൽ ജിഎൻഎം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 3,500 ദിർഹം ശമ്പളവും ഓവർടൈം ആനുകൂല്യങ്ങളും ലഭിക്കും. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 30 ആണ്.

ആശുപത്രി, ക്ലിനിക്, ഹോംകെയർ മേഖലകളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ള 20 മുതൽ 40 വയസ്സ് വരെയുള്ള വനിതകൾക്കാണ് അവസരം. യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെയോ ദുബായ് ഹെൽത്ത് അതോറിറ്റിയുടെയോ ലൈസൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. ഡാറ്റാഫ്ലോ നടപടികൾ പൂർത്തിയാക്കിയവർക്കും നിലവിൽ അതിന്റെ നടപടിക്രമങ്ങൾ തുടരുന്നവർക്കും മുൻഗണന നൽകും.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പിന്നീട് ആവശ്യമായ ലൈസൻസ് നേടാം. കുറഞ്ഞത് അഞ്ച് അടി ഉയരവും അനുയോജ്യമായ ബോഡി മാസ് ഇൻഡക്സും ഉണ്ടായിരിക്കണം. ഇംഗ്ലീഷ് ഭാഷയിൽ ആശയവിനിമയം നടത്താനുള്ള കഴിവിനൊപ്പം ട്രാക്കിയോസ്റ്റമി കെയർ, കത്തീറ്റർ കെയർ, ബെഡ്സോർ പ്രതിരോധം, എൻജിടി/പിഇജി ഫീഡിങ് തുടങ്ങിയ മേഖലകളിലെ പ്രാവീണ്യവും നിർബന്ധമാണ്.

ഈ നിയമനത്തിനായി ഉദ്യോഗാർഥികളിൽ നിന്ന് യാതൊരു ഫീസും ഈടാക്കില്ലെന്ന് ഒഡ്പെക് വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കമ്പനി സൗജന്യ താമസസൗകര്യവും ജോലിസ്ഥലങ്ങളിലേക്കുള്ള യാത്രാസൗകര്യവും ഒരുക്കും. താമസസ്ഥലത്തെ വൈദ്യുതി, വെള്ളം, ഇന്റർനെറ്റ് തുടങ്ങിയ ചെലവുകൾ പങ്കുവയ്ക്കേണ്ടിവരും. രണ്ട് വർഷത്തെ തൊഴിൽ വിസയും സൗജന്യ മെഡിക്കൽ ഇൻഷുറൻസും ലഭ്യമാക്കും.

താത്പര്യമുള്ളവർ പുതുക്കിയ ബയോഡാറ്റ, പാസ്പോർട്ട് പകർപ്പ്, നഴ്സിങ് യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ സ്കാൻ ചെയ്ത് ഒഡ്പെക്കിന്റെ ഔദ്യോഗിക ഇമെയിലിലേക്ക് അയയ്ക്കണം. ഇമെയിൽ സബ്ജക്ടിൽ "Assistant Nurse to UAE" എന്ന് രേഖപ്പെടുത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷൻ സംബന്ധമായ അപ്ഡേറ്റുകൾക്കും ഒഡ്പെക്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img