
അമേരിക്കൻ സഖ്യകകക്ഷികൾക്കെതിരെ ഇറാൻ ആക്രമണം ശക്തമാക്കിയതോടെ ഗൾഫ് മേഖലയിലെങ്ങും ആശങ്ക. വിവിധ ഗൾഫ് രാജ്യങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി. അബുദാബിയിലും ബഹ്‌റൈനിലും വീണ്ടും സ്ഫോടനങ്ങൾ നടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിന് പുറമെ ദുബായിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും വിവരമുണ്ട്.
അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് മരണം
ഇറാന്റെ മിസൈൽ ആക്രമണത്തെ തുടർന്ന് അബുദാബിയിലെ ഒരു ജനവാസ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതായി റിപ്പോർട്ട്. സംഭവത്തിൽ ഏഷ്യൻ വംശജനായ ഒരാൾ കൊല്ലപ്പെടുകയും സമീപ കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു.
യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനം മിസൈലുകൾ വിജയകരമായി തടഞ്ഞുവെങ്കിലും, അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ പതിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക വിവരം.
യുഎഇയിൽ അതീവ ജാഗ്രത; വ്യോമാതിർത്തി ഭാഗികമായി അടച്ചു
ഇസ്രയേൽ–അമേരിക്ക സംയുക്തമായി ഇറാനെതിരെ നടത്തിയ ആക്രമണത്തിന് പിന്നാലെ യുഎഇയിൽ അതീവ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. സുരക്ഷാ മുൻകരുതലായി രാജ്യത്തിന്റെ വ്യോമാതിർത്തി ഭാഗികമായി അടച്ചതിനെ തുടർന്ന് അബുദാബി, ദുബായ് രാജ്യാന്തര വിമാനത്താവളങ്ങളിൽ നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്തു.
യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ടു യാത്രാവിവരങ്ങൾ ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശിച്ചു. റമസാൻ മാസമായതിനാൽ ജനങ്ങൾ ഭീതിയിലാകേണ്ടതില്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി വ്യക്തമാക്കി.
തിരിച്ചടിക്കാൻ പൂർണ അവകാശം: യുഎഇ
രാജ്യത്തെ ലക്ഷ്യമിട്ട് ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സാധാരണക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയായ ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിച്ച യുഎഇ, പ്രതികരിക്കാൻ രാജ്യത്തിന് പൂർണ അവകാശമുണ്ടെന്നും വ്യക്തമാക്കി. അതേസമയം വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വ്യോമപാത താൽക്കാലികമായി അടച്ചതായി യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
നഗ്നമായ കടന്നുകയറ്റമെന്ന് ബഹ്റൈൻ
രാജ്യത്തിന്റെ പരമാധികാരത്തിനെതിരായ ഗുരുതരമായ സുരക്ഷാ ലംഘനമാണ് നടന്നതെന്ന് ബഹ്‌റൈൻ ആരോപിച്ചു. വിവിധ കേന്ദ്രങ്ങളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണങ്ങളുണ്ടായതെന്നും, ഇത് പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയാണെന്നും ബഹ്‌റൈൻ വ്യക്തമാക്കി.
ഖത്തറും കുവൈത്തും ജാഗ്രതയിൽ
ഖത്തറിൽ ജനങ്ങൾ ഷെൽട്ടറുകളിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് മൊബൈൽ ഫോണുകളിൽ മുന്നറിയിപ്പ് സന്ദേശങ്ങളെത്തി. കുവൈത്തിൽ സൈറണുകൾ മുഴങ്ങുകയും ചില ഇടങ്ങളിൽ സ്ഫോടന റിപ്പോർട്ടുകളും പുറത്തുവന്നു. ദോഹയിൽ വീണ്ടും ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ലക്ഷ്യമിട്ട് വന്ന എല്ലാ മിസൈലുകളും വെടിവച്ചിട്ടതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചതിന് പിന്നാലെയാണ് ഈ റിപ്പോർട്ടുകൾ.
സ്ഥിതി അതീവ ഗുരുതരം
ഗൾഫ് മേഖലയിലുടനീളം ഉയരുന്ന ഈ ആക്രമണ-പ്രത്യാക്രമണങ്ങൾ പശ്ചിമേഷ്യയെ കൂടുതൽ അസ്ഥിരതയിലേക്ക് നയിക്കുമോ എന്ന ആശങ്കയാണ് നിലനിൽക്കുന്നത്. വിവിധ രാജ്യങ്ങൾ സുരക്ഷാ നടപടികൾ ശക്തമാക്കുന്നതിനിടെ, അന്താരാഷ്ട്ര സമൂഹം സംഭവവികാസങ്ങൾ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണ്.











