12:57pm 12 November 2026
NEWS
സെൻട്രൽ സ്‌കൂൾ മീറ്റ് വിജയികൾക്ക് അംഗീകാരം ഉറപ്പാക്കും യു. ഷറഫലി
29/12/2025  07:20 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സെൻട്രൽ സ്‌കൂൾ മീറ്റ് വിജയികൾക്ക് അംഗീകാരം ഉറപ്പാക്കും യു. ഷറഫലി

കൊച്ചി: കേന്ദ്ര സിലബസ് സ്‌കൂളുകളുടെ സംസ്ഥാന കായികമേളയിലെ വിജയികൾക്ക് അർഹമായ അംഗീകാരങ്ങളും ഉറപ്പാക്കുമെന്ന് സംസ്ഥാന സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി പറഞ്ഞു. വിജയികൾക്ക് ആനുകൂല്യങ്ങൾ നൽകാൻ ചെറിയ കടമ്പകൾ ബാക്കിയുണ്ട്. അവയെല്ലാം നീക്കി വൈകാതെ അംഗീകാരം നൽകുമെന്ന് ഉറപ്പുനൽകുന്നതായി അദ്ദേഹം പറഞ്ഞു.

എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ അഞ്ചാമത് കേരള സെൻട്രൽ സ്‌കൂൾ സ്‌പോർട്സ് മീറ്റ് ഉദ്ഘാടനച്ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ചുവർഷമായി നടക്കുന്ന സെൻട്രൽ സ്‌കൂൾ മീറ്റിൽ മൂന്നിലും പങ്കെടുക്കാൻ കഴിഞ്ഞു. തുടക്കത്തിലേക്കാൾ വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ മാത്രമല്ല, കായികയിനങ്ങളുടെ നിലവാരത്തിലും വലിയ നേട്ടം കൈവരിക്കാൻ കഴിഞ്ഞു. സെൻട്രൽ സിലബസായതിനാൽ കഴിവ് തെളിയിക്കാൻ അവസരം ലഭിക്കാതിരുന്ന കായികപ്രതിഭകളെ പ്രോത്സാഹിപ്പിക്കാൻ മീറ്റിന് കഴിയുന്നുണ്ട്. അവരെയും മുഖ്യധാരയിലെത്തിക്കാനും പരിമിതികളും പോരായ‌്‌മകളും പരിഹരിക്കാനും കഴിയുന്നുണ്ട്. അവരുടെ കഴിവുകൾ പ്രയോജനപ്പെടുത്താൻ സ്‌പോർട്സ് കൗൺസിൽ ശ്രദ്ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ടി.ജെ. വിനോദ് എം.എൽ.എ മീറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. പെരുമ്പാവൂർ പ്രഗതി അക്കാഡമിയിലെ രോഹിത് ശരണിന് ദീപശിഖ കൈമാറി പ്രയാണവും അദ്ദേഹം ഉദ്ഘാടനം ചെയ്‌തു. മീറ്റ് ജനറൽ കൺവീനറും നാഷണൽ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ ആമുഖപ്രഭാഷണം നടത്തി. കേരള സ്‌പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, ഭവൻസ് കൊച്ചി കേന്ദ്ര ഡയറക്‌ടർ ഇ. രാമൻകുട്ടി വാര്യർ എന്നിവർ ആശംസകൾ നേർന്നു. കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്‌കൂൾസ് കേരള ജനറൽ സെക്രട്ടറിയും മീറ്റ് കോ ഓർഡിനേറ്ററുമായ സുചിത്ര ഷൈജിന്ത് സ്വാഗതവും കൗൺസിൽ ഓഫ് സി.ബി.എസ്.ഇ കേരള നോർത്ത് സോൺ പ്രസിഡന്റ് ഫാ. ജോണി കാഞ്ഞിരത്തിങ്കൽ നന്ദിയും പറഞ്ഞു.

സ്‌പോർട്സ് ശരിയായ ജീവിതലക്ഷ്യം നൽകും: സിറ്റി കമ്മിഷണർ

കൊച്ചി: ജീവിതത്തിന് ശരിയായ ലക്ഷ്യവും മനോഭാവവും സൃഷ്‌ടിക്കാൻ കായികമേഖലയ്‌ക്ക് കഴിയുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ പുട്ട വിമലാദിത്യ പറഞ്ഞു.വിദ്യാർത്ഥികൾ കായികയിനങ്ങളെ ജീവിതത്തിന്റെ ഭാഗമാക്കണം. കായികമനോഭാവമുണ്ടെങ്കിൽ മനസിനെയും ശരീരത്തെയും സ്വഭാവികമായ മികവിൽ നിലനിറുത്താൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.സെൻട്രൽ സ്‌കൂൾ സ്‌പോർട്സ് മീറ്റിന്റെ പതാക ഉയർത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img