
വേദനയില്ലാത്തതും റേഡിയേഷൻ രഹിതവുമായ ഐ-ബ്രെസ്റ്റ് എക്സാം ഉപകരണത്തിലൂടെ കേരളത്തിലുടനീളം പരിശോധനാ ശൃംഖല വിപുലീകരിച്ചു
കൊച്ചി: കേരളത്തിൽ സ്തനാർബുദം സ്ത്രീകളുടെ ആരോഗ്യരംഗത്ത് വലിയ വെല്ലുവിളിയായി മാറുന്ന സാഹചര്യത്തിൽ, പ്രാഥമിക സ്ക്രീനിങ് കൂടുതൽ സ്ത്രീകളിലേക്ക് എത്തിക്കുന്നതിൽ നിർണായക മുന്നേറ്റവുമായി യു. ഇ. ലൈഫ് സയൻസസ്. വേദനയില്ലാത്തതും റേഡിയേഷൻ രഹിതവുമായ അൾട്രാ പോർട്ടബിൾ ടാക്റ്റൈൽ സെൻസർ ഉപകരണമായ ഐ-ബ്രെസ്റ്റ് എക്സാം ഉപയോഗിച്ച് 2023 മുതൽ 2026 വരെയുള്ള കാലയളവിൽ കേരളത്തിൽ 27,000-ത്തിലധികം പരിശോധനകൾ ഇതിനകം പൂർത്തിയായി.സ്ത്രീകളിൽ കണ്ടെത്തുന്ന കാൻസർ കേസുകളിൽ സ്തനാർബുദത്തിന്റെ പങ്ക് ഉയർന്നുവരുന്ന പശ്ചാത്തലത്തിലാണ് ഈ ഇടപെടൽ കൂടുതൽ പ്രസക്തമാകുന്നത്. ആരോഗ്യസൂചികകളിൽ മുന്നിലെന്നറിയപ്പെടുന്ന കേരളത്തിലും, സ്തനാർബുദം പലപ്പോഴും വൈകിയ ഘട്ടത്തിലാണ് തിരിച്ചറിയപ്പെടുന്നത്. ബോധവത്കരണത്തിന്റെ കുറവ്, തുറന്നുപറയാനുള്ള മടി, പരിശോധനയോടുള്ള ഭയം, മാമ്മോഗ്രാഫി സംബന്ധിച്ച ആശങ്കകൾ എന്നിവ പല സ്ത്രീകളെയും സമയബന്ധിത പരിശോധനയിൽ നിന്ന് പിന്തിരിപ്പിക്കുന്ന ഘടകങ്ങളാണ്.ഈ സാഹചര്യത്തിലാണ് ആശുപത്രികേന്ദ്രിത സംവിധാനങ്ങളിൽ മാത്രം ഒതുങ്ങാതെ, സ്ത്രീകളുടെ സമീപത്തേക്ക് പ്രാഥമിക പരിശോധന എത്തിക്കുന്ന മാതൃകയുമായി യു. ഇ. ലൈഫ് സയൻസസ് ശൃംഖല വിപുലീകരിച്ചത്. ഐ-ബ്രെസ്റ്റ് എക്സാം ഉപകരണത്തിന്റെ പോർട്ടബിൾ സ്വഭാവം പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകർക്ക് വേഗത്തിൽ പ്രാഥമിക സ്ക്രീനിങ് നടത്താൻ സഹായകമായി. സംശയാസ്പദമായ കണ്ടെത്തലുകൾ ഉണ്ടായാൽ തുടർ പരിശോധനയിലേക്കും വിദഗ്ധ പരിചരണത്തിലേക്കും രോഗികളെ നയിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കിയത്.
പൊതുമേഖല, സ്വകാര്യ ആശുപത്രികൾ, ഡയഗ്നോസ്റ്റിക് കേന്ദ്രങ്ങൾ, സന്നദ്ധ സംഘടനകൾ, സമൂഹാരോഗ്യ പ്രവർത്തകർ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് സ്ക്രീനിങ് ശൃംഖല വ്യാപിപ്പിച്ചത്. സ്വസ്ഥ് മഹിള സ്വസ്ഥ് ഭാരത് - യൂവീക്യാൻ പദ്ധതിയിലൂടെ 14,000-ത്തിലധികം സ്ക്രീനിങ്ങുകളും കൊച്ചിൻ ക്യാൻസർ സൊസൈറ്റിയുമായി ചേർന്ന് 5,000 സ്ക്രീനിങ്ങുകളും നടന്നു. ആത്മജീവൻ ചാരിറ്റബിൾ ട്രസ്റ്റ്, നെറ്റ്വർക്ക് ക്യാൻസർ എയ്ഡ് ആൻഡ് റിസർച്ച് ഫൗണ്ടേഷൻ തുടങ്ങിയ സംഘടനകളും പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി.അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, കിംസ് ക്യാൻസർ സെന്റർ, എസ്.കെ. ആശുപത്രി, മേരി ക്വീൻസ് മിഷൻ ആശുപത്രി, മാതാ ആശുപത്രി, മുത്തൂറ്റ് മെഡിക്കൽ സെന്റർ തുടങ്ങിയ സ്വകാര്യ ആശുപത്രികളിലും; ഡിലാബ്സ് ഡയഗ്നോസ്റ്റിക്സ്, ഹിന്ദ്ലാബ്സ് എന്നീ ഡയഗ്നോസ്റ്റിക് സ്ഥാപനങ്ങളിലും ഉപകരണം പ്രതിരോധാരോഗ്യ സേവനങ്ങളുടെ ഭാഗമായി ഉപയോഗിച്ചു. അതോടൊപ്പം മാനന്തവാടി സർക്കാർ മെഡിക്കൽ കോളജ്, വടകരയും തൃശൂരും ഉൾപ്പെടെയുള്ള ജില്ലാ ആശുപത്രികൾ, മൂവാറ്റുപുഴ ജനറൽ ആശുപത്രി, തിരുവനന്തപുരത്തെ ഇ.സി.എച്ച്.എസ് പോളിക്ലിനിക് തുടങ്ങിയ പൊതുആരോഗ്യ സംവിധാനങ്ങളിലേക്കും ഈ സ്ക്രീനിങ് മാതൃക എത്തി.നഗരങ്ങളിൽ മാത്രം ഒതുങ്ങാതെ, ഗ്രാമങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനായതാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത. വയനാട്ടിലെ ആദിവാസി മേഖലകളിലേക്ക് സുൽത്താൻ ബത്തേരി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി വഴിയും, ലക്ഷദ്വീപിലെ കവരത്തിയിലുള്ള ഇന്ദിരാ ഗാന്ധി ആശുപത്രി വഴിയും സ്ക്രീനിങ് സേവനം എത്തിച്ചു. ഇതിലൂടെ ദൂരപ്രദേശങ്ങളിലെയും പരിശോധനാ സൗകര്യം കുറവുള്ള മേഖലകളിലെയും സ്ത്രീകൾക്കും പ്രാഥമിക സ്തനാരോഗ്യ പരിശോധന ലഭ്യമാക്കാനായി.കണ്ണൂർ ചെറുകുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മലബാർ ക്യാൻസർ സെന്ററുമായി ചേർന്ന് നടത്തിയ പ്രാരംഭ പൈലറ്റ് പദ്ധതിയാണ് കേരളത്തിലെ ഈ വിപുലീകരണത്തിന് പ്രവർത്തന മാതൃകയായത്. ആ ഘട്ടത്തിൽ 3,200-ത്തിലധികം സ്ത്രീകളിൽ സ്ക്രീനിങ് നടത്തുകയും ഇരുന്നൂറിലധികം പ്രാരംഭ ഘട്ടത്തിലുള്ള സംശയാസ്പദ കണ്ടെത്തലുകൾ രേഖപ്പെടുത്തുകയും ഉയർന്ന അപകടസാധ്യതയുള്ളവരെ തുടർ പരിശോധനയിലേക്ക് നയിക്കുകയും ചെയ്തിരുന്നു. പിന്നീട് ഈ മാതൃക ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധേയ അംഗീകാരവും നേടി.“സ്ത്രീകളുടെ സ്തനാരോഗ്യ പരിശോധന കൂടുതൽ എളുപ്പവും ഭയരഹിതവുമാക്കാൻ കേരളത്തിലെ ആരോഗ്യസ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ വലിയ സഹകരണമാണ് ലഭിച്ചത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആയിരക്കണക്കിന് സ്ത്രീകൾ സ്വമേധയാ സ്ക്രീനിങ്ങിന് മുന്നോട്ടുവന്നത്, സ്തനാർബുദം തുടക്കത്തിൽ തന്നെ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണം വർധിക്കുന്നതിന്റെ തെളിവാണ്. പരിശോധന വേദനയില്ലാത്തതും എളുപ്പത്തിൽ ലഭ്യമാകുന്നതുമായതിനാൽ കൂടുതൽ സ്ത്രീകൾ സ്വന്തം ആരോഗ്യത്തെക്കുറിച്ച് കരുതലോടെ തീരുമാനമെടുക്കുന്നു. ഓരോ സ്ത്രീക്കും തുടക്കത്തിൽ തന്നെ രോഗസാധ്യത തിരിച്ചറിയാനും സമയബന്ധിത പരിചരണം ലഭ്യമാക്കാനും ആരോഗ്യസ്ഥാപനങ്ങൾ, സർക്കാർ സംവിധാനങ്ങൾ, സാമൂഹിക സംഘടനകൾ എന്നിവയോടൊപ്പം തുടർന്നും പ്രവർത്തിക്കുകയാണ് ലക്ഷ്യം,” യു. ഇ. ലൈഫ് സയൻസസിന്റെ സി.ഇ.ഒ. യും ഡയറക്ടറുമായ ഗൗരി നവൽക്കർ പറഞ്ഞു.
സ്തനാർബുദം നേരത്തെ തിരിച്ചറിയുകയും തുടർപരിശോധന ഉറപ്പാക്കുകയും ചെയ്യുന്നത് ചികിത്സാഫലത്തിൽ നിർണായകമാണ്. ഈ സാഹചര്യത്തിൽ, കേരളത്തിലെ സ്ക്രീനിങ് ശൃംഖല സമൂഹതല ആരോഗ്യപരിരക്ഷയ്ക്ക് പുതിയ മാതൃകയാകുമെന്നാണ് വിലയിരുത്തൽ.
Photo Courtesy - Google











