11:13pm 07 September 2026
NEWS
മുസ്ലീം ലീ​ഗ് നേതാവിന്റെ വിവാദപ്രസം​ഗം; വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് യു പ്രതിഭ
25/03/2026  05:12 PM IST
nila
മുസ്ലീം ലീ​ഗ് നേതാവിന്റെ വിവാദപ്രസം​ഗം; വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് യു പ്രതിഭ

കായംകുളം: മുസ്ലിം ലീഗ് നേതാവിന്റെ വിവാദപരാമർശം കേട്ടപ്പോൾ താൻ ഏറെ ഞെട്ടിപ്പോയെന്നും അതിന്റെ വേദന ഇപ്പോഴും മനസ്സിൽ നിലനിൽക്കുന്നതായും എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭ. യുഡിഎഫ് കൺവെൻഷൻ വേദിയിൽ ആ പരാമർശം നടന്നിട്ടും ആരും അതിനെതിരെ പ്രതികരിക്കാത്തത് കൂടുതൽ നിരാശപ്പെടുത്തുന്നതാണെന്നും അവർ പറഞ്ഞു. പ്രസം​ഗം വിവാദമായ ശേഷമാണ് ഖേദപ്രകടനം ഉണ്ടായതെന്നും, അത്തരത്തിലുള്ള ഖേദപ്രകടനം അംഗീകരിക്കാൻ കഴിയില്ലെന്നും യു. പ്രതിഭ വ്യക്തമാക്കി. സംഭവത്തിൽ പൊലീസ്, തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവിടങ്ങളിൽ പരാതി നൽകുമെന്നും അവർ അറിയിച്ചു.

ഇടതുപക്ഷത്തിന് ലഭിക്കുന്ന പൊതുസ്വീകാര്യതയാണ് ഇത്തരം ആക്രമണങ്ങൾക്ക് കാരണമെന്നാണ് പ്രതിഭയുടെ ആരോപണം. സ്ത്രീകളുടെ മാന്യതയെ ചോദ്യം ചെയ്ത് അവരെ തകർക്കാമെന്ന മനോഭാവം ചിലർക്കുണ്ടെന്നും അവർ വിമർശിച്ചു. വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ വികാരാധീനയായി കണ്ണീരോടെ ആയിരുന്നു യു പ്രതിഭയുടെ പ്രതികരണം.

'നല്ല സങ്കടമുണ്ട്. ഞാൻ ഞെട്ടിപ്പോയി ഇത് കേട്ടപ്പോൾ. ഇത് കേവലമായൊരു മാപ്പ് പറച്ചിലിൽ തീരില്ല. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ചെയർമാനാണ് പറഞ്ഞിരിക്കുന്നത്. ഈ കറ ഒരിക്കലും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ നിന്നും പോകില്ല. ഏത് ജോലി ഒരു സ്ത്രീ ചെയ്താലും അതിന് മഹത്വമുണ്ട്. സ്ത്രീകൾക്കൊപ്പം നിൽക്കുന്ന സർക്കാരാണിത്', യു പ്രതിഭ പറഞ്ഞു.

കായംകുളം മണ്ഡലം യുഡിഎഫ് കൺവീനറും മുസ്ലിം ലീഗ് നേതാവുമായ എ ഇർഷാദാണ് യു പ്രതിഭയ്ക്കെതിരെ സ്ത്രീ വിരുദ്ധപരാമർശം നടത്തിയത്. 'ശരീര അഴക് വിൽപ്പന ചരക്കാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്നു' എന്നായിരുന്നു എ ഇർഷാദിന്റെ വിവാദ പ്രസ്താവന. വാക് ചാരുതയും വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണെന്നും ഇർഷാദ് പറഞ്ഞു. യുഡിഎഫ് മണ്ഡലം കൺവെൻഷൻ പ്രസംഗത്തിൽ ആയിരുന്നു പരാമർശം.

'രാഷ്ട്രീയ അധികാരം ഉപയോഗിച്ചുകൊണ്ട് എന്തും നടത്തും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അവരുടെ മകൻ അകപ്പെട്ട കഞ്ചാവ് കേസിൽ അവർ എടുത്ത നിലപാട്. ആ നിലപാടിനെ ന്യായീകരിക്കുന്ന അമ്മയാണ് അവർ. ഒരു എംഎൽഎയ്ക്ക് അഞ്ച് കോടി രൂപയാണ് ഒരു വർഷമുളള വിഹിതം. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഫണ്ടിംഗ് വേറെ. കുറഞ്ഞത് ഒരുകോടി രൂപ അവർക്ക് ഒരു മണ്ഡലത്തിൽ വിനിയോഗിക്കാൻ പറ്റും. ആ പണം ഉപയോഗിച്ചുകൊണ്ട് കായംകുളത്തിന്റെ നിലനിൽപ്പിനായി ശ്രദ്ധേയമായ എന്താണ് കൊണ്ടുവന്നത് ? 20 വർഷം മുൻപ് ഡിവൈഎഫ്‌ഐക്കാരൻ തച്ചടിയിൽ പ്രഭാകരന്റെ വീട്ടിലേക്ക് കായംകുളം താലൂക്ക് ആക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ച് ചെയ്തിട്ടുണ്ട്. അത് കഴിഞ്ഞ് 20 വർഷക്കാലം സിപിഐഎം എംഎൽഎമാർ ഇവിടം ഭരിച്ചു. അതിൽ 15 വർഷം എൽഡിഎഫ് സർക്കാരായിരുന്നു. ഒരു ജനപ്രതിനിധി എന്ന നിലയിൽ അവർക്ക് ഒന്നുംതന്നെ ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്ന പരമമായ യാഥാർത്ഥ്യം നിൽക്കുമ്പോഴാണ് വീണ്ടും അവരുടെ വാക് ചാതുരിയും ശരീര അഴകും വിൽപ്പനയ്ക്ക് വെച്ചുകൊണ്ട് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാൻ പോവുകയാണ്', എന്നാണ് എ ഇർഷാദ് പറഞ്ഞത്.

അതേസമയം, പരാമർശത്തിൽ നിർവ്യാജം ഖേദിക്കുന്നുവെന്ന് എ ഇർഷാദ് റിപ്പോർട്ടറിനോട് പ്രതികരിച്ചു. സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണ്. പ്രസംഗം പൂർണമായി കേൾക്കണം. ഒരു ഭാഗം മാത്രം അടർത്തിമാറ്റി പ്രചരിപ്പിച്ചതായും ഇർഷാദ് വിശദീകരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.