11:10pm 29 July 2026
NEWS
ഷിംജിത മുസ്തഫയ്ക്ക് ജാമ്യം
11/02/2026  01:07 PM IST
nila
ഷിംജിത മുസ്തഫയ്ക്ക് ജാമ്യം

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു. ദീപക് (41) ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷിംജിത മുസ്തഫയ്ക്ക് ജാമ്യം ലഭിച്ചു. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ കുന്നമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഷിംജിത സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. ഷിംജിത സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചതിനെ തുടർന്നാണ് ദീപക് ആത്മഹത്യ ചെയ്തതെന്നാണ് കേസ്. ദീപകിന്റെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയാണ് ഷിംജിതയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഷിംജിതയെ കസ്റ്റഡിയിൽ ചോദ്യം ചെയ്തതിന് ശേഷമുള്ള വിവരങ്ങൾ ഉൾപ്പെടുത്തി പൊലീസ് ചൊവ്വാഴ്ച കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നടന്നതെന്നും പൊലീസ് അറിയിച്ചു.

അതേസമയം, കേസിലെ തൊണ്ടിമുതലുകളായ ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവയുടെ ഫൊറൻസിക് പരിശോധനാഫലം ലഭിക്കുന്നതുവരെ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ദീപക്കിനെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചോയെന്നത് ഉൾപ്പെടെ കൂടുതൽ കാര്യങ്ങൾ ഫൊറൻസിക് പരിശോധനയിലൂടെ വ്യക്തമാകുമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.

എന്നാൽ, 21 ദിവസമായി റിമാൻഡിൽ കഴിയുന്ന സാഹചര്യത്തിൽ ഫൊറൻസിക് ഫലം വരുന്നതുവരെ തടവിൽ തുടരേണ്ടതില്ലെന്നും അന്വേഷണം സഹകരിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രതിഭാഗം വാദിച്ചു. ഇതു പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട ആരോപണത്തിൽ ബസിൽ വെച്ച് തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായെന്ന നിലപാട് ഷിംജിത ആവർത്തിച്ചു. കേസിന്റെ തുടർ അന്വേഷണത്തിനായി ഷിംജിതയെ വീണ്ടും കസ്റ്റഡിയിൽ വേണമെന്നും ആരോപണവിധേയമായ ബസിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നും പൊലീസ് കോടതിയെ അറിയിച്ചു.

ജനുവരി 19ന് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഷിംജിത ഒളിവിൽ പോയിരുന്നു. പിന്നീട് 21ന് വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇവരെ കണ്ടെത്തുന്നതിനായി മെഡിക്കൽ കോളജ് പൊലീസ് ലുക്ക് ഔട്ട് സർക്കുലറും പുറത്തിറക്കിയിരുന്നു.

ആത്മഹത്യാപ്രേരണാ കുറ്റം തെളിഞ്ഞാൽ പത്തുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഷിംജിതയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img