
ദോഹ: ഫുട്ബോൾ ലോകത്തെ ഭാവി താരങ്ങളെ കണ്ടെത്താനുള്ള ഫിഫ അണ്ടർ-17 ലോകകപ്പിന്റെ (FIFA U-17 World Cup Qatar 2026) ഗ്രൂപ്പ് ഘടന പ്രഖ്യാപിച്ചു. സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ഔദ്യോഗിക നറുക്കെടുപ്പ് പൂർത്തിയായത്. നവംബർ 19 മുതൽ ഡിസംബർ 13 വരെ ദോഹയിലാണ് കൗമാര ലോകകപ്പിന്റെ ആവേശപ്പോരാട്ടങ്ങൾ അരങ്ങേറുക.
2029 വരെ തുടർച്ചയായി അഞ്ച് വർഷം ഖത്തർ ആതിഥേയത്വം വഹിക്കുന്ന പരമ്പരയിലെ രണ്ടാമത്തെ പതിപ്പാണിത്. 48 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ നാല് ടീമുകൾ വീതമുള്ള 12 ഗ്രൂപ്പുകളാണുള്ളത്.ആകെ പങ്കെടുന്ന 48 ടീമുകളിൽ 46 എണ്ണവും നിലവിൽ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ആഫ്രിക്കൻ പ്ലേ-ഓഫ് മത്സരങ്ങൾക്ക് ശേഷം അവശേഷിക്കുന്ന രണ്ട് ടീമുകളെക്കൂടി ഇന്ന് (മേയ് 23) പ്രഖ്യാപിക്കുന്നതോടെ അന്തിമ പട്ടിക തയ്യാറാകും.കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും മത്സരങ്ങളെല്ലാം അസ്പയർ സോണിലെ അത്യാധുനിക കളിയിടങ്ങളിലാണ് നടക്കുക. എല്ലാ സ്റ്റേഡിയങ്ങളും ഒരേ പരിസരത്തായതിനാൽ ആരാധകർക്കും പ്രമുഖ ക്ലബുകളുടെ ടാലന്റ് സ്കൗട്ടുകൾക്കും ഒരേ ദിവസം ഒന്നിലധികം മത്സരങ്ങൾ നേരിൽ കാണാൻ സാധിക്കും.
"2025-ൽ ചരിത്രത്തിലാദ്യമായി 48 ടീമുകളെ ഉൾപ്പെടുത്തി നടത്തിയ ലോകകപ്പ് കാണാൻ രണ്ട് ലക്ഷത്തോളം കാണികളാണ് എത്തിയത്. ആ അനുഭവം മുൻനിർത്തി ഇത്തവണ കളിക്കാർക്കും ആരാധകർക്കും കൂടുതൽ മികച്ച സൗകര്യങ്ങളും ആവേശകരമായ അന്തരീക്ഷവും ഞങ്ങൾ സമ്മാനിക്കും."
– ജാസിം അൽ ജാസിം (ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റി സി.ഇ.ഒ)
ഡിസംബർ 13-ന് നടക്കുന്ന ഗ്രാൻഡ് ഫൈനലിന് ചരിത്രപ്രസിദ്ധമായ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം വേദിയാകും. 1976-ൽ സ്ഥാപിതമായി, ഈ വർഷം അതിന്റെ സുവർണ്ണ ജൂബിലി (50 വർഷം) ആഘോഷിക്കുന്ന ഖലീഫ സ്റ്റേഡിയം 2022 ഫിഫ ലോകകപ്പിന്റെയടക്കം പ്രമുഖ മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ചതാണ്.










