
ചെങ്ങന്നൂർ: ബസ് യാത്രയ്ക്കിടെ വീട്ടമ്മയുടെ മാല കർന്ന രണ്ട് തമിഴ്‌നാട് സ്വദേശികളായ സ്ത്രീകളെ പോലീസ് പിടികൂടി. തൂത്തുക്കുടി കോവിൽപ്പെട്ടി വടക്കത്ത് 24 എയിൽ ലക്ഷ്മി(30), സിന്ധു (32) എന്നിവരാണ് അറസ്റ്റിലായത്. മുളക്കുഴ വലിയത്ത് വീട്ടിൽ ജിജി വർഗീസിന്റെ ഒന്നരപ്പവന്റെ മാല കവർന്ന സംഭവത്തിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതരയോടെയാണ് സംഭവം.
അടൂർ ഡിപ്പോയിൽ നിന്ന് തിരുവല്ലയ്ക്കുള്ള ആർഎൻഎ 832 നമ്പർ കെഎസ്ആർടിസി ബസിലാണ് സംഭവം. പന്തളം മെഡിക്കൽ മിഷൻ ആശുപത്രി ജങ്ഷനിൽ നിന്നാണ് വീട്ടിലേക്ക് വരാൻ ജിജി ബസിൽ കയറിയത്. മുളക്കുഴയിൽ ബസ് ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞ്. തുടർന്ന് ബഹളം വയ്ക്കുകയും കണ്ടക്ടറോട് മാല മോഷണംപോയതായി പറയുകയായിരുന്നു. കൂടെയാത്രചെയ്ത രണ്ടുപേരെ സംശയമുണ്ടെന്ന് ജിജി പറഞ്ഞതോടെ മറ്റുയാത്രക്കാരും കണ്ടക്ടറും ചേർന്ന് ഇരുവരെയും തടഞ്ഞുനിർത്തുകയും ഇവരുടെ ബാഗിൽ നിന്ന് മാലണ്ടെടുക്കുകയുമായിരുന്നു. തുടർന്ന് ചെങ്ങന്നൂർ പോലീസ് സ്‌റ്റേഷനിൽ വിവരമറിയിച്ചുകയായിരുന്നു. ബസ് ചെങ്ങന്നൂർ ഡിപ്പോയിൽ എത്തിയപ്പോഴേക്കും സിഐ വിപിൻ എ.സിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇവർക്കെതിരെ കേരളത്തിൽ മാലമോഷണം, കവർച്ച തുടങ്ങിയനയിൽ വിവിധ സ്റ്റേഷനുകളിലായി പതിനഞ്ചോളം കേസുകൾ നിലവിലുണ്ട്. രാവിലെയാണ് ഇവർ കോവിൽപ്പെട്ടിയിൽ നിന്ന് കായംകുളത്തെത്തിയത്. തുടർന്ന് അവിടെന്ന് ബസിൽ ആടൂരിൽ എത്തുകയായിരുന്നു. ഇത്തരത്തിൽ മോഷണം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ എ.സി വിപിൻ പറഞ്ഞു. എസ്.ഐ. വിഷ്്ണു കെ.ജി, ദിനേശ്ബാബു, സിപിഒ ശ്രീലക്ഷ്മി എന്നിവർ സംഘത്തിലുണ്ടായിരുന്നു.











