04:22am 29 September 2026
NEWS
കളിച്ചുകൊണ്ടിരിക്കെ കിണറ്റിൽ വീണു; കോട്ടയത്ത് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം
28/09/2026  07:46 PM IST
nila
കളിച്ചുകൊണ്ടിരിക്കെ കിണറ്റിൽ വീണു; കോട്ടയത്ത് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

കോട്ടയം: മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരൻ ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചു. തിടനാട് പഞ്ചായത്തിലെ പിണ്ണാക്കനാട് സിഎംഎസ് കോളനിയിൽ കൊള്ളിക്കൊളവിൽ അലൻ–സുനീഷ ദമ്പതികളുടെ മകൻ ഇവാൻ അലക്‌സാണ് മരിച്ചത്.

വൈകിട്ട് മൂന്നുമണിയോടെയാണ് ദാരുണമായ സംഭവം. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്.

വിവരം ലഭിച്ചതിനെ തുടർന്ന് ഈരാറ്റുപേട്ടയിൽനിന്ന് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി കുട്ടിയെ കിണറ്റിൽനിന്ന് പുറത്തെടുത്തു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കിണറിന് ഉയരമുള്ള ആൾമറയില്ലാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവർത്തനത്തിനിടെ കിണറ്റിൽ പാമ്പിനെ കണ്ടതായും ഫയർഫോഴ്‌സ് സംഘം അറിയിച്ചു. എന്നാൽ കുട്ടി വെള്ളത്തിൽ വീണാണ് മരിച്ചതെന്നാണ് നിലവിലെ നിഗമനം.

ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് വാർഡ് മെംബർ ജോസുകുട്ടി അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img