
കോട്ടയം: മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരൻ ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചു. തിടനാട് പഞ്ചായത്തിലെ പിണ്ണാക്കനാട് സിഎംഎസ് കോളനിയിൽ കൊള്ളിക്കൊളവിൽ അലൻ–സുനീഷ ദമ്പതികളുടെ മകൻ ഇവാൻ അലക്‌സാണ് മരിച്ചത്.
വൈകിട്ട് മൂന്നുമണിയോടെയാണ് ദാരുണമായ സംഭവം. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്.
വിവരം ലഭിച്ചതിനെ തുടർന്ന് ഈരാറ്റുപേട്ടയിൽനിന്ന് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി കുട്ടിയെ കിണറ്റിൽനിന്ന് പുറത്തെടുത്തു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കിണറിന് ഉയരമുള്ള ആൾമറയില്ലാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവർത്തനത്തിനിടെ കിണറ്റിൽ പാമ്പിനെ കണ്ടതായും ഫയർഫോഴ്‌സ് സംഘം അറിയിച്ചു. എന്നാൽ കുട്ടി വെള്ളത്തിൽ വീണാണ് മരിച്ചതെന്നാണ് നിലവിലെ നിഗമനം.
ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് വാർഡ് മെംബർ ജോസുകുട്ടി അറിയിച്ചു.







