
തൃശൂർ: വിശ്വസ്തരായി വീട്ടിൽ ജോലി ചെയ്തിരുന്ന രണ്ട് യുവതികൾ ആയുർവേദ ഡോക്ടർമാരായ ദമ്പതികളുടെ വീട്ടിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്വർണവും വജ്രാഭരണങ്ങളും മോഷ്ടിച്ചതായി കണ്ടെത്തി. സംഭവത്തിൽ കുറ്റിമുക്ക് സ്വദേശി ടി.എസ്. ഗീതു (35), മണ്ണുത്തി സ്വദേശി പ്രിയ (40) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
2023 മുതൽ പലതവണയായി വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. അഞ്ചുവർഷമായി വീട്ടിൽ ജോലിചെയ്തിരുന്ന യുവതികൾ ലോക്കർ തുറക്കുന്ന സമയത്ത് മൊബൈൽ ഫോണിൽ വീഡിയോ പകർത്തി നമ്പർ മനസിലാക്കിയാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
മോഷ്ടിച്ച സ്വർണാഭരണങ്ങൾ പലതവണയായി തൃശൂരിലെ വിവിധ സ്വർണപണയ സ്ഥാപനങ്ങളിൽ വിറ്റതായി അന്വേഷണത്തിൽ വ്യക്തമായി. കഴിഞ്ഞ 18 മാസത്തിനിടെ ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ 70 ലക്ഷത്തിലധികം രൂപയുടെ ഇടപാടുകൾ നടന്നതായും പൊലീസ് കണ്ടെത്തി. ഇവരിൽ ഒരാൾ 40 ലക്ഷം രൂപ വിലമതിക്കുന്ന വീട് വാങ്ങിയതായും വിവരമുണ്ട്.
വീട്ടിലെ മറ്റൊരു ജോലിക്കാരിക്ക് യുവതികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെയാണ് കവർച്ച പുറത്തറിയുന്നത്. ഇവർ വിവരം ഡോക്ടർമാരായ ദമ്പതികളെ അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയും അന്വേഷണവുമാണ് മോഷണത്തിന്റെ ചുരുളഴിച്ചത്.
സ്വർണനാണയങ്ങളും സ്വർണവാച്ചും ഉൾപ്പെടെ ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന വസ്തുക്കൾ യുവതികൾ മോഷ്ടിച്ചതായാണ് വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.









