
വിഴിഞ്ഞം: 70 പവനോളം സ്വർണാഭരണങ്ങൾ കൈപ്പറ്റിയ ശേഷം തിരികെ നൽകാത്തതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ട് യുവതികളിൽ രണ്ടാമത്തെയാളും മരിച്ചു. വെങ്ങാനൂർ ചാവടിനട സ്വദേശിനിയായ ഐശ്വര്യയാണ് മരിച്ചത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയും വെണ്ണിയൂർ നെല്ലിവിള ജയഭവനിൽ വിഷ്ണുവിന്റെ ഭാര്യയുമായ അഞ്ജു ശനിയാഴ്ച മരിച്ചിരുന്നു.
സംഭവത്തിൽ വെങ്ങാനൂർ പനങ്ങോട് ശ്യാമളാലയത്തിൽ താമസിക്കുന്ന സിന്ധുകുമാരി (53)യെ പൊലീസ് മച്ചേലിലെ ബന്ധുവീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സിന്ധുകുമാരിക്കെതിരെ ഇതുവരെ 10 പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വീട്ടിൽ നടത്തിയ പരിശോധനയിൽ വ്യാജ വിസിറ്റിങ് കാർഡുകളും ബിൽ ബുക്കുകളും ഉൾപ്പെടെ നിരവധി രേഖകൾ കണ്ടെത്തി. സാമ്പത്തിക ഇടപാടുകൾ, ബാങ്ക് അക്കൗണ്ടുകൾ, ഫോൺവിളികളുടെ വിവരങ്ങൾ എന്നിവ വിശദമായി പരിശോധിച്ചുവരികയാണെന്നും അന്വേഷണസംഘം വ്യക്തമാക്കി.
കോവളം പൊലീസ് സ്റ്റേഷനിൽ മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട രണ്ട് കേസുകളും മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ വഞ്ചനാക്കുറ്റവുമായി ബന്ധപ്പെട്ട മറ്റൊരു കേസും സിന്ധുകുമാരിക്കെതിരെ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
പൊലീസ് അന്വേഷണം ശക്തമാക്കിയ വിവരം അറിഞ്ഞതോടെ സിന്ധുകുമാരി ആദ്യം വെള്ളായണിയിലേക്കും പിന്നീട് മച്ചേലിലെ ബന്ധുവീട്ടിലേക്കും മാറിയെങ്കിലും ഒടുവിൽ അവിടെ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
മുൻപ് സ്വർണ പണമിടപാട് സ്ഥാപനം നടത്തിയിരുന്ന സിന്ധു യുവതികളെ പരിചയപ്പെട്ടു വിശ്വാസ്യത നേടിയെടുത്തു. ഇവർ ജോലി നോക്കുന്ന ധനകാര്യ സ്ഥാപനത്തിൽ പണയം വയ്ക്കുന്ന സ്വർണം, കുറഞ്ഞ പലിശയ്ക്ക് കെഎസ്എഫ്ഇയിൽ പണയംവയ്ക്കാമെന്നു വാഗ്ദാനം നൽകി വാങ്ങി വിൽക്കുകയായിരുന്നു പതിവ്. കമ്മിഷൻ യുവതികൾക്ക് നൽകിയിരുന്നു. ആദ്യ തവണ വാങ്ങിയ സ്വർണം തിരികെ നൽകി വിശ്വാസ്യത ഉറപ്പിച്ചു. പിന്നീട് തിരികെ നൽകിയില്ല. യുവതികൾ പണം കടമെടുത്ത് പണയ തൂക്കത്തിനുള്ള സ്വർണം വാങ്ങി ഇടപാടുകാർക്ക് നൽകി. കടബാധ്യത കൂടിയതോടെയാണ് ആത്മഹത്യചെയ്യാൻ തീരുമാനമെടുത്തത്.










