12:14am 03 June 2026
NEWS
പൊലീസുകാരന്റെ ബൈക്ക് കത്തിച്ച കേസിൽ രണ്ട് യുവതികൾ അറസ്റ്റിൽ; ഒരാൾ ആശുപത്രിയിൽ
26/05/2026  09:42 AM IST
nila
പൊലീസുകാരന്റെ ബൈക്ക് കത്തിച്ച കേസിൽ രണ്ട് യുവതികൾ അറസ്റ്റിൽ; ഒരാൾ ആശുപത്രിയിൽ

കൊല്ലം ജില്ലയിലെ അഞ്ചലിൽ സിവിൽ പൊലീസ് ഓഫീസറുടെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് കത്തിച്ച സംഭവത്തിൽ രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് സ്വദേശിനി ആരതിയും ഇടുക്കി സ്വദേശിനി ഗായത്രിയുമാണ് പിടിയിലായത്. പൊലീസ് കസ്റ്റഡിയിലിരിക്കെ ആരോഗ്യപ്രശ്നം അനുഭവപ്പെട്ട ആരതിയെ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ആരതിയും ബൈക്കിന്റെ ഉടമയായ പൊലീസുകാരൻ വി.എസ്. വിവേകും തമ്മിലുണ്ടായിരുന്ന വ്യക്തിപരമായ തർക്കങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ആറന്മുള പൊലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിക്കുന്ന വിവേകിന്റെ ബൈക്ക് ശനിയാഴ്ച അർധരാത്രിയോടെയാണ് വീടിന്റെ കാർപോർച്ചിൽ കത്തിനശിച്ചത്. തീയും പുകയും ശ്രദ്ധയിൽപ്പെട്ടതോടെ വിവേകും കുടുംബാംഗങ്ങളും പുറത്തേക്ക് എത്തിയെങ്കിലും സംശയാസ്പദരായ ആരെയും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു.

സംഭവസ്ഥലത്തിന് സമീപം ലഭിച്ച ഭീഷണിക്കത്തിൽ, പുനലൂർ കോളജിൽ മൂന്ന് വർഷം മുമ്പ് ഒരു വിദ്യാർഥി സംഘടനാ പ്രവർത്തകരെ മർദിച്ച സംഭവത്തിന് പ്രതികാരമായാണ് ബൈക്ക് കത്തിച്ചതെന്ന് പരാമർശിച്ചിരുന്നു. എന്നാൽ അന്വേഷണം തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമായാണ് ഈ കത്തിനെ പൊലീസ് വിലയിരുത്തുന്നത്. സംഭവത്തിൽ അറസ്റ്റിലായ യുവതികൾക്ക് പുറമെ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img