
തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതികൾ തിരുവനന്തപുരത്ത് അറസ്റ്റിൽ. കണിയാപുരം സ്വദേശിനി രഹന, മംഗലപുരം മുരുക്കുംപുഴ സ്വദേശിനി ജയസൂര്യ എന്നിവരാണ് അറസ്റ്റിലായത്. കഴക്കൂട്ടം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കഴക്കൂട്ടം പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് രഹ്നയും ജയസൂര്യയും 25 ലക്ഷം രൂപയോളം തട്ടിയെടുത്തെന്നാണ് പരാതി.
പൊല്യൂഷൻ കൺട്രോൾ ബോർഡിലോ തതുല്യമായ മറ്റു സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിലോ ജോലി വാങ്ങി നൽകാമെന്നായിരുന്നു യുവതികളുടെ വാഗ്ദാനം. 25 ലക്ഷം രൂപയോളമാണ് ഇരുവരും ചേർന്ന് പരാതിക്കാരിയിൽ നിന്നും വാങ്ങിയത്.
ജോലി കിട്ടാതായപ്പോൾ യുകെയിൽ ജോലിക്കായി വിസ നൽകാം എന്ന് പറഞ്ഞും ഇവർ യുവതിയെ കബളിപ്പിച്ചു പണം തട്ടി. പല ഘട്ടങ്ങളിലായാണ് 25 ലക്ഷം രൂപ തട്ടിയെടുത്തത്. അറസ്റ്റിലായ രഹന ബൈക്ക് റൈഡിങ്ങിലൂടെ ശ്രദ്ധേയയായ ആളാണ്. കന്യാകുമാരി മുതൽ കാശ്മീർ വരെ ബൈക്ക് റൈഡിങ് നടത്തിയിട്ടുണ്ട്.










