
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച് കൂടുതൽ ഭീകരർ. ജമ്മുകശ്മീരിലെ ബാരമുള്ള ജില്ലയിലെ നിയന്ത്രണരേഖയിലാണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്. നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഇന്നു രാവിലെയോടെയായിരുന്നു സംഭവം.
മൂന്ന് തീവ്രവാദികളാണ് വടക്കൻ കശ്മീരിലെ ബാരമുള്ളയിലെ ഉറി സെക്ടറിൽ നുഴഞ്ഞുകയറിയത്. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ ഇതിൽ രണ്ട് തീവ്രവാദികളെ വധിച്ചെന്ന് സൈന്യം അറിയിച്ചു. ഭീകരരിൽനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്.
പഹൽഗാമിൽ തീവ്രവാദികളുടെ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ദാരുണ സംഭവത്തിനു പിന്നാലെയാണ് സൈന്യത്തിൻറെ തിരിച്ചടി. നാവികസേനയിലെയും ഇന്റലിജൻസ് ബ്യൂറോയിലെയും ഉദ്യോഗസ്ഥരടക്കം പഹൽഗാമിൽ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.











